Source :- SIRAJLIVE NEWS

ആഗോള രാഷ്ട്രീയ ഭൂപടത്തില്‍ നിഴലിക്കുന്ന അനിശ്ചിതത്ത്വങ്ങളും പശ്ചിമേഷ്യന്‍ മണ്ണിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ബാഹ്യമേഖലക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. രാജ്യത്തിന്റെ സുസ്ഥിരമായ മുന്നേറ്റത്തിന് തടസ്സമായി വിദേശ വ്യാപാര കമ്മി വര്‍ധിക്കുന്നത് സ്ഥൂലസാമ്പത്തിക ഭദ്രതക്ക് മേല്‍ നിഴല്‍ വീഴ്ത്തുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തിന്റെ സംയോജിത വ്യാപാര കമ്മി 26.03 ശതമാനം വര്‍ധിച്ച് 119.30 ശതകോടി ഡോളറിലേക്ക് ഉയര്‍ന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ഭീമമായ തുക ജി ഡി പിയുടെ 3.1 ശതമാനം മാത്രമാണ് എന്നത് താത്കാലിക ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, ഏപ്രിലില്‍ മാത്രം ചരക്ക് വ്യാപാര കമ്മി മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 28.38 ശതകോടി ഡോളറായി കുതിച്ചുയര്‍ന്നത് വരാനിരിക്കുന്ന കടുത്ത പരീക്ഷണങ്ങളുടെ സൂചനയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് തങ്ങളുടെ പണം വന്‍തോതില്‍ പിന്‍വലിച്ചതും ഇതിന്റെ ആക്കം കൂട്ടുന്നുണ്ട്. അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 5.2 ശതമാനത്തോളം ഇടിഞ്ഞത് വിപണിയിലെ ആശങ്കകളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.

വ്യാപാര കമ്മിയുടെ ഈ കുതിച്ചുചാട്ടത്തെ ഒരു പരിധി വരെ പ്രതിരോധിച്ചു നിര്‍ത്തുന്നത് രാജ്യത്തിന്റെ കരുത്തുറ്റ സേവന മേഖലയാണ്. സോഫ്്റ്റ്്വെയര്‍, ഐ ടി അനുബന്ധ ബിസിനസ്സ് സേവന കയറ്റുമതിയില്‍ രാജ്യം മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇതിലൂടെ നേടിയ 213.89 ശതകോടി ഡോളറിന്റെ സേവന വ്യാപാര മിച്ചം ചരക്ക് വ്യാപാരത്തിലുണ്ടായ കനത്ത നഷ്ടത്തിന്റെ വലിയൊരു ശതമാനവും പരിഹരിക്കാന്‍ രാജ്യത്തെ തുണച്ചിട്ടുണ്ട്.

പെട്രോളിയം, സ്വര്‍ണം, രത്‌നങ്ങള്‍ എന്നിവ ഒഴിവാക്കിയുള്ള രാജ്യത്തിന്റെ കാതലായ വ്യാപാര മേഖല ഇപ്പോഴും 75 ശതകോടി ഡോളറിന്റെ മികച്ചൊരു മിച്ചം നിലനിര്‍ത്തുന്നുണ്ടെന്ന യാഥാര്‍ഥ്യം അടിവരയിടുന്നത് ആഭ്യന്തര ഉത്പാദന രംഗത്തിന്റെ അന്തര്‍ലീനമായ കരുത്തിനെയാണ്. എങ്കിലും ആഗോളതലത്തിലെ അസ്ഥിരതകള്‍ക്കിടയില്‍ സ്വര്‍ണവും എണ്ണയും വരുത്തിവെക്കുന്ന പണമൊഴുക്ക് രാജ്യത്തിന്റെ വിദേശനാണയ വിനിമയ സന്തുലനത്തെ നിരന്തരം സമ്മര്‍ദത്തിലാക്കുന്നു. രൂപയുടെ മൂല്യത്തകര്‍ച്ച തടയുന്നതിനായി വിദേശനാണയ വിപണിയില്‍ റിസര്‍വ് ബേങ്കിന് ശക്തമായി ഇടപെടേണ്ടി വരികയും ഫെബ്രുവരി അവസാനം മുതല്‍ ഏപ്രില്‍ വരെയുള്ള ചുരുങ്ങിയ കാലയളവില്‍ വിദേശനാണയ കരുതല്‍ ശേഖരത്തില്‍ 21 ശതകോടി ഡോളറിന്റെ ഇടിവുണ്ടാകുകയും ചെയ്തത് വിപണിയിലെ സമ്മര്‍ദത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നു.

