Home rss national malayalam പുതിയ വാർത്ത സുരക്ഷിതമാണോ ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ഭാവി?

സുരക്ഷിതമാണോ ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ഭാവി?

3
0

Source :- SIRAJLIVE NEWS

ഡോ. മുഹമ്മദ് അതീഖ്

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്കുകളെക്കുറിച്ചും ഡെമോഗ്രാഫിക് ഡിവിഡന്റിനെക്കുറിച്ചും നമ്മള്‍ വാചാലരാകുമ്പോഴും, നമ്മുടെ വിജ്ഞാന അടിത്തറയുടെ നിലനില്‍പ്പ് എത്രത്തോളം സുരക്ഷിതമാണ് എന്ന ഗൗരവമേറിയ ചോദ്യം ആവര്‍ത്തിച്ചുയരുകയാണ്. ഏതൊരു രാജ്യത്തിന്റെയും നട്ടെല്ല് അതിന്റെ വിദ്യാഭ്യാസ വ്യവസ്ഥയാണ്. എന്നാല്‍, കഴിഞ്ഞ കുറച്ചുകാലങ്ങളായി കേന്ദ്ര- സംസ്ഥാന ബജറ്റുകളിലെ സാമ്പത്തിക കണക്കുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍, “ചുരുങ്ങുന്ന ഭരണകൂടം’ (Shrinking State) എന്ന ആശങ്കാജനകമായ സാമൂഹിക യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വിദ്യാഭ്യാസത്തെ കേവലമൊരു സേവനമായല്ല, മറിച്ച് സാര്‍വത്രികവും തുല്യവുമായ അവകാശമായി കാണേണ്ട ഒരു ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തില്‍, പൊതുചെലവഴിക്കലുകളില്‍ വരുന്ന ഇടിവ് വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.

ഈയിടെയാണ് യുനെസ്‌കോയുടെ ഏറ്റവും പുതിയ കാണക്കുകള്‍ പ്രകാരം വിദ്യാഭ്യാസത്തിനായി ഇന്ത്യ ചെലവഴിക്കുന്നത് ഐക്യരാഷ്ട്രസഭയുടെ “എജ്യുക്കേഷന്‍ 2030′ ചട്ടക്കൂട് പറയുന്ന 15 ശതമാനത്തേക്കാള്‍ കുറവാണെന്ന റിപോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഒരു രാജ്യം അതിന്റെ ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ (ജി ഡി പി) കുറഞ്ഞത് നാല് മുതല്‍ ആറ് ശതമാനം വരെയോ, അല്ലെങ്കില്‍ മൊത്തം പൊതുചെലവിന്റെ 15 മുതല്‍ 20 ശതമാനം വരെയോ വിദ്യാഭ്യാസത്തിനായി മാറ്റിവെക്കേണ്ടതുണ്ട് എന്നാണ് യുനെസ്‌കോ നിര്‍ദേശിക്കുന്നത്. എന്നാല്‍, യുനെസ്‌കോയുടെ ഏറ്റവും പുതിയ റിപോര്‍ട്ട് വിശകലനം ചെയ്യുമ്പോള്‍ ഇന്ത്യന്‍ വിദ്യാഭ്യാസ രംഗം അഭിമുഖീകരിക്കുന്ന ധനകാര്യ പ്രതിസന്ധി വ്യക്തമാണ്. നമ്മുടെ വിദ്യാഭ്യാസച്ചെലവ് ജി ഡി പിയുടെ 4.1 ശതമാനം എന്ന കുറഞ്ഞ പരിധിയില്‍ നില്‍ക്കുന്നുണ്ടെങ്കിലും, മൊത്തം സര്‍ക്കാര്‍ ചെലവിന്റെ വിഹിതത്തില്‍ അത് 14.2 ശതമാനത്തിലേക്ക് ഇടിഞ്ഞിരിക്കുന്നു. 2015ല്‍ ഇത് 15.7 ശതമാനമായിരുന്നു. 2019ല്‍ 14.82 ശതമാനമായും 2020ല്‍ 14.16 ശതമാനമായും കുറയുകയാണുണ്ടായത്. അതായത്, മൊത്തം കേന്ദ്ര ബജറ്റിന്റെ വലിപ്പം കേവല കണക്കുകളില്‍ വര്‍ധിക്കുമ്പോഴും, അതില്‍ വിദ്യാഭ്യാസത്തിന് നല്‍കുന്ന മുന്‍ഗണന വര്‍ഷംതോറും കുറഞ്ഞു വരികയാണ്.

