Source :- SIRAJLIVE NEWS

കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വെല്ലുവിളികളിലൊന്നാണ് മയക്കുമരുന്നിന്റെ അതി വ്യാപനവും അതിന്റെ ഭീകരമായ പ്രത്യാഘാതങ്ങളും. സമീപകാലത്ത് പുറത്തുവരുന്ന വാര്‍ത്തകളും പോലീസ് രേഖകളും പരിശോധിക്കുമ്പോള്‍ യുവാക്കള്‍ പ്രത്യേകിച്ച് മലബാര്‍ മേഖലയിലുള്ളവര്‍ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെടുന്നതായി കാണാന്‍ കഴിയും. അതില്‍ മുസ്‌ലിം സമുദായത്തിലെ കുട്ടികളും യുവാക്കളും സ്ത്രീകള്‍ പോലും ഗണ്യമായ തോതില്‍ അകപ്പെടുന്നുവെന്നത് ആശങ്കാജനകമാണെങ്കിലും യാഥാര്‍ഥ്യമാണ്.

ഇത് കേവലം ഒരു നിയമ പ്രശ്‌നമല്ല. കുടുംബങ്ങളുടെ ശാശ്വത തകര്‍ച്ചക്കും വിദ്യാഭ്യാസ സ്തംഭനത്തിനും സാമ്പത്തിക ദുരന്തങ്ങള്‍ക്കും സാമൂഹിക അപചയത്തിനും കാരണമാകുന്ന വന്‍ വിപത്താണ്. ഇന്ന് ഒരു കുട്ടി മയക്കുമരുന്നിന് അടിപ്പെടുമ്പോള്‍ നാളെ ഒരു കുടുംബം മുഴുവന്‍ ശിഥിലമാകും. ഒരു കുടുംബം തകരുമ്പോള്‍ സമൂഹത്തിന്റെ അടിത്തറയാണ് ദുര്‍ബലമാകുന്നത്.
മുസ്‌ലിം മഹല്ലുകള്‍ക്ക് മയക്കുമരുന്ന് വിഷയത്തില്‍ വലിയൊരു പ്രതിരോധ ശക്തിയായി മാറാന്‍ കഴിയുമായിരുന്നിട്ടും വേണ്ടത്ര ജാഗ്രതയും ക്രിയാത്മക ഇടപെടലുകളും ഉണ്ടാകുന്നില്ല. നമ്മുടെ മുന്‍ഗണനയിലേക്ക് ഇക്കാര്യങ്ങള്‍ ഗൗരവത്തില്‍ കടന്നുവരുന്നേയില്ല. ഇത് ആത്മപരിശോധനക്ക് വിധേയമാക്കേണ്ട വിഷയമാണ്. മഹല്ലുകള്‍ അനുഷ്ഠാന ജീവിതത്തിന്റെ കേന്ദ്ര സ്ഥാനങ്ങള്‍ മാത്രമല്ല, സമൂഹത്തെ ആരോഗ്യത്തോടെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അടിസ്ഥാന സംവിധാനമാണ്. ഇത് നാം മറന്ന് പോകുന്നു. കേരള സര്‍ക്കാര്‍ മയക്കുമരുന്നിനെതിരെ ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി “ഓപറേഷൻ തൂഫാന്‍’ പദ്ധതിയിലൂടെ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍, മഹല്ലുകളും സംഘടനാ സംവിധാനങ്ങളും അതിനോടൊപ്പം കൈകോര്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