ഇന്ത്യന്‍ ഇറക്കുമതി ബില്ലിനെ എക്കാലത്തും വലച്ചുകൊണ്ടിരിക്കുന്ന സുപ്രധാന ഘടകം അസംസ്‌കൃത എണ്ണ തന്നെയാണ്. ആഭ്യന്തര ആവശ്യകതയുടെ 90 ശതമാനത്തോളം വിദേശ വിപണികളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനാല്‍ അന്താരാഷ്ട്ര വിലയിലുണ്ടാകുന്ന ചലനങ്ങള്‍ രാജ്യത്തെ വിപണിയെ നേരിട്ടാണ് സ്വാധീനിക്കുന്നത്. പശ്ചിമേഷ്യയിലെ സുരക്ഷാ വെല്ലുവിളികളെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പല്‍ ഗതാഗതത്തില്‍ കടുത്ത തടസ്സങ്ങള്‍ നേരിട്ടതോടെ ആഗോള എണ്ണവില വലിയ തോതില്‍ കുതിച്ചുയരുകയുണ്ടായി. കടല്‍മാര്‍ഗമുള്ള വിതരണ തടസ്സങ്ങള്‍ കാരണം ഏപ്രിലില്‍ എണ്ണ ഇറക്കുമതിയുടെ അളവില്‍ കാര്യമായ കുറവുണ്ടായി. എങ്കിലും, അന്താരാഷ്ട്ര വിപണിയിലെ ഉയര്‍ന്ന നിരക്കുകള്‍ കാരണം ഇറക്കുമതി ബില്ല് 18.6 ശതകോടി ഡോളറായി ഉയര്‍ന്നുതന്നെ നിന്നു. ഇതേസമയം ഉയര്‍ന്ന എണ്ണവില ഇന്ത്യയുടെ പെട്രോളിയം ഉത്പന്ന കയറ്റുമതിയെ അനുകൂലമായി സ്വാധീനിച്ചു. ഈ മേഖലയില്‍ 34 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ രാജ്യത്തിന് കഴിഞ്ഞു. ഇത് അറ്റ ഇറക്കുമതിച്ചെലവ് താരതമ്യേന കുറഞ്ഞ നിരക്കിലൊതുക്കാന്‍ സഹായിച്ചുവെന്നത് ഒരു വശത്ത് ഏറെ ആശ്വാസകരമാണ്. എങ്കിലും ചരിത്രപരമായ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത് എണ്ണവിലയിലുണ്ടാകുന്ന ഓരോ ചെറിയ വര്‍ധനവും ഇന്ത്യയുടെ ആഭ്യന്തര പണപ്പെരുപ്പത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ്.