സര്‍ക്കാറിന്റെ സാമ്പത്തിക അനാസ്ഥ സ്‌കൂള്‍തലത്തിലെ വിദ്യാഭ്യാസ പൂര്‍ത്തീകരണ നിരക്കുകളെ സാരമായി ബാധിക്കുന്നുണ്ടെന്ന് യുനെസ്‌കോ കണക്കുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ആറാം ക്ലാസ്സ് മുതല്‍ എട്ടാം ക്ലാസ്സ് വരെയുള്ള ലോവര്‍ സെക്കന്‍ഡറിതലത്തില്‍ 99 ശതമാനം പൂര്‍ത്തീകരണ നിരക്ക് 2025ഓടെ കൈവരിക്കാന്‍ ലക്ഷ്യമിട്ട ഇന്ത്യക്ക്, നിലവില്‍ 86 ശതമാനത്തില്‍ മാത്രമേ എത്താന്‍ കഴിഞ്ഞിട്ടുള്ളൂ. ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയുള്ള അപ്പര്‍ സെക്കന്‍ഡറിതലത്തിലേക്ക് എത്തുമ്പോള്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാണ്. 84 ശതമാനം ലക്ഷ്യമിട്ടിരുന്ന സ്ഥാനത്ത് വെറും 51 ശതമാനം കുട്ടികള്‍ മാത്രമാണ് പഠനം പൂര്‍ത്തിയാക്കുന്നത്. സമഗ്ര ശിക്ഷ പോലുള്ള പദ്ധതികള്‍ വഴി 15.6 കോടി കുട്ടികളിലേക്കും പി എം- പോഷണ്‍ വഴി 11.8 കോടി കുട്ടികളിലേക്കും പദ്ധതികള്‍ എത്തുന്നുണ്ടെങ്കിലും, ഗുണനിലവാരമുള്ള വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാന്‍ ഈ ധനസഹായം പര്യാപ്തമാകുന്നില്ല.

ഉന്നത വിദ്യാഭ്യാസ രംഗത്തും ഇതേ മുന്‍ഗണനാ വ്യതിയാനം വ്യക്തമാണ്. പ്രാഥമിക വിദ്യാഭ്യാസ വിഹിതത്തില്‍ വരുന്ന കുറവുകള്‍ സാങ്കേതിക- ദ്വിതീയ വിദ്യാഭ്യാസ മേഖലകളിലേക്ക് വഴിതിരിച്ചുവിടുമ്പോഴും, സര്‍വകലാശാല അക്കാദമിക് മേഖല നിര്‍ജീവമായ അവസ്ഥയിലാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളെ അടിസ്ഥാനമാക്കി പഠനം നടത്തുമ്പോള്‍ തികച്ചും വൈരുധ്യാത്മകമായ ഒരു ചിത്രമാണ് തെളിയുന്നത്. സംസ്ഥാന ജി ഡി പി ഉയര്‍ന്ന ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസത്തിനായി തങ്ങളുടെ തനത് വരുമാനത്തിന്റെ വളരെ ചെറിയൊരു ശതമാനം (1.74) മാത്രം ചെലവഴിക്കുമ്പോള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ നാഗാലാന്‍ഡ്, മിസോറാം തുടങ്ങിയവയും ബിഹാര്‍ പോലുള്ള പിന്നാക്ക സംസ്ഥാനങ്ങളും തങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗം വിദ്യാഭ്യാസത്തിനായി നീക്കിവെക്കുന്നു.

സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസ രംഗത്തെ പൂര്‍ണമായും സ്വകാര്യ പങ്കാളിത്തത്തിന് വിട്ടുനല്‍കി പിന്‍വാങ്ങുന്ന കാഴ്ചയാണ് കാണുന്നത്.
ഉന്നത വിദ്യാഭ്യാസ വിദഗ്ധരുടെ വീക്ഷണത്തില്‍, വിദ്യാഭ്യാസ മേഖലയിലെ ഈ ഭരണകൂട പിന്‍വാങ്ങല്‍ അതീവ ഗുരുതരമാണ്. വിദ്യാഭ്യാസത്തെ ഒരു കേവല “സ്വകാര്യ വസ്തുവായി’ കാണുന്ന വിപണി സാമ്പത്തിക യുക്തി, അത് സമൂഹത്തിന് നല്‍കുന്ന ഗുണഫലങ്ങളെ നിര്‍വീര്യമാക്കും. അനിയന്ത്രിതമായ സ്വകാര്യവത്കരണം, വിദ്യാഭ്യാസ ലഭ്യതയിലെ സാമൂഹിക- സാമ്പത്തിക അസമത്വങ്ങള്‍ വര്‍ധിപ്പിക്കുകയും സാധാരണക്കാരായ വിദ്യാര്‍ഥികളെ ഉന്നത പഠനത്തില്‍ നിന്ന് പുറന്തള്ളുകയും ചെയ്യും.

ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ മേഖലയും ഭരണകൂടത്തിന്റെ ധനനയങ്ങളും തമ്മിലുള്ള ഈ പൊരുത്തക്കേട് കേവലമൊരു അക്കാദമിക് ചര്‍ച്ച മാത്രമല്ല, മറിച്ച് നമ്മുടെ ദേശീയ വികസനത്തിന്റെ ഭാവി രൂപരേഖയെത്തന്നെ ബാധിക്കുന്ന വിഷയമാണ്. അന്താരാഷ്ട്രതലത്തില്‍ ഓക്‌സ്‌ഫോര്‍ഡ്, ഹാര്‍വാര്‍ഡ് തുടങ്ങിയ പ്രമുഖ സര്‍വകലാശാലകള്‍ മുതല്‍ സിംഗപ്പൂരിലെയും ദക്ഷിണ കൊറിയയിലെയും ഉന്നത വിദ്യാഭ്യാസ മാതൃകകള്‍ വരെ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്; ഗവേഷണത്തിലും വിജ്ഞാന ഉത്പാദനത്തിലും ഭരണകൂടങ്ങള്‍ നിര്‍മിക്കുന്ന ശക്തമായ സാമ്പത്തിക അടിത്തറയാണ് ഇത്തരം രാജ്യങ്ങളുടെ സാങ്കേതിക മുന്നേറ്റത്തിനും സാമ്പത്തിക ഭദ്രതക്കും ആധാരം. എന്നാല്‍, നമ്മുടെ രാജ്യത്ത് ജി ഡി പി വിഹിതത്തിന്റെ നിശ്ചിത ശതമാനം പോലും മാറ്റിവെക്കാന്‍ മടിക്കുന്ന നയം, അന്താരാഷ്ട്ര റാങ്കിംഗുകളില്‍ നമ്മുടെ സര്‍വകലാശാലകള്‍ പിന്നാക്കം പോകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായി മാറുന്നു. സാമ്പത്തിക ഭാരം പൂര്‍ണമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമലിലേക്ക് അടിച്ചേല്‍പ്പിക്കുമ്പോള്‍, അക്കാദമിക് മികവിനേക്കാള്‍ കൂടുതല്‍ സ്ഥാപനങ്ങളുടെ സാമ്പത്തിക നിലനില്‍പ്പിനായി സമയം കണ്ടെത്തേണ്ടി വരുന്ന ദാരുണമായ അവസ്ഥയിലാണ് നമ്മുടെ സര്‍വകലാശാല നേതൃത്വങ്ങള്‍.

