Home LATEST NEWS malyalam പുതിയ വാർത്ത ടൊയോട്ടയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി ‘എബെല്ല’ ഇന്ത്യയിൽ വിൽപന ആരംഭിച്ചു; വിലയും സവിശേഷതകളും അറിയാം

ടൊയോട്ടയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി ‘എബെല്ല’ ഇന്ത്യയിൽ വിൽപന ആരംഭിച്ചു; വിലയും സവിശേഷതകളും അറിയാം

3
0

Source :- SIRAJLIVE NEWS

ന്യൂഡൽഹി | പ്രമുഖ വാഹന നിർമ്മാതാക്കളായ ടൊയോട്ട തങ്ങളുടെ ആദ്യ സമ്പൂർണ്ണ ഇലക്ട്രിക് എസ്‌യുവിയായ ടൊയോട്ട എബെല്ലയുടെ ഉപഭോക്തൃ വിതരണം ഇന്ത്യയിൽ ഔദ്യോഗികമായി ആരംഭിച്ചു. രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം വാഹനം എത്തിത്തുടങ്ങിയിട്ടുണ്ട്. മാരുതി സുസുക്കി ഇ വിറ്റാരയുടെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ ഇലക്ട്രിക് എസ്‌യുവി നിർമ്മിച്ചിരിക്കുന്നതെങ്കിലും ടൊയോട്ടയുടെ തനതായ സ്റ്റൈലിംഗും ഫീച്ചറുകളുമാണ് ഇതിന് നൽകിയിരിക്കുന്നത്. ബിഗ്നസ്വർ ക്യാപിറ്റൽ ടൊയോട്ടയിലാണ് ഇന്ത്യയിലെ ആദ്യ എബെല്ല ഡെലിവറി നടന്നത്.

നിലവിൽ ടൊയോട്ട എബെല്ലയുടെ ഏറ്റവും ഉയർന്ന മോഡലായ ഇ3 വേരിയന്റ് മാത്രമാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്. ഇതിന്റെ മോണോ ടോൺ പതിപ്പിന് 23.60 ലക്ഷം രൂപയും ഡ്യുവൽ ടോൺ മോഡലിന് 23.80 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. വരും ദിവസങ്ങളിൽ കൂടുതൽ താങ്ങാനാവുന്ന ഇ1, ഇ2 വേരിയന്റുകൾ കമ്പനി അവതരിപ്പിക്കും. വാഹനത്തിന്റെ മുൻകൂർ വാങ്ങൽ ചെലവ് കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി ബാറ്ററി അസ് എ സർവീസ് (ബി എ എ സ്) സൗകര്യവും ടൊയോട്ട ഒരുക്കിയിട്ടുണ്ട്. ഈ പ്ലാൻ പ്രകാരം 15.25 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ വാഹനം വാങ്ങാം, ബാറ്ററി ഉപയോഗത്തിനുള്ള തുക ഓരോ കിലോമീറ്റർ അടിസ്ഥാനത്തിൽ പ്രത്യേകമായി നൽകിയാൽ മതിയാകും.

61 കിലോവാട്ട് അവർ ബാറ്ററി പാക്കോടു കൂടിയാണ് നിലവിലെ ഇ3 വേരിയന്റ് വരുന്നത്. ഇത് ഫ്രണ്ട് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ സജ്ജീകരണം 172 ബി എച്ച് പി കരുത്തും 193 എൻ എം ടോർക്കും ഉത്പാദിപ്പിക്കും. ഒറ്റത്തവണ ചാർജ് ചെയ്താൽ 543 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്. വരാനിരിക്കുന്ന താഴ്ന്ന വേരിയന്റുകളിൽ 49 കിലോവാട്ട് അവർ ശേഷിയുള്ള ചെറിയ ബാറ്ററി പാക്ക് ടൊയോട്ട അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഏകദേശം 440 കിലോമീറ്റർ റേഞ്ച് ലഭിച്ചേക്കും. ഡി സി ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന വാഹനം വെറും 45 മിനിറ്റിനുള്ളിൽ 10 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാനാകും.

പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, ആംബിയന്റ് ലൈറ്റിംഗ്, പ്രീമിയം ജെ ബി എൽ ഓഡിയോ സിസ്റ്റം, ഡ്യുവൽ ടോൺ കാബിൻ തീം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി എന്നിവ ഇതിലുണ്ട്. ഡാഷ്‌ബോർഡിൽ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടെയുള്ള ഇരട്ട ഡിജിറ്റൽ ഡിസ്‌പ്ലേകളാണ് നൽകിയിരിക്കുന്നത്.

സുരക്ഷയ്ക്കായി ഏഴ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ലെവൽ 2 എ ഡി എ സ് ഫീച്ചറുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, ടാറ്റ കർവ്വ് ഇവി, ടാറ്റ ഹാരിയർ ഇവി, എംജി വിൻഡ്‌സർ ഇവി, മാരുതി ഇ വിറ്റാര, വിൻഫാസ്റ്റ് വിഎഫ്6 എന്നിവയാണ് വിപണിയിലെ പ്രധാന എതിരാളികൾ.

Content Highlights:

Toyota has started customer deliveries of its first all-electric SUV, the Ebella, in India. Currently available in the top-spec E3 variant, it is priced from Rs 23.60 lakh. It offers a claimed range of up to 543 km on a single charge and features a Battery-as-a-Service (BaaS) option.