Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെതിരെ അതിരൂക്ഷമായ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ അഭിഭാഷകനെ കോടതിമുറിയില്‍ നിന്ന് പുറത്താക്കി.ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലായിരുന്നു സംഭവം.ഹരജി നേരത്തെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അഭിഭാഷകന്റെ അധിക്ഷേപം
നവംബര്‍ രണ്ടിന് ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ സമര്‍പ്പിച്ച തന്റെ കക്ഷിയുടെ ഹരജിയില്‍ 15 ദിവസമായിട്ടും മറുപടി ലഭിച്ചില്ലെന്നും, അതിനാല്‍ താന്‍ നേരിട്ട് കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു എന്നുമാണ് അഭിഭാഷകന് വാദിച്ചത്.എന്നാല്‍ നിശ്ചിത നടപടിക്രമങ്ങള്‍ പാലിക്കാതെ വിഷയം ഉന്നയിക്കാനാവില്ലെന്ന് ജസ്റ്റിസ് വി മോഹന വ്യക്തമാക്കി. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് അല്പസമയം കാത്തിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും, ഇതിന് തയ്യാറാകാത്ത അഭിഭാഷകന് ചീഫ് ജസ്റ്റിസിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ചൊരിയുകയായിരുന്നു.
‘ഇല്ല, കാത്തിരിക്കാന്‍ ഞാന്‍ ഒരുക്കമല്ല, നിങ്ങള്‍ക്ക് ആ കസേരയില്‍ ഇരിക്കാന്‍ അര്‍ഹതയില്ല, അതിനുള്ള ആര്‍ജ്ജവം നിങ്ങള്‍ക്കില്ല’ – അഭിഭാഷകന് വിളിച്ചുപറഞ്ഞു.ഉടന്‍തന്നെ കോടതി നടപടികളുടെ ഓഡിയോ-വീഡിയോ സംപ്രേഷണം നിര്‍ത്തിവെച്ചു. പിന്നാലെ അഭിഭാഷകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കോടതിമുറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. മറ്റ് അഭിഭാഷകര്‍ ഈ നടപടിയെ ശക്തമായി അപലപിക്കുകയും കടുത്ത നടപടി സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുകയും ചെയ്തു.
Content Highlights: A lawyer was escorted out of the Supreme Court after hurling personal insults at Chief Justice Surya Kant during a hearing. The advocate became agitated over a delayed petition and claimed the CJI was unfit for the chair. Live streaming was immediately halted as other lawyers condemned the misconduct.




