Home rss national malayalam പുതിയ വാർത്ത സി എം ആർ എൽ; കേസെടുക്കാൻ തടസ്സങ്ങളേറെ

സി എം ആർ എൽ; കേസെടുക്കാൻ തടസ്സങ്ങളേറെ

2
0

Source :- SIRAJLIVE NEWS

കൊച്ചി | സി എം ആർ എൽ- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റ് (ഇ ഡി) കൈമാറിയ റിപോർട്ടിൽ വിജിലൻസ് അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നേരിടുന്നത് നിയമ- രാഷ്ട്രീയ പ്രതിസന്ധി. ഇ ഡി റിപോർട്ടിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താമെന്ന് അഡ്വക്കറ്റ് ജനറൽ നിയമോപദേശം നൽകിയിട്ടുണ്ടെങ്കിലും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് സമഗ്ര അന്വേഷണത്തിലേക്ക് കടക്കുന്നതിൽ സർക്കാറിനു മുന്നിൽ നിരവധി തടസ്സങ്ങളുണ്ട്. ഈ സാഹചര്യത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതിന് പകരം, അഴിമതി നിരോധന നിയമപ്രകാരം പ്രാഥമിക വസ്തുതകളുണ്ടോ എന്ന് കണ്ടെത്താൻ ത്വരിത പരിശോധനയോ പ്രാഥമിക അന്വേഷണമോ നടത്താനാണ് വിജിലൻസ് മുതിരുക എന്നാണ് സൂചന.
ഇ ഡി ഇറങ്ങും
വിജിലൻസ് കേസ് രജിസ്റ്റർ ചെയ്താൽ, അത് പ്രെഡിക്കേറ്റ് ഒഫൻസ് ആയി കണക്കാക്കി ഇ ഡിക്ക് പുതിയ ഇ സി ഐ ആർ രജിസ്റ്റർ ചെയ്യാൻ നിയമപരമായ വഴിതുറക്കും. സി എം ആർ എല്ലിന്റെ ഡയറിക്കുറിപ്പുകളിലും മറ്റ് രേഖകളിലും സി എം ആർ എൽ ഉദ്യോഗസ്ഥരുടെയും എം ഡിയുടെയും മൊഴികളിലും ഭരണ- പ്രതിപക്ഷ നേതാക്കൾ അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് പണം നൽകിയതായി പറയുന്നുണ്ട്. സി എം ആർ എല്ലിൽ നിന്ന് സാമ്പത്തിക ആനുകൂല്യം പറ്റിയിട്ടുള്ള മുഴുവൻ രാഷ്ട്രീയ നേതാക്കളിലേക്കും ഇ ഡി അന്വേഷണം വ്യാപിക്കും. ഇത് ഭരണ- പ്രതിപക്ഷ മുന്നണികളെ ബാധിച്ചേക്കാം.
പിണറായിയെ ചോദ്യം ചെയ്യാം
വിജിലൻസ് ത്വരിത പരിശോധനയോ പ്രാഥമിക അന്വേഷണമോ നടത്തുമ്പോൾ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ ടി, മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ്, സി എം ആർ എൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ ആരോപണവിധേയരെ ചോദ്യം ചെയ്യാനാകും. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരനിൽ നിന്നോ ആരോപണവിധേയരിൽ നിന്നോ വിവരങ്ങൾ തേടാൻ അന്വേഷണ ഉദ്യോഗസ്ഥന് നിയമ തടസ്സമില്ല. ആരോപണവിധേയരുടെ വിശദീകരണം കേൾക്കുക എന്ന രീതിയിലായിരിക്കും പ്രധാനമായും ചോദ്യം ചെയ്യൽ.
അന്വേഷണം നീട്ടാം
ലളിതാ കുമാരി കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയ 14 ദിവസത്തെ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കേണ്ട ഒന്നാണ് പ്രാഥമിക അന്വേഷണമെങ്കിലും രേഖകൾ ശേഖരിക്കുന്നതിലെ കാലതാമസവും നിയമോപദേശങ്ങളും ചൂണ്ടിക്കാട്ടി നടപടികൾ നീട്ടിക്കൊണ്ടുപോകാൻ സർക്കാറിന് സാധിക്കും. സാമ്പത്തിക ഇടപാടുകളിലെ രേഖകൾ, ബേങ്ക് അക്കൗണ്ട് വിവരങ്ങൾ, ഫോറൻസിക് തെളിവുകൾ എന്നിവ ശേഖരിക്കാനുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥന് വിജിലൻസ് ഡയറക്ടറോട് കൂടുതൽ സമയം ആവശ്യപ്പെടാനാകും. പ്രാഥമിക അന്വേഷണ റിപോർട്ട് ലഭിച്ചശേഷം അതിന്മേൽ നടപടി സ്വീകരിക്കാൻ വീണ്ടും നിയമോപദേശത്തിന് അയക്കുക എന്ന തന്ത്രവും പ്രയോഗിക്കാറുണ്ട്. അഴിമതി നിരോധന നിയമപ്രകാരം കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് വിജിലൻസിന് ബോധ്യപ്പെട്ടാൽ മാത്രമേ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് തുടരന്വേഷണത്തിലേക്ക് കടക്കുകയുള്ളൂ.
കോടതിയിൽ ചോദ്യം ചെയ്യപ്പെടും
വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപോർട്ട് തൃപ്തികരമല്ലെന്ന് തോന്നിയാൽ, കോടതിക്ക് സ്വന്തം നിലയിൽ വിജിലൻസിനോട് എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കാനോ അല്ലെങ്കിൽ സി ബി ഐ പോലെയുള്ള മറ്റ് കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം കൈമാറാനോ ഉത്തരവിടാൻ നിയമപരമായി അധികാരമുണ്ട്. എ ജിയുടെ നിർദേശവും ഹൈക്കോടതിയിലെ കേസ് പുരോഗതിയും വിലയിരുത്തിയാകും ആഭ്യന്തര വകുപ്പ് കേസിന്റെ അന്വേഷണ സ്വഭാവത്തിൽ തീരുമാനമെടുക്കുക.

Content Highlights: The Kerala government faces a legal dilemma over starting a Vigilance probe based on the ED report in the CMRL-Exalogic case. Instead of registering an immediate FIR, Vigilance is likely to conduct a preliminary inquiry. Registering a case could allow the ED to expand its investigation further.