Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

മുന്നണി മാറില്ലെന്ന സിപിഐയുടെ ആവർത്തിച്ചുള്ള നിലപാടിനിടെയാണ് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക സിപിഐയെ വീണ്ടും യുഡിഎഫിലേക്ക് ക്ഷണിക്കുന്ന തരത്തിലുള്ള ലേഖനം പ്രസിദ്ധീകരിച്ചത്. “രാഷ്ട്രീയം മാറാതെ മുന്നണി മാറാം” എന്ന തലക്കെട്ടിൽ മുതിർന്ന ലീഗ് നേതാവ് കെ.എൻ. ഖാദർ എഴുതിയ ലേഖനത്തിലാണ് സിപിഐയുടെ മുന്നണിമാറ്റ സാധ്യതകൾ ചർച്ച ചെയ്യുന്നത്.
വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ശേഷിക്കുന്ന 30 ഫസ്റ്റ് പ്രിഫറൻസ് വോട്ടുകളും സിപിഐയുടെ എട്ട് വോട്ടുകളും തന്ത്രപരമായി ഉപയോഗിച്ചാൽ ഒരു അധിക അംഗത്തെ രാജ്യസഭയിലേക്ക് വിജയിപ്പിക്കാൻ കഴിയുമെന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ എൽഡിഎഫിന്റെ രാഷ്ട്രീയ ഐക്യം തകർക്കാനും നിയമസഭയിൽ യുഡിഎഫിന്റെ ഭൂരിപക്ഷം കൂടുതൽ ശക്തമാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, രാജ്യസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടി നൽകുന്ന നീക്കങ്ങൾക്ക് സിപിഐ തയ്യാറാകാൻ സാധ്യതയുണ്ടെന്നും ലേഖനം സൂചിപ്പിക്കുന്നു. യുഡിഎഫിന്റെ നിയമസഭാ അംഗബലം 110 ആയി ഉയരുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിൽ, അത് ഏകപക്ഷീയ രാഷ്ട്രീയ മേൽക്കൈയ്ക്ക് വഴിവെക്കുമെന്നും ലേഖനത്തിൽ പറയുന്നു.
സിപിഐ യുഡിഎഫുമായി സഹകരിച്ചാലും പാർട്ടിയുടെ അടിസ്ഥാന രാഷ്ട്രീയ നിലപാടുകൾക്ക് യാതൊരു ക്ഷതവും സംഭവിക്കില്ലെന്നാണ് ലേഖനത്തിന്റെ മറ്റൊരു പ്രധാന വാദം. ദേശീയ തലത്തിൽ സിപിഐയുടെ രാഷ്ട്രീയ സ്വാധീനം കൂടുതൽ ശക്തമാകുമെന്നും, സിപിഎമ്മിന്റെ കേരള ഘടകത്തിന്റെ വീഴ്ചകളുടെ ഭാരം വഹിക്കേണ്ട സാഹചര്യം ഒഴിവാകുമെന്നതും സിപിഐയ്ക്ക് നേട്ടമാകുമെന്ന് കെ.എൻ. ഖാദർ ലേഖനത്തിൽ അഭിപ്രായപ്പെടുന്നു.
സിപിഐയെ യുഡിഎഫ് മുന്നണിയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ സന്ദേശമായാണ് ചന്ദ്രികയിലെ ഈ ലേഖനത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