എണ്ണയെപ്പോലെ തന്നെ വിദേശനാണയ ചോര്‍ച്ചയുടെ മറ്റൊരു പ്രധാന സ്രോതസ്സ് സ്വര്‍ണ ഇറക്കുമതിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി മൂല്യം 71.98 ശതകോടി ഡോളറിലെത്തിയിരിക്കുന്നു. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം, ഇറക്കുമതി ചെയ്ത സ്വര്‍ണത്തിന്റെ യഥാര്‍ഥ അളവ് കുറഞ്ഞിട്ടും അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് ഇറക്കുമതി ബില്ല് ഇത്രയേറെ വര്‍ധിപ്പിച്ചത്. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ കാരണം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് ആളുകള്‍ തിരിഞ്ഞതും ഏപ്രിലില്‍ സ്വര്‍ണ ഇറക്കുമതിയിലുണ്ടായ കുതിച്ചുചാട്ടവും വ്യാപാര കമ്മി മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിച്ചു. ഇതിനെ പ്രതിരോധിക്കാനും വിദേശനാണയ ഒഴുക്ക് തടയാനുമായി സര്‍ക്കാര്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനമായി കുത്തനെ ഉയര്‍ത്തുകയുണ്ടായി. എങ്കിലും, ഇത്തരം താത്കാലിക സാമ്പത്തിക നിയന്ത്രണങ്ങള്‍ കള്ളക്കടത്തും സമാന്തര വിപണികളും കൂടുതല്‍ ശക്തമാക്കാനേ ഉപകരിക്കൂ എന്നത് 1968ലെ ഗോള്‍ഡ് കണ്‍ട്രോള്‍ ആക്ടിന്റെ പരാജയം ഉള്‍പ്പെടെയുള്ള ചരിത്രപാഠങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. സ്വര്‍ണ ഇറക്കുമതിയുടെ ആഘാതം ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുറയ്ക്കാന്‍ നികുതി വര്‍ധനവിനപ്പുറം തദ്ദേശീയമായ ധനനയ മാറ്റങ്ങളാണ് ആവശ്യം. ഇന്ത്യന്‍ വീടുകളിലും സ്ഥാപനങ്ങളിലുമായി ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഏകദേശം 25,000 ടണ്ണിലധികം വരുന്ന സ്വര്‍ണ ശേഖരം ഉത്പാദനപരമായ സാമ്പത്തിക വ്യവസ്ഥയിലേക്ക് കൊണ്ടുവരുന്നതിലൂടെ മാത്രമേ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ.

ഇന്ത്യന്‍ വ്യവസായ നയങ്ങളുടെ വലിയൊരു ഘടനാപരമായ വൈരുധ്യം തുറന്നുകാട്ടുന്നതാണ് രാജ്യത്തെ ഇലക്ട്രോണിക്‌സ് മേഖലയില്‍ ദൃശ്യമാകുന്ന പ്രതിഭാസങ്ങള്‍. പ്രൊഡക് ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി എല്‍ ഐ) പദ്ധതി വഴി സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതേ കാലയളവില്‍ ഇലക്ട്രോണിക്‌സ് ഇറക്കുമതി വര്‍ധിച്ചു എന്ന വിരോധാഭാസവും നിലനില്‍ക്കുന്നു. മൊബൈലുകള്‍ രാജ്യത്ത് അസ്സംബിള്‍ ചെയ്യപ്പെടുന്നുണ്ടെങ്കിലും അതിലേക്ക് ആവശ്യമായ അര്‍ധചാലക ചിപ്പുകളും പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകളും അനുബന്ധ ഭാഗങ്ങളും ഇപ്പോഴും പൂര്‍ണമായും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ശക്തമായ ഒരു പ്രാദേശിക ഘടകഭാഗ നിര്‍മാണ ശൃംഖല രാജ്യത്ത് ഇല്ലാത്തതിനാല്‍ കയറ്റുമതി ഉയരുന്നതിന് അനുസൃതമായി ഇറക്കുമതിയും വര്‍ധിക്കുന്നു. ഇത് ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി റെക്കോര്‍ഡ് നിരക്കായ 112.16 ശതകോടി ഡോളറിലെത്തിക്കാന്‍ കാരണമായി.

