Home LATEST NEWS malyalam പുതിയ വാർത്ത 33 ഡിഗ്രി ചൂടിൽ അയാൾ എന്തിന് ഹൂഡി ധരിച്ചു? പ്രതിശ്രുത വരനെ കൊക്കയിൽ തള്ളി കൊന്ന...

33 ഡിഗ്രി ചൂടിൽ അയാൾ എന്തിന് ഹൂഡി ധരിച്ചു? പ്രതിശ്രുത വരനെ കൊക്കയിൽ തള്ളി കൊന്ന യുവതിയേയും കാമുകനെയും കുടുക്കിയത് പോലീസിന്റെ ഈ സംശയം

4
0

Source :- SIRAJLIVE NEWS

ന്യൂഡൽഹി | മഹാരാഷ്ട്രയിലെ പ്രമുഖ വ്യവസായിയുടെ മകൻ കേതൻ അഗർവാൾ പൂനെ ലോഹഗഡ് കോട്ടയിലെ താഴ്‌വരയിൽ വീണു മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിയിക്കാൻ പോലീസിനെ സഹായിച്ചത് ഒരു സംശയമാണ്. സി സി ടി വി ദൃശ്യങ്ങളിളിൽ കേതനെയും പ്രതിശ്രുത വധു സിയയേയും പിന്തുടർന്ന് നടന്ന ഒരാൾ കടുത്ത വേനൽച്ചൂടിൽ ഹൂഡി ധരിച്ചത് എന്തിനാണ് എന്ന സംശയമാണ് ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഇവിടെ തുടങ്ങിയ അന്വേഷണമാണ് കേതന്റെ പ്രതിശ്രുത വധു സിയ ഗോയൽ, ഇവരുടെ കാമുകൻ ചേതൻ ബാബുലാൽ ചൗധരി (22) എന്നിവവരുടെ അറസ്റ്റിലേക്ക് നയിച്ചത്.

കഴിഞ്ഞ ജൂൺ 18 നാണ് കോട്ടയിലെ താഴ്‌വരയിലേക്ക് കേതൻ വീണു മരിക്കുന്നത്. ഇത് ആദ്യഘട്ടത്തിൽ ഒരു സാധാരണ ട്രെക്കിങ് അപകടമെന്നാണ് കരുതിയതെങ്കിലും പോലീസ് നടത്തിയ സി സി ടി വി പരിശോധനയിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവസമയത്ത് പ്രദേശത്ത് 33 ഡിഗ്രി സെൽഷ്യസ് ചൂടായിരുന്നു എന്ന് പോലീസ് കണ്ടെത്തി. എന്നാൽ ഈ കടുത്ത ചൂടിലും മുഖം പൂർണ്ണമായും മറയുന്ന രീതിയിൽ ഹൂഡിയും അതിനു മുകളിലൂടെ ഹെഡ്‌സെറ്റും ധരിച്ച് ഒരാൾ കേതനെയും സിയയെയും കൃത്യമായ അകലം പാലിച്ച് പിന്തുടരുന്നതായി സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ’33 ഡിഗ്രി ചൂടിൽ എന്തിനാണ് ഒരാൾ ഹൂഡി ധരിക്കുന്നത്’ എന്ന പോലീസിന്റെ യുക്തിസഹമായ സംശയമാണ് കേസിൽ വലിയ വഴിത്തിരിവായത്. മറ്റൊരു സി സി ടി വി ദൃശ്യത്തിൽ സിയ പെട്ടെന്ന് പുറകോട്ട് തിരിഞ്ഞു നോക്കുമ്പോൾ ഈ ഹൂഡി ധരിച്ചയാൾ താഴേക്ക് ഇരിക്കുന്നതും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.

തുടർന്ന് നടത്തിയ സാങ്കേതിക വിശകലനത്തിലും സോഷ്യൽ മീഡിയ പ്രൊഫൈലുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലുമാണ് ഹൂഡി ധരിച്ചത് സിയയുടെ കാമുകനായ ചേതൻ ചൗധരിയാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. കേതന്റെ മരണശേഷം സിയയുടെ പെരുമാറ്റത്തിൽ യാതൊരുവിധ സങ്കടവും പ്രകടമാകാതിരുന്നതും പോലീസിന്റെ സംശയം വർദ്ധിപ്പിച്ചു.

