Source :- SIRAJLIVE NEWS
ആരോഗ്യത്തെക്കുറിച്ചുള്ള ബോധം വർധിച്ചതോടെ ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ “ആരോഗ്യകരം’ എന്ന വിശേഷണത്തിന് നമ്മൾ കൂടുതൽ പ്രാധാന്യം നൽകുന്നു. പാക്കറ്റിൽ “നാച്ചുറൽ’, “മൾട്ടിഗ്രെയിൻ’, “ഷുഗർ ഫ്രീ’, “ലോ ഫാറ്റ്’ എന്നിങ്ങനെ എഴുതിയിരിക്കുന്നത് കാണുമ്പോൾ ആ ഉത്പന്നം ആരോഗ്യത്തിന് നല്ലതാണെന്ന് കരുതുന്നവരും ഏറെയാണ്. എന്നാൽ ഇത്തരം വിശേഷണങ്ങൾ മാത്രം നോക്കി ഒരു ഭക്ഷണത്തെ ആരോഗ്യകരമെന്ന് വിലയിരുത്താനാകുമോ?
പോഷകഗുണവും അളവും പ്രധാനം
നട്സ്, വിത്തുകൾ, നിലക്കടല, വെണ്ണ തുടങ്ങിയവയിൽ നല്ല കൊഴുപ്പ്, പ്രോട്ടീൻ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവയിൽ ഊർജം കൂടുതലായതിനാൽ മിതമായി കഴിക്കണം. തേനും ശർക്കരയും പ്രകൃതിദത്തമാണെങ്കിലും പഞ്ചസാരയുടെ ഉറവിടങ്ങളാണ്. പഴച്ചാറിനേക്കാൾ മുഴുവൻ പഴങ്ങൾ തിരഞ്ഞെടുക്കുന്നതാണ് പൊതുവേ നല്ലത്. പത്ത് വയസ്സിന് മുകളിലുള്ളവർ ദിവസവും കുറഞ്ഞത് 400 ഗ്രാം പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ശിപാർശ.
നമ്മുടെ ഭക്ഷണശീലങ്ങളും പോഷകഗുണവും
ചോറ്, കഞ്ഞി, പയർവർഗങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, മോര്, തൈര് തുടങ്ങിയ പരമ്പരാഗത ഭക്ഷണങ്ങൾ സമീകൃത ഭക്ഷണത്തിന്റെ ഭാഗമാക്കാം. പ്രാദേശികവും കുറഞ്ഞ രീതിയിൽ സംസ്കരിച്ചതുമായ ഭക്ഷണങ്ങൾക്ക് മുൻഗണന നൽകുന്നതിനൊപ്പം ഉപ്പ്, എണ്ണ, പഞ്ചസാര എന്നിവയുടെ അളവും ശ്രദ്ധിക്കണം.
പാക്കറ്റിലെ വിവരങ്ങൾ വായിക്കാം
പരസ്യവാചകങ്ങൾക്കപ്പുറം പോഷകവിവരപ്പട്ടികയും ചേരുവകളുടെ പട്ടികയും പരിശോധിക്കുന്നത് ഭക്ഷണം തിരഞ്ഞെടുക്കാൻ സഹായിക്കും.
സെർവിംഗ് സൈസും കലോറിയും
ഒരു സെർവിംഗിന്റെ അളവും കലോറിയും പരിശോധിക്കുക. ഒരു പാക്കറ്റിൽ ഒന്നിലധികം സെർവിംഗുകൾ ഉണ്ടായേക്കാം. ഭക്ഷണം തയ്യാറാക്കുമ്പോഴോ സംസ്കരിക്കുമ്പോഴോ ചേർക്കുന്ന പഞ്ചസാരയുടെ അളവ് ശ്രദ്ധിക്കുക. പഞ്ചസാര, ഗ്ലൂക്കോസ് സിറപ്പ് തുടങ്ങിയവ ചേരുവകളുടെ പട്ടികയിലുണ്ടോ എന്ന് പരിശോധിക്കുകയും ചേർത്ത പഞ്ചസാര കൂടുതലുള്ള ഉത്പന്നങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുകയും വേണം.
ചേരുവകളുടെ പട്ടിക
ചേരുവകൾ കൂടുതലുള്ളതിൽനിന്ന് കുറഞ്ഞ ക്രമത്തിലാണ് രേഖപ്പെടുത്തുന്നത്. ആദ്യത്തെ മൂന്ന് ചേരുവകളിൽ മൈദയോ പഞ്ചസാരയോ ഉൾപ്പെടുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക.
