Home rss national malayalam പുതിയ വാർത്ത ഹോര്‍മുസ് പ്രതിസന്ധിക്ക് പരിഹാരമോ? ദ്വിദിന നയതന്ത്ര പദ്ധതി മുന്നോട്ടുവെച്ച് ഇറാന്‍

ഹോര്‍മുസ് പ്രതിസന്ധിക്ക് പരിഹാരമോ? ദ്വിദിന നയതന്ത്ര പദ്ധതി മുന്നോട്ടുവെച്ച് ഇറാന്‍

4
0

Source :- SIRAJLIVE NEWS

ദോഹ | തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാന്‍ രണ്ട് ദിവസത്തെ അടിയന്തര നയതന്ത്ര പദ്ധതി മുന്നോട്ടുവെച്ചു. ആഗോള എണ്ണ വിപണിയെയും പശ്ചിമേഷ്യയിലെ സമാധാന അന്തരീക്ഷത്തെയും നിര്‍ണായകമായി സ്വാധീനിച്ചേക്കാവുന്ന ഈ നിര്‍ദേശം ഖത്വര്‍, പാകിസ്താന്‍ എന്നീ മധ്യസ്ഥ രാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇറാന്‍ ഔദ്യോഗികമായി വ്യക്തമാക്കിയത്. മുമ്പ് മുന്നോട്ടുവെച്ചിരുന്ന ഏഴ് ദിവസത്തെ സമയപരിധി മധ്യസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് രണ്ട് ദിവസമായി (48 മണിക്കൂര്‍) ചുരുക്കാന്‍ ഇറാന്‍ തയ്യാറാവുകയായിരുന്നു.

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഖത്വറില്‍ വച്ചാണ് ഈ ദ്വിദിന കര്‍മപദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. അടിയന്തരമായി യുദ്ധം അവസാനിപ്പിക്കാനും നയതന്ത്ര പാതയിലേക്ക് തിരികെ വരാനും അമേരിക്കക്ക് മുമ്പില്‍ ഇറാന്‍ വ്യക്തമായ നിബന്ധനകളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.

ഇറാന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയതനുസരിച്ച് രണ്ട് ഘട്ടങ്ങളായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഒന്നാം ഘട്ടം: അമേരിക്ക ഇറാന്‍ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പൂര്‍ണമായി അംഗീകരിക്കുകയും ആവശ്യമായ നയതന്ത്ര-സാമ്പത്തിക നടപടികള്‍ ഉടന്‍ നടപ്പിലാക്കുകയും വേണം.

രണ്ടാം ഘട്ടം: അമേരിക്ക ഈ നിബന്ധനകള്‍ പാലിച്ചുവെന്ന് ഉറപ്പാക്കുന്നതോടെ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി തുറന്നുനല്‍കും. ഇതോടെ കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം യുദ്ധത്തിന് മുമ്പുള്ള സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കപ്പെടും.

ഇറാന്റെ പ്രധാന ആവശ്യങ്ങള്‍
ഇസ്‌ലാമാബാദ് ധാരണാപത്രത്തിന് (Islamabad MoU) ശേഷം അമേരിക്ക ഏര്‍പ്പെടുത്തിയ എല്ലാ ഉപരോധങ്ങളും പിന്‍വലിക്കണമെന്നതാണ് ഇറാന്റെ പ്രധാന ആവശ്യം. ഖത്വര്‍ ഉള്‍പ്പെടെയുള്ള വിവിധ വിദേശ ബേങ്കുകളില്‍ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഇറാന്റെ ഫണ്ടുകള്‍ പൂര്‍ണമായി വിട്ടുകൊടുക്കുക, ഇറാനിയന്‍ തുറമുഖങ്ങള്‍ക്കുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം പിന്‍വലിക്കുക, ഇറാന്റെ എണ്ണ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുക എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് അയച്ച ഔദ്യോഗിക കത്ത് തങ്ങള്‍ക്ക് ലഭിച്ചതായും, അതിലെ മാറിയ നയതന്ത്ര ഭാഷ ഒരു നല്ല സൂചനയാണെന്നും ഇറാന്റെ ദേശീയ സുരക്ഷാ മേധാവി മൊഹ്സെന്‍ റെസായി പ്രതികരിച്ചു. എന്നാല്‍ അമേരിക്ക പ്രായോഗികമായി നടപടികള്‍ സ്വീകരിക്കുന്നതുവരെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന നിലപാടില്‍ ഇറാന്‍ ഉറച്ചുനില്‍ക്കുകയാണ്.

അമേരിക്കന്‍ നിലപാട്
ഇറാനുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും എന്നാല്‍ കരാറിലെത്താന്‍ തങ്ങള്‍ക്ക് വലിയ ധൃതിയില്ലെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കെതിരെയുള്ള സൈനിക ഭീഷണി ട്രംപ് ആവര്‍ത്തിക്കുമ്പോഴും, ഒരു നയതന്ത്ര പരിഹാരം ഇപ്പോഴും സാധ്യമാണെന്നാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചിരിക്കുന്നത്. സുരക്ഷിതമല്ലാത്ത പാതകളിലൂടെ സഞ്ചരിക്കുന്ന എണ്ണക്കപ്പലുകള്‍ കടലിടുക്കിലെ മൈനുകളില്‍ തട്ടി സ്‌ഫോടനങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍, ഇറാന്റെ ഈ 48 മണിക്കൂര്‍ പദ്ധതിയെ ലോകം അതീവ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്.

Content Highlights: Iran has proposed a two-day diplomatic plan aimed at resolving the escalating Strait of Hormuz crisis. The initiative seeks to ease tensions and secure international shipping lanes in the Gulf region. Global leaders are assessing the potential impact of this proposal on regional stability and energy markets.