ഡ്രൈ ഫ്രൂട്ട് ബിസിനസ് നടത്തുന്ന ചേതനും ബേക്കറി ഉടമയായ സിയയും കഴിഞ്ഞ വർഷം ഒരു ബിസിനസ് മീറ്റിംഗിലാണ് പരിചയപ്പെടുന്നത്. 2025 നവംബർ മുതൽ ഇവർ പ്രണയത്തിലായിരുന്നു. എന്നാൽ ഇതേസമയം തന്നെ കേതനുമായുള്ള സിയയുടെ വിവാഹാലോചനകളുമായി കുടുംബം മുന്നോട്ട് പോവുകയും ഈ വർഷം ഫെബ്രുവരിയിൽ ഇവരുടെ വിവാഹനിശ്ചയം പ്രഖ്യാപിക്കുകയും ചെയ്തു. സ്വകാര്യ ജെറ്റുകളും 17 കോടി രൂപയുടെ കൊട്ടാരവുമൊക്കെ ഒരുക്കി വരുന്ന നവംബറിൽ വൻ ആഘോഷത്തോടെ വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ സിയയുമായുള്ള ബന്ധത്തിന് കേതൻ തടസ്സമാകുമെന്ന് മനസ്സിലാക്കിയ ചേതനും സിയയും ചേർന്ന് കേതനെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നു. കഴിഞ്ഞ ഏഴ് മാസത്തിനിടെ സിയയും ചേതനും 238 മണിക്കൂറുകളോളം നീണ്ട 2,004 ഫോൺ കോളുകൾ പരസ്പരം വിളിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.

വിവാഹത്തിൽ താല്പര്യമില്ലാതിരുന്ന സിയ കല്യാണം ഒരു വർഷത്തേക്ക് നീട്ടിവെക്കാൻ സാധിക്കുമോ എന്ന് കേതന്റെ അമ്മാവനോട് ചോദിച്ചിരുന്നതായും വെളിപ്പെട്ടിട്ടുണ്ട്. മുൻപ് കേതനും സിയയും പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടിനായി ബാലിയിലേക്ക് പോകാൻ മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ കേതന്റെ പാസ്‌പോർട്ട് കാണാതായിരുന്നു. സിയ മനഃപൂർവ്വം പാസ്‌പോർട്ട് ഒളിപ്പിച്ചുവെച്ച് യാത്ര മുടക്കുകയായിരുന്നു എന്ന് കേതന്റെ പിതാവ് ആരോപിച്ചു.

ജൂൺ 18 ലെ കൊലപാതകത്തിന് മുൻപ്, ജൂൺ 14 നും ലോഹഗഡ് കോട്ടയിൽ വെച്ച് കേതനെ കൊലപ്പെടുത്താൻ സിയ ശ്രമിച്ചിരുന്നു. കോട്ടയിൽ വെച്ച് സിയ കേതനെ തള്ളിയിട്ടെങ്കിലും മലഞ്ചെരുവിലെ ഒരു കാട്ടുവള്ളിയിൽ പിടിച്ച് കേതൻ രക്ഷപ്പെടുകയായിരുന്നു. ഈ സമയം പിടിക്കപ്പെടാതിരിക്കാൻ പാമ്പിനെ കണ്ടെന്ന് വ്യാജമായി നിലവിളിക്കുകയും കേതനെ കെട്ടിപ്പിടിച്ച് സിയ ശ്രദ്ധ തിരിക്കുകയുമാണുണ്ടായത്.

തുടർന്ന് ജൂൺ 18 ന് സിയ കേതനെ സാധാരണ രീതിയിൽ പുറത്തുപോകാം എന്ന് പറഞ്ഞ് ലോഹഗഡ് കോട്ടയിലേക്ക് വിളിച്ചുവരുത്തുകയും പിന്നീട് അവിടെയെത്തിയ ചേതനുമായി ചേർന്ന് കേതനെ താഴ്‌വരയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയുമായിരുന്നു. ഈ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടിരുന്നെങ്കിൽ നടപ്പിലാക്കാൻ ഒരു ‘പ്ലാൻ സി’ കൂടി ഇവർ തയ്യാറാക്കിയിരുന്നുവെന്ന് കേസ് ഫയലുകളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

Content Highlights:
A clever observation by Pune police regarding a man wearing a hoodie in 33-degree heat led to the unravelling of Ketan Agarwal’s murder. His fiancee Siya and her lover Chetan were arrested for pushing him into a gorge after meticulous planning and failed earlier attempts.