Source :- SIRAJLIVE NEWS

കോഴിക്കോട്  | നിര്‍മാണം, അടിസ്ഥാന സൗകര്യ വികസനം, നിര്‍മാണ സാമഗ്രികള്‍, നൂതന സാങ്കേതികവിദ്യകള്‍ എന്നിവ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന ബില്‍ഡ്എക്‌സ് എക്‌സ്‌പോ 2026 ന് മര്‍കസ് നോളജ് സിറ്റിയിലെ വലന്‍സിയ ഗല്ലേറിയയില്‍ തുടക്കമായി. നാല് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശനം വ്യവസായ രംഗത്തെ പ്രമുഖര്‍, സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങിവരെ ആണ് ആകര്‍ഷിക്കുന്നത്.

മര്‍കസ് നോളജ് സിറ്റിയുടെ ഡയറക്ടറേറ്റ് ഓഫ് പ്രോജക്ട്‌സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഡയറക്ടറായ ഡോ. സയ്യിദ് നിസാം റഹ്മാന്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സോണ ഗ്രൂപ്പ് ചെയര്‍മാന്‍ ഇഖ്ബാല്‍ ഹബീബ് സെയ്ത്ത്, ശൈഖ് മുഹമ്മദ് മുജീബുള്ള, മര്‍കസ് നോളജ് സിറ്റി ഡയറക്ടറേറ്റ് ഓഫ് പ്രോജക്ട്‌സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ എഞ്ചി. ഫൈറൂസ് സഖാഫി, ഡെപ്യൂട്ടി ഡയറക്ടര്‍ (ഔട്ട്‌റീച്ച്) ഉനൈസ് സഖാഫി, മാക്‌സിമോ ഗ്രൂപ്പ് സി.ഇ.ഒ. എഞ്ചിനീയര്‍ സുഹൈല്‍, പവര്‍ടെക് ചെയര്‍മാന്‍ എഞ്ചിനീയര്‍ സതീഷ്, സി-ഡിസ്‌ക് സി.ഇ.ഒ. ഗീഷ് എന്നിവര് പങ്കെടുത്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ കമ്പനികളും സ്ഥാപനങ്ങളും ബില്‍ഡ്എക്‌സ് എക്‌സ്‌പോ 2026-ല്‍ പങ്കാളികളായിട്ടുണ്ട്. അത്യാധുനിക നിര്‍മാണ സാങ്കേതികവിദ്യകള്‍, സുസ്ഥിര വികസന പരിഹാരങ്ങള്‍, സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ സംവിധാനങ്ങള്‍, നൂതന നിര്‍മാണ സാമഗ്രികള്‍ എന്നിവയുടെ വിപുലമായ പ്രദര്‍ശനമാണ് എക്‌സ്‌പോയില്‍ ഒരുക്കിയിരിക്കുന്നത്. വ്യവസായ മേഖലയിലെ അറിവ് പങ്കിടല്‍, ബിസിനസ് വികസനം, നിക്ഷേപ സാധ്യതകള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍ എന്നിവയ്ക്ക് ഈ വേദി വലിയ അവസരമാണ് ഒരുക്കുന്നത്.

ഇന്നലെ ആരംഭിച്ച എക്‌സ്‌പോയ്ക്ക് ആദ്യ ദിനം മുതല്‍ തന്നെ മികച്ച ജനപങ്കാളിത്തമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രതിദിനം 2,500-ലധികം സന്ദര്‍ശകര്‍ പ്രദര്‍ശന നഗരിയില്‍ പ്രതീക്ഷിക്കുന്നത്.