Home LATEST NEWS malyalam പുതിയ വാർത്ത ബഹിരാകാശത്തെ മലയാളിപ്പെരുമ; ഡോ. അനില്‍ മേനോന്‍ 14ന് യാത്രതിരിക്കും

ബഹിരാകാശത്തെ മലയാളിപ്പെരുമ; ഡോ. അനില്‍ മേനോന്‍ 14ന് യാത്രതിരിക്കും

3
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ നാസ ശാസ്ത്രജ്ഞനായ ഡോ. അനില്‍ മേനോന്‍. നാസയിലെ ബഹിരാകാശയാത്രികനും ഇന്ത്യന്‍- അമേരിക്കന്‍ ഫിസിഷ്യനും എന്‍ജിനീയറും സൈനിക ഉദ്യോഗസ്ഥനുമായ അനില്‍ മേനോന്‍ അടുത്ത മാസം 14ന് കസാക്കിസ്താനിലെ ബൈക്കോനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് സോയൂസ് എം എസ്- 29 പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശനിലയ (ഐ എസ് എസ്) ത്തിലേക്ക് കുതിക്കും. റഷ്യന്‍ ഏജന്‍സിയായ റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികരായ പ്യോട്ടര്‍ ഡുബ്രോവ്, അന്ന കിക്കിന എന്നിവരോടൊപ്പം എട്ട് മാസത്തെ ഭ്രമണപഥ ദൗത്യത്തിനാണ് അദ്ദേഹം യാത്ര തിരിക്കുന്നത്.

പാതി മലയാളിയായ അനില്‍ മേനോന്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അനിലിന്റെ പിതാവ് ശങ്കരന്‍ മേനോന്‍. ശാസ്ത്രം, സാങ്കേതികവിദ്യ, സൈനികം, ബഹിരാകാശ ഗവേഷണം എന്നിവയിലെ മികച്ച കരിയറിനുടമയായ അനില്‍, ഹാര്‍വാര്‍ഡില്‍ നിന്ന് ന്യൂറോബയോളജിയില്‍ ബിരുദം നേടി. തുടര്‍ന്ന് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ ബിരുദവും മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടി.

സ്‌പേസ് എക്‌സിന്റെ ആദ്യത്തെ ഫ്‌ലൈറ്റ് സര്‍ജനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു. യു എസ് വ്യോമസേനയില്‍ കേണല്‍ ആയിരുന്നു. 2014ലാണ് അനില്‍ മേനോന്‍ നാസയില്‍ ഫ്‌ലൈറ്റ് സര്‍ജനായെത്തുന്നത്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോക്ടറായ അദ്ദേഹം ബഹിരാകാശ ഗവേഷകരുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. സ്പേസ് എക്സ് ജീവനക്കാരിയായ അന്നാ മേനോനാണ് ഭാര്യ.

ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ട പരിശീലനങ്ങളുടെ അവസാന ഘട്ടത്തിലാണ് അനില്‍. ചാന്ദ്ര, ചൊവ്വാ ഗവേഷണത്തിലാകും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ അദ്ദേഹമടക്കമുള്ള സംഘം ഏര്‍പ്പെടുക.

Content Highlights:
NASA astronaut Dr. Anil Menon will launch to the International Space Station on July 14. The Indian-American physician will spend 240 days in orbit conducting critical microgravity research. His maiden spaceflight brings immense pride to Malayalis worldwide.