Home LATEST NEWS malyalam പുതിയ വാർത്ത റേഷന്‍ മേഖലയിലെ തീവെട്ടിക്കൊള്ള തടയണം

റേഷന്‍ മേഖലയിലെ തീവെട്ടിക്കൊള്ള തടയണം

3
0

Source :- SIRAJLIVE NEWS

ബയോമെട്രിക് സംവിധാനം നിലവില്‍ വന്നതോടെ സംസ്ഥാനത്ത് റേഷന്‍ കടകളിലെ ഇടപാടുകള്‍ അഴിമതിരഹിതമായെന്നാണ് പൊതുവെ വിശ്വസിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം തെക്കന്‍ കേരളത്തിലെ ചില റേഷന്‍ കടകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയോടെ ഈ ധാരണ തിരുത്തേണ്ടി വന്നിരിക്കുന്നു. “ഓപറേഷന്‍ ഭക്ഷ്യ സുരക്ഷ’യുടെ ഭാഗമായി 14 എന്‍ എഫ് എസ് എ ഗോഡൗണുകളിലും 53 റേഷന്‍ കടകളിലും നടന്ന പരിശോധനയില്‍ 18 ലക്ഷം രൂപയുടെ അനധികൃത ഇടപാടുകളാണ് കണ്ടെത്തിയത്. കരിഞ്ചന്തയില്‍ അരി വാങ്ങാനെന്ന വ്യാജേന എത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് റേഷന്‍ സാധനങ്ങള്‍ മറിച്ചുവില്‍ക്കാനും റേഷന്‍ ലൈസന്‍സി തയ്യാറായി. റേഷന്‍ ധാന്യങ്ങളില്‍ നല്ലൊരു പങ്കും യഥാര്‍ഥ അവകാശികളിലേക്ക് എത്താതെ വഴിമാറിപ്പോവുകയാണെന്ന് പരിശോധനയില്‍ വ്യക്തമായിരിക്കുകയാണ്.
കേരളത്തിന്റെ സാമൂഹിക സുരക്ഷാ ചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായമായാണ് സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം വിലയിരുത്തപ്പെടുന്നത്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ റേഷന്‍ കാര്‍ഡുകള്‍ വഴി സൗജന്യമായും കുറഞ്ഞ വിലയിലും ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്ന ഈ സംവിധാനം കേരളത്തിന്റെ ഭക്ഷ്യസുരക്ഷയില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇടക്കാലത്ത് റേഷന്‍ കടകളില്‍ വന്‍തോതില്‍ അനധികൃത ഇടപാടുകളും വെട്ടിപ്പുകളും നടക്കുന്നതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഡിജിറ്റല്‍ സംവിധാനങ്ങളും ബയോമെട്രിക് ഇ- പോസ് മെഷീനുകളും ഏര്‍പ്പെടുത്തിയത്. ഉപഭോക്താവിന്റെ വിരലടയാളം പതിഞ്ഞാല്‍ മാത്രമേ ധാന്യങ്ങള്‍ വിതരണം ചെയ്യാവൂ എന്ന നിഷ്‌കര്‍ഷയോടെ നടപ്പാക്കിയ ഈ സംവിധാനങ്ങള്‍ നിലനില്‍ക്കെ തന്നെ വെട്ടിപ്പുകളും അനധികൃത ഇടപാടുകളും ഇപ്പോഴും വ്യാപകം.
വിരലടയാളം കൃത്യമായി ലഭിക്കാന്‍ പ്രയാസമുള്ള അതിവയോധികര്‍ക്കും കിടപ്പുരോഗികള്‍ക്കും ഏര്‍പ്പെടുത്തിയ ഒ ടി പിയും (വണ്‍ ടൈം പാസ്സ്‌വേര്‍ഡ്) നോമിനി വ്യവസ്ഥയുമാണ് അഴിമതിക്ക് ചില റേഷന്‍ വ്യാപാരികള്‍ അവലംബിക്കുന്ന ഒരു മാര്‍ഗം. കാര്‍ഡുടമകള്‍ അറിയാതെ റേഷന്‍ കടക്കാര്‍ അവരുടെ പേരില്‍ വ്യാജ നോമിനുകളെ ചമയ്ക്കുകയോ സിസ്റ്റത്തിലെ ചില സാങ്കേതിക പഴുതുകള്‍ ഉപയോഗിച്ച് വിരലടയാളം ഇല്ലാതെ തന്നെ സാധനങ്ങള്‍ മാറ്റിവെക്കുകയോ ചെയ്യുന്നു. സ്ഥിരമായി റേഷന്‍ വാങ്ങാത്തവരുടെയോ മറ്റിടങ്ങളിലേക്ക് താമസം മാറ്റിയവരുടെയോ പേരിലും വ്യാജ ഇടപാടുകള്‍ നടത്തുന്നുണ്ട്.

