Source :- SIRAJLIVE NEWS

തിരുവനന്തപുരം |  ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടതിന്റെ പേരില്‍ സിപിഎം പ്രവര്‍ത്തകരെ വേട്ടയാടാന്‍ പൊലീസിനെ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സമിതി അംഗം വി ശിവന്‍കുട്ടി വ്യക്തമാക്കി. പാര്‍ട്ടി ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും നിയമവിരുദ്ധമായി തിരച്ചില്‍ നടത്തുന്നതും വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കോട്ടയത്തു മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പിണറായി വിജയനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബുധനാഴ്ച നടന്ന റെയ്ഡുകള്‍ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദായനികുതി വകുപ്പ്, എസ്എഫ്‌ഐഒ, ഇഡി, രജിസ്ട്രാര്‍ ഓഫ് കമ്പനീസ് എന്നിങ്ങനെ നാല് കേന്ദ്ര ഏജന്‍സികള്‍ വര്‍ഷങ്ങളായി അന്വേഷണം നടത്തിയിട്ടും പിണറായി വിജയന് എതിരെയോ മകള്‍ വീണയ്‌ക്കെതിരെയോ യാതൊരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരില്‍ കണ്ടതിന് തൊട്ടുപിന്നാലെയാണ് ഈ നടപടികള്‍ ഉണ്ടായതെന്നത് ദുരൂഹമാണ്. ഇന്ത്യാ മുന്നണിയിലെ മറ്റ് രാഷ്ട്രീയ കക്ഷി നേതാക്കള്‍ റെയ്ഡിനെ അപലപിച്ചപ്പോഴും കോണ്‍ഗ്രസ് ഇതില്‍ നിന്നും അകലം പാലിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ നിലപാടുകളും കോണ്‍ഗ്രസിന്റെ മൗനവും ബിജെപി അജണ്ടയ്ക്ക് ഒത്താശ ചെയ്യുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ ജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യം അറിയാം. പിണറായി വിജയനെയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ ഇത്തരം ഭീഷണികള്‍ കൊണ്ട് തളര്‍ത്താമെന്ന് ആരും കരുതേണ്ട. ജനാധിപത്യപരമായ ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണ്, എന്നാല്‍ ഈ വേട്ടയാടല്‍ ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും വി. ശിവന്‍കുട്ടി പറഞ്ഞു