കാര്‍ഷിക- വ്യാവസായിക മേഖലകളിലെ ഇറക്കുമതി ആശ്രിതത്വമാണ് വിദേശനാണയ ചോര്‍ച്ചയുടെ മറ്റൊരു പ്രധാന വശം. ഒരു കാര്‍ഷിക രാജ്യമായിട്ടും ഭക്ഷ്യ എണ്ണ ആവശ്യകതയുടെ പകുതിയിലധികവും ഇന്ത്യ വിദേശത്ത് നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ രാസവളങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടായതും ഇന്ത്യയുടെ യൂറിയ ഇറക്കുമതിച്ചെലവ് ഉയര്‍ന്നതും രാജ്യത്തിന്റെ പരമ്പരാഗത കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളിയാണ്. സാങ്കേതിക മുന്നേറ്റത്തിന്റെ ഭാഗമായുള്ള ഇലക്ട്രിക് വാഹന പരിവര്‍ത്തനം രാജ്യത്തിന് പുതിയൊരു വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കാവശ്യമായ ബാറ്ററികളുടെ ഇറക്കുമതിയില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ചുരുക്കത്തില്‍, രാജ്യത്തിന്റെ സാങ്കേതിക വളര്‍ച്ച വലിയ തോതിലുള്ള വിദേശനാണയ നഷ്ടത്തിലൂടെയാണ് സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ആഗോള അസ്ഥിരതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, കേവലം ഹ്രസ്വകാല നിയന്ത്രണങ്ങള്‍ കൊണ്ട് മാത്രം വ്യാപാരക്കമ്മി പരിഹരിക്കുക എന്നത് അപ്രായോഗികമാണ്. ഇതിന് ശാശ്വത പരിഹാരമായി ഊര്‍ജ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ തദ്ദേശീയമായ എണ്ണ- വാതക പര്യവേക്ഷണം ഊര്‍ജിതമാക്കേണ്ടത് അനിവാര്യമാണ്. പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ഇന്ത്യയും ഫ്രഞ്ച് എണ്ണക്കമ്പനിയായ ടോട്ടല്‍ എനര്‍ജീസും ചേര്‍ന്ന് കേരള കൊങ്കണ്‍ തീരപ്രദേശങ്ങളില്‍ ആരംഭിച്ച ആഴക്കടല്‍ പര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍ ഈ രംഗത്ത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇത്തരം സംരംഭങ്ങള്‍ വിജയകരമാകുകയും ആഭ്യന്തര എണ്ണ ആവശ്യകതയുടെ ഗണ്യമായ ഭാഗം തദ്ദേശീയമായി ഉത്പാദിപ്പിക്കാന്‍ കഴിയുകയും ചെയ്താല്‍ വിദേശ വ്യാപാരക്കമ്മി വലിയ തോതില്‍ കുറയ്ക്കാന്‍ ഇന്ത്യക്ക് സാധിക്കും.

ഊര്‍ജ മേഖലക്ക് പുറമെ, ഇലക്ട്രോണിക്‌സ് രംഗത്തും കാതലായ മാറ്റങ്ങള്‍ ആവശ്യമാണ്. കേവലം അസ്സംബ്ലിംഗ് കേന്ദ്രീകൃതമായ രീതി മാറ്റി, നിര്‍മാണത്തിനാവശ്യമായ ചിപ്പുകളും മറ്റ് ഘടകഭാഗങ്ങളും രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കാന്‍ അനുബന്ധ- ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. കൂടാതെ, വ്യക്തികളുടെ പക്കലുള്ള സ്വര്‍ണ നിക്ഷേപങ്ങളെ ഔദ്യോഗിക സാമ്പത്തിക രംഗത്തേക്ക് ആകര്‍ഷിക്കാന്‍ ലളിതമായ നിക്ഷേപ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും വേണം. ഇത്തരത്തില്‍ തദ്ദേശീയ ഉത്പാദനം വര്‍ധിപ്പിക്കുന്നതിലൂടെ മാത്രമേ ഇന്ത്യക്ക് ആഗോളതലത്തില്‍ സാമ്പത്തിക പരമാധികാരം ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.