മറ്റൊരു പ്രധാന കാര്യം, അധ്യാപക പരിശീലനത്തിലും പാഠ്യപദ്ധതി പരിഷ്‌കരണത്തിലും സംഭവിക്കുന്ന പതനമാണ്. ആവശ്യത്തിന് തസ്തികകളും ധനസഹായവും ലഭ്യമാകാത്ത പശ്ചാത്തലത്തില്‍, കരാര്‍ അധ്യാപകരെയും താത്കാലിക സംവിധാനങ്ങളെയും ആശ്രയിച്ച് മുന്നോട്ടുപോകാന്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതരാകുന്നു. ഇത് ബോധനരീതികളുടെ സര്‍ഗാത്മകതയെയും വിദ്യാര്‍ഥി- അധ്യാപക ബന്ധത്തിന്റെ ആഴത്തെയും സാരമായി ബാധിക്കുന്നുണ്ട്. ഡിജിറ്റല്‍ യുഗത്തിലും നിര്‍മിത ബുദ്ധി ലോകത്തെ പുനര്‍നിര്‍വചിക്കുന്ന കാലഘട്ടത്തിലും, നമ്മുടെ വിദ്യാര്‍ഥികളെ ആഗോള വിപണിക്ക് അനുയോജ്യമായ രീതിയില്‍ പ്രാപ്തരാക്കണമെങ്കില്‍ അത്യാധുനിക ലാബുകളും ഗവേഷണ പരീക്ഷണശാലകളും അനിവാര്യമാണ്. എന്നാല്‍, മൂലധന ചെലവില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഇടിവ് ഇത്തരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്.

ഈ പ്രതിസന്ധി മറികടക്കാന്‍ അടിയന്തരമായി നടപ്പാക്കേണ്ട ചില പ്രായോഗിക പരിഷ്‌കാരങ്ങളുണ്ട്. ഒന്നാമതായി, വിദ്യാഭ്യാസ ബജറ്റ് നിശ്ചയിക്കുന്നതില്‍ നിയമനിര്‍മാണപരമായ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ട്. മൊത്തം പൊതുചെലവിന്റെ കുറഞ്ഞത് 15 ശതമാനമെങ്കിലും വിദ്യാഭ്യാസത്തിനായി നിര്‍ബന്ധമായും മാറ്റി വെക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ബജറ്ററി ഫ്രെയിംവര്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി രൂപവത്കരിക്കണം. രണ്ടാമതായി, പൊതു- സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുമ്പോള്‍ തന്നെ, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും സാമൂഹിക നീതിയും ഉറപ്പാക്കാനുള്ള കര്‍ശനമായ നിയന്ത്രണ ഏജന്‍സികള്‍ സജീവമാകണം. സ്വകാര്യ നിക്ഷേപങ്ങള്‍ സ്വാഗതാര്‍ഹമാണെങ്കിലും, അത് സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം അപ്രാപ്യമാക്കുന്ന രീതിയിലുള്ള കച്ചവടവത്കരണമായി മാറാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം.

വിദ്യാഭ്യാസ മേഖലയിലെ നേതൃപരമായ കാഴ്ചപ്പാടില്‍ വമ്പിച്ച മാറ്റം അനിവാര്യമാണ്. സ്‌കൂള്‍തലം മുതല്‍ സര്‍വകലാശാലകള്‍ വരെയുള്ള എല്ലാ തലങ്ങളിലും ‘അക്കാദമിക് ഗവേര്‍ണന്‍സ്’ കൂടുതല്‍ കാര്യക്ഷമമാക്കണം. കേന്ദ്രീകൃത ഫണ്ടുകള്‍ കൃത്യമായി ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുന്നുണ്ടെന്നും ഗവേഷണങ്ങള്‍ വെറും പേപ്പര്‍ സമര്‍പ്പണങ്ങളില്‍ ഒതുങ്ങാതെ പ്രായോഗിക നവീകരണങ്ങളിലേക്ക് വഴിമാറുന്നുണ്ടെന്നും ഉറപ്പാക്കാന്‍ ഗവേര്‍ണിംഗ് ബോഡികള്‍ക്ക് സാധിക്കണം. നാളത്തെ ഇന്ത്യയെ കെട്ടിപ്പടുക്കേണ്ടത് നമ്മുടെ ക്ലാസ്സ് മുറികളിലാണെന്ന തികഞ്ഞ ബോധ്യത്തോടെ സാമ്പത്തിക നയങ്ങള്‍ തിരുത്തിയെഴുതാന്‍ ഭരണാധികാരികള്‍ തയ്യാറാകേണ്ടതുണ്ട്.

Content Highlights:
A recent UNESCO report shows India’s education spending has fallen below recommended global standards relative to total public expenditure. The drop in budgetary priority severely impacts school completion rates and higher education quality. Experts call for legislative reforms to protect funds.