അതിന് വേണ്ടി ഓരോ മഹല്ലിലും താഴെപ്പറയുന്ന നടപടികള്‍ സ്വീകരിക്കാവുന്നതാണ്: ഒന്ന്, മഹല്ല് ആന്റിഡ്രഗ് യൂനിറ്റുകള്‍ രൂപവത്കരിക്കുക. ഓരോ മഹല്ലിലും യുവജനങ്ങള്‍, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മതപണ്ഡിതര്‍, പൊതുകാര്യ പ്രസക്തര്‍ എന്നിവരെ ഉള്‍പ്പെടുത്തി ആന്റിഡ്രഗ് ജാഗ്രതാ സമിതികള്‍ രൂപവത്കരിക്കണം. രണ്ട്, മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്കരണ ക്ലാസ്സുകള്‍ നടത്തുക. മയക്കുമരുന്നിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാനും കുട്ടികളുടെ പെരുമാറ്റ വ്യതിയാനങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കാനുമായി രക്ഷിതാക്കള്‍ക്ക് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക. മൂന്ന്, യുവജന കൗണ്‍സലിംഗ് കേന്ദ്രങ്ങള്‍. പ്രശ്‌നങ്ങളില്‍ അകപ്പെടുന്ന കുട്ടികളെയും യുവാക്കളെയും കുറ്റവാളികളായി കാണാതെ തിരുത്തലിനും സാമൂഹിക മുഖ്യധാരാ പ്രവേശനത്തിനും അവസരമൊരുക്കുന്ന കൗണ്‍സലിംഗ് സംവിധാനങ്ങള്‍ അടിയന്തരമായി രൂപവത്കരിക്കുക. നാല്, വിദ്യാലയ- കോളജ് സഹകരണം.

മഹല്ലുകള്‍ പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് സംയുക്ത ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക. അഞ്ച്, ഖുതുബകളിലും മതപ്രഭാഷണങ്ങളിലും വിഷയത്തിന് പ്രാധാന്യം നല്‍കുക. മയക്കുമരുന്ന് വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും നാശത്തിന് കാരണമാകുന്ന മഹാപാതകമാണെന്ന സന്ദേശം എല്ലാ മതവേദികളിലൂടെയും ശക്തമായി പ്രചരിപ്പിക്കണം. ആറ്, സാംസ്‌കാരിക, കലാ കായിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക. യുവാക്കളെ ആരോഗ്യകരമായ സാമൂഹിക ഇടപെടലുകളിലേക്ക് നയിക്കുന്നതിനായി കായിക, കലാ, സാംസ്‌കാരിക പരിപാടികള്‍ മഹല്ലുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുക. ഏഴ്, തൂഫാന്‍ പദ്ധതിയുമായി സഹകരണം. കേരള സര്‍ക്കാറിന്റെ തൂഫാന്‍ പദ്ധതിയുമായി മഹല്ലുകള്‍ ഔദ്യോഗികമായി സഹകരിച്ച് പ്രാദേശിക തലത്തില്‍ ബോധവത്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുക.

ഇന്ന് നാം മൗനവും നിസ്സംഗതയും പാലിച്ചാല്‍ നാളെ നമ്മുടെ മക്കളെ നഷ്ടപ്പെടാം. എന്നാല്‍ ഇന്ന് നാം ജാഗ്രതയോടെ ഒത്തുപ്രവര്‍ത്തിച്ചാല്‍ ഒരു തലമുറയെ രക്ഷിക്കാന്‍ നമുക്ക് കഴിയും. മയക്കുമരുന്നിനെതിരായ പോരാട്ടം പോലീസിന്റെയോ സര്‍ക്കാറിന്റെയോ മാത്രം ഉത്തരവാദിത്വമല്ല; ഓരോ കുടുംബത്തിന്റെയും ഓരോ മഹല്ലിന്റെയും ഓരോ സാമൂഹിക സംഘടനയുടെയും ഓരോ വിശ്വാസിയുടെയും നിര്‍ബന്ധ ബാധ്യതയാണ്. നമ്മുടെ മഹല്ലുകളെ മയക്കുമരുന്ന് മുക്ത മേഖലകളാക്കി മാറ്റാന്‍ നമുക്ക് പ്രതിജ്ഞയെടുക്കാം. നമ്മുടെ മക്കളുടെ ഭാവിക്കു വേണ്ടി, നമ്മുടെ സമൂഹത്തിന്റെ സുരക്ഷക്കു വേണ്ടി, വരും തലമുറകളുടെ നന്മക്കു വേണ്ടി ഈ മുന്നേറ്റത്തില്‍ എല്ലാവരും പങ്കാളികളാകണം. ഒരു കുട്ടിയെ രക്ഷിക്കുന്നത് ഒരു കുടുംബത്തെ രക്ഷിക്കുന്നതിനു തുല്യമാണ്; ഒരു കുടുംബത്തെ രക്ഷിക്കുന്നത് ഒരു സമൂഹത്തെ രക്ഷിക്കുന്നതിനു തുല്യമാണ്.