Source :- SIRAJLIVE NEWS

ആലപ്പുഴ |  മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് തെക്കതില്‍ തങ്കമ്മ(80)യെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി പിടിയില്‍. തങ്കമ്മയുടെ അയല്‍വാസിയും അകന്ന ബന്ധുവുമായ പ്രകാശന്‍ (50) ആണ് അറസ്റ്റിലായത്. സ്വര്‍ണവും പണവും കവര്‍ച്ച ചെയ്യാനായിരുന്നു കൊലപാതകമെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു

കൊലപാതകത്തിന് ശേഷവും ഇയാള്‍ നാട്ടില്‍തന്നെ തങ്ങുകയായിരുന്നു. പോലീസിന് തന്നെ സംശയമില്ലെന്ന വിശ്വാസത്തിലായിരുന്നു ഇത്. അതേ സമയം തങ്കമ്മയെ കുറിച്ചും വീടിനെ കുറിച്ചും കത്യമായി അറിയാവുന്ന ആളാണ് പ്രതിയെന്ന് പോലീസ് നിഗമനത്തില്‍ എത്തിയിരുന്നു.മുങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നെങ്കിലും തലയുടെ പിന്നില്‍ അടിയേറ്റതുപോലുള്ള പരിക്കുണ്ടായിരുന്നു. അടിയേറ്റ് അബോധാവസ്ഥയിലായ തങ്കമ്മയെ ജീവനോടെ കായലില്‍ കെട്ടിത്താഴ്ത്തിയതാകാമെന്ന സംശയവും പോലീസിനുണ്ടായിരുന്നു.

ഒറ്റയ്ക്കു താമസിച്ചിരുന്ന തങ്കമ്മയെ തിങ്കളാഴ്ച രാവിലെയാണു കാണാതായത്. കനകക്കുന്ന് പോലീസ് അന്വേഷിക്കുന്നതിനിടെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ആറോടെ ആറാട്ടുപുഴ കിഴക്കേക്കര കീരിക്കാട് ജെട്ടിക്കു സമീപം കായംകുളം കായലില്‍ മൃതദേഹം കണ്ടത്. കൈയും കാലും തുണികൊണ്ടു ബന്ധിച്ചും കഴുത്തില്‍ കല്ലുകെട്ടിയ നിലയിലുമായിരുന്നു മൃതദേഹം. ദേഹത്തുണ്ടായിരുന്ന ആറു പവനോളം സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു