Source :- SIRAJLIVE NEWS
കുന്ദമംഗലം| പ്രൈമറി കാലം മുതൽ പഠിച്ചും കളിച്ചും വായിച്ചും പാടിയും പറഞ്ഞ ക്യാമ്പസിൽ തങ്ങളെ സനാഥരാക്കിയ മാർഗദർശകർക്കും അധ്യാപകർക്കുമൊപ്പം മർകസ് ഓർഫനേജ് ‘റൈഹാൻ വാലി’യിലെ പൂർവ വിദ്യാർഥികൾ വീണ്ടും ഒന്നിച്ചിരുന്നപ്പോൾ ഓർമകളുടെ തിരയിളക്കത്തിനൊപ്പം അതൊരു വൈകാരിക പങ്കുവെപ്പ് കൂടിയായി.
റൈഹാൻ വാലി ലൈഫ് ഫെസ്റ്റിവൽ ‘യൂഫോറിയ’യുടെ ഭാഗമായി സംഘടിപ്പിച്ച പൂർവവിദ്യാർഥി സംഗമത്തിലാണ് ‘അബുൽ ഐതാം’ അഥവാ അനാഥകളുടെ ഉപ്പ എന്നറിയപ്പെടുന്ന മർകസ് ഓർഫനേജിന്റെയും ഹോം കെയറിന്റെയും ശിൽപി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർക്കൊപ്പം 250ഓളം വിദ്യാർഥികൾ സംഗമിച്ചത്.
പരസ്പര ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും വ്യക്തിഗത അനുഭവങ്ങളും കഴിവുകളും സാമൂഹ്യ പുരോഗതിക്കായി പ്രയോജനപ്പെടുത്തുന്നതിനുമുള്ള ആശയവിനിമയങ്ങൾ പങ്കിടാനാണ് 2012 മുതൽ 2026 വരെയുള്ള കാലയളവിൽ പഠനം പൂർത്തിയാക്കിയ പൂർവ വിദ്യാർഥികൾ ഒത്തൊരുമിച്ചത്. സംഗമം മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസവും നൈപുണികളും വ്യക്തിഗത പുരോഗതിക്കൊപ്പം സാമൂഹിക ഉന്നമനത്തിന് കൂടി ഉപയോഗപ്പെടുത്തണമെന്നും മർകസ് മുന്നോട്ടുവെക്കുന്ന സാമൂഹ്യ വീക്ഷണം അതാണെന്നും കാന്തപുരം പറഞ്ഞു.
മർകസ് കെയർ ഹോംസ് ജോയിന്റ് ഡയറക്ടർ സി പി സിറാജുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. റൈഹാൻ വാലി പ്രിൻസിപ്പൽ മുഹമ്മദ് സഈദ് ശാമിൽ ഇർഫാനി, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ സന്ദേശപ്രഭാഷണം നടത്തി. റമീസ് വാഴക്കാട് കരിയർ എംപവർമെന്റ് സെഷന് നേതൃത്വം നൽകി. ഭാവിയിലെ കരിയർ സാധ്യതകൾ, സാമൂഹിക ഉത്തരവാദിത്വം, വിദ്യാർഥികൾക്ക് നിർവഹിക്കാവുന്ന ഇടപെടലുകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. സലാമുദ്ദീൻ നെല്ലാങ്കണ്ടി, ബഷീർ പാലാഴി, നാസർ സഖാഫി, മൊയ്തീൻകുട്ടി സഖാഫി, മുഹമ്മദ് അഹ്സനി, ഇസ്മാഈൽ മദനി, ആഷിഖ് സഖാഫി, ഉബൈദുള്ള സഖാഫി സംബന്ധിച്ചു. അബ്ദുള്ള സഖാഫി സ്വാഗതവും ഇല്യാസ് സഖാഫി നന്ദിയും പറഞ്ഞു.
Content Highlights:
Markaz Raihan Valley alumni met with Kanthapuram AP Aboobacker Musliyar during the Euphoria festival. Around 250 former students who completed studies between 2012 and 2026 attended the emotional gathering. Kanthapuram emphasized using education and skills for individual and societal growth.