കൊഴുപ്പിന്റെ അളവ്
സാച്ചുറേറ്റഡ് ഫാറ്റും ട്രാൻസ് ഫാറ്റും പരിശോധിക്കുക. ട്രാൻസ് ഫാറ്റ് കഴിയുന്നത്ര ഒഴിവാക്കുകയും സാച്ചുറേറ്റഡ് ഫാറ്റ് കൂടുതലുള്ള ഉത്പന്നങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുകയും വേണം.
പഞ്ചസാരയും സോഡിയവും
ഇവ കുറഞ്ഞ അളവിലുള്ള ഉത്പന്നങ്ങൾക്ക് മുൻഗണന നൽകുക. ലേബലിൽ പ്രതിദിന ശിപാർശയുടെ ശതമാനം നൽകിയിട്ടുണ്ടെങ്കിൽ അതും ശ്രദ്ധിക്കുക.
നാരുകളും പ്രോട്ടീനും
ഇവയുടെ അളവ് പരിശോധിച്ച് കൂടുതൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. നിറങ്ങൾ, പ്രിസർവേറ്റീവുകൾ, മറ്റ് അഡിറ്റീവുകൾ ഇവയുടെ ഉപയോഗവും അളവും ശ്രദ്ധിക്കുക. അനുവദനീയമായ അളവിലുള്ള അഡിറ്റീവുകൾ ഉണ്ടെന്നതുകൊണ്ടുമാത്രം ഒരു ഉത്പന്നം അനാരോഗ്യകരമാകണമെന്നില്ല. എന്നാൽ പോഷകമൂല്യം കുറഞ്ഞ സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തണം.
“മൾട്ടിഗ്രെയിൻ’ എന്ന പേരുണ്ടെന്നതുകൊണ്ടുമാത്രം ഒരു ഉത്പന്നം ആരോഗ്യകരമാകണമെന്നില്ല. അതിന്റെ യഥാർഥ ചേരുവകളും പോഷകമൂല്യവുമാണ് വിലയിരുത്തേണ്ടത്.
ഭക്ഷ്യസുരക്ഷയും പ്രധാനം
ഭക്ഷണം തയ്യാറാക്കുമ്പോൾ കൈകളും പാത്രങ്ങളും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം നന്നായി പാകം ചെയ്യുക, പച്ചയും പാകം ചെയ്തതുമായ ഭക്ഷണങ്ങൾ വേർതിരിക്കുക, സുരക്ഷിതമായ വെള്ളവും ശരിയായ സംഭരണരീതികളും ഉറപ്പാക്കുക.
ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ചിന്തിക്കാം
ഭക്ഷണം ആരോഗ്യകരമാക്കുന്നത് അതിന്റെ പേരോ പരസ്യവാചകമോ മാത്രമല്ല. അതിന്റെ പോഷകഘടന, കഴിക്കുന്ന അളവ്, ഭക്ഷണക്രമത്തിൽ അതിനുള്ള സ്ഥാനം, തയ്യാറാക്കുന്ന രീതി, ഭക്ഷ്യസുരക്ഷ എന്നിവയെല്ലാം പ്രധാനമാണ്. “നാച്ചുറൽ’, “മൾട്ടിഗ്രെയിൻ’, “ഷുഗർ ഫ്രീ’, “ലോ ഫാറ്റ്’ തുടങ്ങിയ വിശേഷണങ്ങൾ മാത്രം ആശ്രയിക്കാതെ, പോഷകവിവരപ്പട്ടികയും ചേരുവകളും പരിശോധിച്ച് വ്യക്തിയുടെ ആവശ്യങ്ങൾക്കനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കണം.
ഒരു ഭക്ഷണം ഒറ്റക്ക് ആരോഗ്യകരമാണോ എന്ന് തീരുമാനിക്കുന്നതിനേക്കാൾ, മൊത്തത്തിലുള്ള ഭക്ഷണക്രമം എത്രത്തോളം സമീകൃതവും വൈവിധ്യമാർന്നതുമാണെന്ന് വിലയിരുത്തുന്നതാണ് ശാസ്ത്രീയമായ സമീപനം.
Content Highlights:
Choosing healthy food requires looking beyond marketing claims like natural or sugar-free to inspect nutrition labels and ingredients. Consumers must check serving sizes, fats, sodium, and added sugars to ensure a balanced diet. Prioritizing traditional foods, proper food safety, and overall dietary balance is essential for long-term health.




