Home rss national malayalam പുതിയ വാർത്ത സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾക്ക് മുന്നോടിയായ ഡാറ്റ ഡിജിറ്റലൈസേഷൻ നടപടികൾ...

സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾക്ക് മുന്നോടിയായ ഡാറ്റ ഡിജിറ്റലൈസേഷൻ നടപടികൾ തുടങ്ങി

2
0

Source :- SIRAJLIVE NEWS

ന്യൂഡൽഹി | അടുത്ത വർഷത്തെ സി ബി എസ് ഇ (CBSE Board Exams) പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾക്ക് മുന്നോടിയായുള്ള പ്രീ പരീക്ഷാ നടപടികൾ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ആരംഭിച്ചു. വിദ്യാർഥികളുടെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്ന നടപടികൾക്കാണ് തുടക്കമായത്. ഇതിന്റെ ഭാഗമായി ഫ്ലയിങ് സ്ലിപ്പുകൾ സ്കാൻ ചെയ്യുന്നതിനും അതിൽ നിന്നുള്ള ഡാറ്റ അന്തിമമാക്കുന്നതിനുമായി ഒരു ഏജൻസിയെ ചുമതലപ്പെടുത്താൻ ബിഡുകൾ ക്ഷണിച്ചിട്ടുണ്ട്.

ഉദ്യോഗാർഥികളുടെ പേര്, ഐഡന്റിഫിക്കേഷൻ നമ്പർ, റോൾ നമ്പർ തുടങ്ങിയ പ്രധാന വിവരങ്ങളാണ് ഫ്ലയിങ് സ്ലിപ്പുകളിൽ അടങ്ങിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഏജൻസി, ഇന്റലിജന്റ് ക്യാരക്ടർ റെക്കഗ്നിഷൻ (Intelligent Character Recognition – ICR), ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ (Optical Character Recognition – OCR), ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്നിഷൻ (Optical Mark Recognition – OMR) സ്കാനറുകൾ ഉപയോഗിച്ച് ഈ ഫ്ലയിങ് സ്ലിപ്പുകൾ സ്കാൻ ചെയ്യും. തുടർന്ന് ലഭിക്കുന്ന വിവരങ്ങൾ പരിശോധിക്കുകയും ഒത്തുനോക്കുകയും ചെയ്യും.

പരീക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പ്രീ എക്സാമിനേഷൻ, പരീക്ഷാ കാലയളവ്, പോസ്റ്റ് എക്സാമിനേഷൻ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് നടക്കുന്നത്. ഇതിൽ ആദ്യ ഘട്ടത്തിലാണ് ഫ്ലയിങ് സ്ലിപ്പ് സ്കാനിങ് ഉൾപ്പെടുന്നത്. സ്കൂളുകൾ ഓൺലൈനായി സമർപ്പിക്കുന്ന വിദ്യാർഥികളുടെ വിവരങ്ങൾ അന്തിമമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. മുൻപൊക്കെ സ്കൂളുകൾ ഇത് മാനുവലായി ചെയ്തിരുന്നെങ്കിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഓൺലൈൻ വഴിയാണ് പൂർത്തിയാക്കുന്നത്.

വിവരങ്ങൾ ഓൺലൈനായി നൽകിയ ശേഷം ഇതിന്റെ പകർപ്പ് എടുത്ത് രക്ഷിതാക്കളെയും കുട്ടികളെയും വിളിച്ച് വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്താൻ സ്കൂളുകളോട് ആവശ്യപ്പെടും. പരിശോധന പൂർത്തിയാക്കിയ ശേഷമാണ് വിവരങ്ങൾ വീണ്ടും ഓൺലൈനായി സമർപ്പിക്കുന്നത്. ലക്ഷക്കണക്കിന് വിദ്യാർഥികൾ പരീക്ഷ എഴുതുന്നതിനാൽ തെറ്റുകൾ ഒഴിവാക്കാനും സമയം ലാഭിക്കാനും പ്രീ പരീക്ഷാ നടപടികൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി.

പന്ത്രണ്ടാം ക്ലാസിൽ ഏകദേശം 18 ലക്ഷം വിദ്യാർഥികളും പത്താം ക്ലാസിൽ 25 മുതൽ 26 ലക്ഷം വരെ വിദ്യാർഥികളുമാണ് ഉള്ളത്. ഇത്രയും വലിയ ഡാറ്റ മാനുവലായി കൈകാര്യം ചെയ്യുന്നത് പ്രായോഗികമല്ല. അതിനാൽ കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി പ്രീ പരീക്ഷാ പ്രക്രിയകൾ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലാണ് നടപ്പിലാക്കുന്നത്.

അജ്മീർ, പ്രയാഗ്‌രാജ്, അഹമ്മദാബാദ്, ബെംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ചെന്നൈ, ലുധിയാന, ഡെറാഡൂൺ, ഡൽഹി ഈസ്റ്റ്, ഡൽഹി വെസ്റ്റ്, ഗുരുഗ്രാം, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്‌നൗ, നോയിഡ, പഞ്ച്കുള, പട്ന, പുണെ, റായ്പൂർ, റാഞ്ചി, തിരുവനന്തപുരം, വിജയവാഡ തുടങ്ങിയ റീജിയണൽ ഓഫീസുകളിലാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന ഏജൻസിക്ക് രണ്ട് വർഷത്തെ കരാറാണ് നൽകുക. അസാധുവായതോ ഡ്യൂപ്ലിക്കേറ്റായതോ ആയ വിവരങ്ങൾ തിരുത്തുക, സി ബി എസ് ഇ നൽകുന്ന അഡ്മിഷൻ മാസ്റ്ററുമായി ഡാറ്റ താരതമ്യം ചെയ്യുക തുടങ്ങിയ ചുമതലകളും ഈ ഏജൻസിക്കായിരിക്കും. പരീക്ഷാ കാലയളവിലും കമ്പോർട്ട്മെന്റ് പരീക്ഷകളുടെ സമയത്തുമായി വർഷത്തിൽ രണ്ട് മുതൽ മൂന്ന് തവണ വരെയാണ് സ്കാനിങ് ജോലികൾ നടക്കാറുള്ളത്.

2027-28 അധ്യയന വർഷത്തിൽ നടക്കുന്ന പരീക്ഷകളിൽ 24 റീജിയനുകളിലായി ഏകദേശം 29.89 ലക്ഷം വിദ്യാർഥികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഡൽഹി ഈസ്റ്റിൽ നിന്നാണ് (28.62 ലക്ഷം). നോയിഡ (19.75 ലക്ഷം), പ്രയാഗ്‌രാജ് (19.55 ലക്ഷം), ലുധിയാന (19.49 ലക്ഷം), ഡൽഹി വെസ്റ്റ് (18.80 ലക്ഷം) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.

Content Highlights
CBSE has initiated pre-examination activities for Class 10 and 12 board exams, focusing on data digitisation using ICR, OCR, and OMR technologies to manage millions of student details accurately.