Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മുന്‍മന്ത്രിയും അമ്പലപ്പുഴ എംഎല്‍എയുമായ ജി സുധാകരന് മറുപടിയുമായി കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍. ജി സുധാകരന്‍ ഇപ്പോഴും സിപിഎമ്മിലാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. ആരുടേയും അധികാരത്തില്‍ കടന്നുകയറാന്‍ ശ്രമിച്ചിട്ടില്ല. താന്‍ തോട്ടപ്പള്ളിയില്‍ പോയത് മണ്ണുവാരിക്കൊണ്ടു പോകാനല്ല. ഈ പറഞ്ഞ മഹാന്‍ മന്ത്രിയായിരുന്ന കാലത്തും അവിടെ നിന്നും കരിമണല്‍ കൊണ്ടുപോയിരുന്നുവെന്നും റെജി ചെറിയാന്‍ ആരോപിച്ചു.

ആ സമയത്തൊന്നും സമയബന്ധിതമായി പൊഴി മുറിച്ചിട്ടില്ല. അവിടെ കുട്ടനാട്ടെ പാവങ്ങളുടെ വീട്ടില്‍ വെള്ളം കയറിയെന്നു കണ്ടുകഴിയുമ്പോള്‍, രാത്രിക്ക് രാത്രി എമര്‍ജന്‍സി കോണ്‍ട്രാക്ട് കൊടുത്ത് കോടികള്‍ മുടക്കി അവിടുന്ന് മണ്ണ് മാറ്റാന്‍ തുടങ്ങും. അത് അടൂരിലേക്കാണോ മറ്റെവിടേക്കെങ്കിലുമാണോ എന്ന് അന്ന് ഭരിച്ചവര്‍ക്കാണ് അറിയാനാകുക. റെജി ചെറിയാന്‍ പോയത് മണ്ണു വാരിക്കൊണ്ടു പോകാനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലാവസ്ഥ പ്രവചനം അനുസരിച്ച് അടുത്ത അഞ്ചാറു ദിവസം മഴയാണെന്നാണ് അറിയിപ്പ്. കുട്ടനാട്ടെ എംഎല്‍എ എന്ന നിലയില്‍ തോട്ടപ്പള്ളി പൊഴി മുറിച്ചിട്ടുണ്ടോ എന്ന് അറിയേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. ആലപ്പുഴ ജില്ലയിലെ ഏതു എഞ്ചിനീയറെ വിളിക്കാനുള്ള അവകാശവും കുട്ടനാട്ടെ എംഎല്‍എയ്ക്കുണ്ട്. അതനുസരിച്ച് വിളിച്ചു. അവിടെ വേണ്ട നടപടികള്‍ ആരാഞ്ഞു. അടുത്ത ദിവസം അമ്പലപ്പുഴ എംഎല്‍എ അടക്കം എല്ലാവരുടേയും യോഗം വിളിച്ച് തീരുമാനമെടുക്കുമെന്ന് താന്‍ പറഞ്ഞിരുന്നു.

അതല്ലാതെ ഏതെങ്കിലും നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുകയോ, വേറൊരാളുടെ മണ്ഡലത്തില്‍ കടന്നുകയറി ചെയ്യുകയോ ചെയ്തിട്ടില്ല. വ്യക്തിഹത്യ ചെയ്യുന്നത് നോക്കിക്കണ്ട് ചെയ്താല്‍ കൊള്ളാം. ഇതു യുഡിഎഫാണ്. ജനാധിപത്യ പാര്‍ട്ടിയാണ്. ഇവിടെ എന്റെയോ വേറെ ഏതെങ്കിലും എംഎല്‍എയുടേയോ രാജാവാകാന്‍ ആരും ശ്രമിക്കേണ്ട. അതിനു സമ്മതിക്കില്ല. അതിനു നിന്നുകൊടുക്കുകയുമില്ല. തന്നെ വ്യക്തിപരമായി പറഞ്ഞാല്‍ ശക്തമായ ഭാഷയില്‍ തിരിച്ചു പറയുമെന്നും റെജി ചെറിയാന്‍ പറഞ്ഞു.

അമ്പലപ്പുഴ മണ്ഡലത്തില്‍പ്പെട്ട തോട്ടപ്പള്ളി സ്പില്‍വേയും പൊഴിയും സന്ദര്‍ശിച്ച റെജി ചെറിയാന്റെ നടപടിയാണ് ജി സുധാകരന്‍ എംഎല്‍എയെ ചൊടിപ്പിച്ചത്. ഒരു എംഎല്‍എയ്ക്കു മുകളില്‍ വേറൊരു എംഎല്‍എ അധികാരം സ്ഥാപിക്കുന്നുവെന്ന് അമ്പലപ്പുഴ എംഎല്‍എയായ ജി സുധാകരന്‍ വിമര്‍ശിച്ചു.

‘റെജി ചെറിയാന് സമ്പത്തിന്റെ അഹങ്കാരമാണ്. നിയമസഭാ പ്രിവിലേജ് കമ്മിറ്റിയില്‍ പരാതി നല്‍കിയാല്‍ റെജി ചെറിയാന്‍ ശിക്ഷിക്കപ്പെടും. റെജി ചെറിയാന്‍ വലിയ സ്ഥാപനത്തിന്റെ ഉടമയാണ്. ഞാനവിടെ വെള്ളമടിക്കാന്‍ പോകാത്തതുകൊണ്ട് എന്നോട് സ്‌നേഹം കാണില്ല. അവിടെ വെള്ളമടിക്കാന്‍ പോകുന്ന നേതാക്കന്മാരെ എനിക്കറിയാം. 63 വര്‍ഷമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നയാളാണ് താനെന്നും ജി സുധാകരന്‍ പറഞ്ഞു.