Source :- SIRAJLIVE NEWS
കൊച്ചി | എക്സാലോജിക്കുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി. കേസില്‍ അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗില്‍ ബെഞ്ച് ഉത്തരവ് മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഡിവിഷന് ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. സിഎംആര്‍എല്‍ സീനിയര്‍ മാനേജര്‍ എന്‍ സി ചന്ദ്രശേഖരന്, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുര്യന്, എംഡി എസ്എന്‍ ശശിധരന് കര്‍ത്ത, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ സുരേഷ് കുമാര്‍ അടക്കമുള്ളവരാണ് അപ്പീല്‍ നല്‍കിയത്.
ഇല്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം എന്നും എസ്എഫ്ഐഒ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കമ്പനിക്കെതിരെ അന്വേഷണം നടത്താനാകില്ല. തങ്ങളുടെ വാദം കേള്‍ക്കുന്നതുവരെ നിലവിലെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും അപ്പീലില്‍ ആവശ്യപ്പെടുന്നു.
സിഎംആര്‍എല്‍ – എക്സാലോജിക് കരാറില്‍ ഇ ഡിയുടെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. സിഎംആര്‍എല്‍ നല്കിയ ഹര്‍ജി തള്ളികൊണ്ടായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നടപടി. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലേയും വീട്ടിലും, ആലുവയിലെ സിഎംആര്‍എല്‍ ഓഫീസിലും ബെംഗളൂരുവിലെ എക്സാലോജിക്ക് ഓഫീസിലും അടക്കം ഇ ഡി റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് വീണ ടിയില്‍ നിന്നും മൊഴി ശേഖരിക്കുകയും ഒരു ബേങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സിഎംആര്‍എല്‍ ഇന്ന് വീണ്ടും ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.







