Source :- SIRAJLIVE NEWS

കോഴിക്കോട് | ഇന്ധന വിലയില്‍ അടിക്കടിയുണ്ടാകുന്ന വര്‍ധനവ് പച്ചക്കറി വിപണിയെയും ബാധിക്കുന്നു. ഗതാഗതച്ചെലവ് വര്‍ധിച്ചതിന്റെ ഫലമായി പച്ചക്കറികള്‍ക്ക് തീവിലയായി. ഏതാനും ദിവസങ്ങള്‍ക്ക് മുന്പ് 20 രൂപയായിരുന്ന തക്കാളിക്ക് ഇപ്പോള്‍ 50-52 രൂപയായി. ഇഞ്ചി വില 100 രൂപയിലെത്തി. കാരറ്റ്- 65, ബീറ്റ്‌റൂട്ട്- 48, ബീന്‍സ്-70, ഉണ്ട മുളക് -65, ചെറിയ ഉള്ളി- 60, വെളുത്തുള്ളി- 175, ഉരുളക്കിഴങ്ങ്- 50, സവോള- 40, കാബേജ്- 35, കയ്പ്പ- 30, വഴുതിന- 35, പയര്‍- 30 എന്നിങ്ങനെയാണ് പുതിയ വിലനിലവാരം. ഇതെല്ലാം മൊത്തവിലയാണ്. ചില്ലറ വ്യാപാരികളിലേക്ക് എത്തുമ്പോള്‍ വില ഇനിയും ഉയരും.

പാചകവാതക പ്രതിസന്ധി തുടരുന്നതിനിടെ ഇന്ധന വിലയിലെ വര്‍ധന പച്ചക്കറിയെയും ബാധിച്ചത്് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ തകര്‍ക്കുകയാണ്. സാധാരണ വിപണിയില്‍ നിന്ന് പച്ചക്കറികള്‍ വാങ്ങുന്നത് പോലും ജനങ്ങള്‍ക്ക് വലിയ സാമ്പത്തികഭാരമായി മാറിക്കഴിഞ്ഞു.
ജില്ലയിലേക്ക് ആവശ്യമായ പച്ചക്കറികള്‍, കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ് എത്തുന്നത്. ഇന്ധന വില ഉയര്‍ന്നതോടെ ചരക്കുലോറികളുടെ വാടകയും യാത്രാച്ചെലവും ക്രമാതീതമായി ഉയര്‍ന്നു. ഇതോടെ മൊത്തവ്യാപാരികളില്‍ നിന്നും ചില്ലറ വ്യാപാരികളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ചെലവും സ്വാഭാവികമായും വര്‍ധിച്ചു. ഇതോടെയാണ് പച്ചക്കറികള്‍ക്ക് വില കൂടിയത്.
ഇന്ധനവില വര്‍ധനവ് മൂലം യാത്രാ ചെലവുകള്‍ വര്‍ധിച്ചതിന് പുറമെയാണ് ദൈനംദിന ആവശ്യത്തിനുള്ള പലവ്യഞ്ജനങ്ങളുടെയും പച്ചക്കറികളുടെയും വില കുത്തനെ ഉയര്‍ന്നത്. പച്ചക്കറി വിലക്ക് ഏകീകരണം വേണമെന്ന ആവശ്യമാണ് ഉയരുന്നത്. പച്ചക്കറി വിപണിയില്‍ പലതരത്തിലുള്ള വിലയാണ് ഈടാക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.