Home rss business malayalam ഹോർമുസിൽ പുതിയ നിയന്ത്രണ മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ; ഗൾഫ് സംഘർഷം രൂക്ഷം

ഹോർമുസിൽ പുതിയ നിയന്ത്രണ മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ; ഗൾഫ് സംഘർഷം രൂക്ഷം

3
0

Source :- EVARTHA NEWS

പേർഷ്യൻ ഗൾഫ് മേഖലയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ ഹോർമുസ് കടലിടുക്കിന് സമീപം പുതിയ നിയന്ത്രണ മേഖലയും ഇറാനും ഒമാനും തമ്മിലുള്ള പ്രാദേശിക ജലാതിർത്തികളിലൂടെ പുതിയ അന്താരാഷ്ട്ര ഷിപ്പിംഗ് കോറിഡോറും പ്രഖ്യാപിക്കുമെന്ന് ഇറാൻ. ഗൾഫ് മേഖലയിലെ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇറാൻ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായിയാണ് ഇറാന്റെ ഔദ്യോഗിക ടെലിവിഷനിലൂടെ പുതിയ നീക്കം അറിയിച്ചത്. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധ മേഖലയിൽ നിന്ന് ആരംഭിക്കുന്ന പുതിയ നിയന്ത്രണ മേഖലയിലേക്ക് പ്രവേശിക്കുന്ന എല്ലാ വിദേശ കപ്പലുകളെയും ഇറാന്റെ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാനും ഒമാനും തമ്മിലുള്ള പ്രാദേശിക ജലാതിർത്തികളിലൂടെ കടന്നുപോകുന്ന പുതിയ അന്താരാഷ്ട്ര ഷിപ്പിംഗ് കോറിഡോറിന്റെ ഭൂപടത്തിന് ഉടൻ അംഗീകാരം നൽകുമെന്നും റസായി പറഞ്ഞു. പുതിയ പാതയുടെ നിയന്ത്രണം ഇറാന്റെ ചുമതലയിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇറാനെതിരായ ആക്രമണങ്ങളും ഭീഷണികളും അമേരിക്ക അവസാനിപ്പിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നുകൊടുക്കില്ലെന്നും റസായി മുന്നറിയിപ്പ് നൽകി. ആഗോള എണ്ണ വിതരണത്തിന്റെ വലിയൊരു വിഹിതം കടന്നുപോകുന്ന പ്രധാന സമുദ്രപാതയിൽ നിയന്ത്രണങ്ങൾ ശക്തമാകുന്നത് വിപണിയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ഹോർമുസിലെ സംഘർഷ സാധ്യത വർധിച്ചതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 97 ഡോളറിന് മുകളിലേക്ക് ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. ആഗോള എണ്ണ വിതരണത്തിന് നിർണായകമായ ഈ സമുദ്രപാതയിലെ ഗതാഗത തടസം കൂടുതൽ നീണ്ടാൽ എണ്ണവിലയിൽ വീണ്ടും വലിയ ചലനമുണ്ടാകുമെന്ന ആശങ്കയും ശക്തമാണ്.

ഇതിനിടെ, ഖാർഗ് ദ്വീപിന് സമീപം ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകൾക്ക് നേരെ യുഎസ് സെൻട്രൽ കമാൻഡ് ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗിന് നേരെ മുൻ മാസങ്ങളിൽ ഏകദേശം 550 ആക്രമണങ്ങൾ ഉണ്ടായിട്ടും പ്രവർത്തനം തുടരുകയാണെന്ന് ഇറാൻ പെട്രോളിയം മന്ത്രി മൊഹ്‌സെൻ പക്നേജാദ് വ്യക്തമാക്കി.

അമേരിക്കൻ ഉപരോധവും സാമ്പത്തിക സമ്മർദ്ദവും ശക്തമാകുന്ന സാഹചര്യത്തിലും ആഭ്യന്തര പരിഷ്കാരങ്ങളിലൂടെ സാമ്പത്തിക വെല്ലുവിളികളെ നേരിടുമെന്ന് ഇറാൻ സാമ്പത്തികകാര്യ മന്ത്രി അലി മദനിസാദെയും വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിലെ പുതിയ നിയന്ത്രണങ്ങളും ഷിപ്പിംഗ് കോറിഡോറുമായി ബന്ധപ്പെട്ട ഇറാന്റെ നീക്കവും ഗൾഫ് മേഖലയിലെ കപ്പൽ ഗതാഗതത്തെയും ആഗോള എണ്ണ വിപണിയെയും കൂടുതൽ സമ്മർദ്ദത്തിലാക്കുമോയെന്നാണ് ഇനി ഉറ്റുനോക്കുന്നത്.