ഡിജിറ്റല്‍ മെഷീനില്‍ അടയാളപ്പെടുത്തുന്ന അളവും ഉപഭോക്താവിനു നല്‍കുന്ന അളവും തമ്മിലുളള വ്യത്യാസമാണ് മറ്റൊരു തട്ടിപ്പ്. ഒരു റേഷന്‍ കാര്‍ഡിന് അര്‍ഹതപ്പെട്ട ധാന്യം മുഴുവന്‍ ഇ- പോസ് മെഷീനില്‍ ബില്ല് ചെയ്ത ശേഷം ഉപഭോക്താവിന് അളവ് കുറച്ചുനല്‍കുന്നു. 30 കിലോ ധാന്യത്തിന് അര്‍ഹതയുളള ഒരു ഉപഭോക്താവിനു 25 കിലോ അരിയായിരിക്കും നല്‍കുന്നത്. സാധാരണക്കാര്‍ ഇ- പോസ് മെഷീനില്‍ രേഖപ്പെടുത്തിയ അളവെത്രയെന്നു ശ്രദ്ധിക്കാറില്ല. ഇങ്ങനെ പലരില്‍ നിന്നും വെട്ടിച്ചുണ്ടാക്കുന്ന ധാന്യം പിന്നീട് ചാക്കുകണക്കിനു കരിഞ്ചന്തയിലേക്ക് പോകുന്നു. നിര്‍ധനരായ കുടുംബങ്ങള്‍ സാമ്പത്തിക പരാധീനത മൂലം കാര്‍ഡുകള്‍ റേഷന്‍ കടകളില്‍ പണയം വെക്കുന്ന സമ്പ്രദായമുണ്ട് ചിലയിടങ്ങളില്‍. ഇതും ഒരു ചൂഷണമാര്‍ഗമാണ്. കാര്‍ഡുടമകള്‍ എല്ലാ മാസവും കടകളിലെത്തി വിരലയാളം പതിച്ചു നല്‍കുമെങ്കിലും ധാന്യങ്ങള്‍ വാങ്ങാതെ റേഷന്‍ കടക്കാരന്‍ നല്‍കുന്ന നിസ്സാര തുക വാങ്ങി മടങ്ങും. ഇവിടെ വിരലടയാളവും ബില്ലിംഗും ഡിജിറ്റലായി കൃത്യമായിരിക്കുമെങ്കിലും ആ സാധനങ്ങള്‍ പിന്നീട് വ്യാപാരികള്‍ കരിഞ്ചന്തയിലേക്ക് മറിക്കുകയാണ്.

സിവില്‍ സപ്ലൈസ് ഗോഡൗണുകളില്‍ നിന്ന് റേഷന്‍കടകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന ഘട്ടത്തിലാണ് മറ്റൊരു തട്ടിപ്പ്. റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന വാഹനങ്ങളിലെ ജി പി എസ് സംവിധാനം ബോധപൂര്‍വം പ്രവര്‍ത്തനരഹിതമാക്കിയോ അനധികൃത വാഹനങ്ങള്‍ ഉപയോഗിച്ചോ റേഷന്‍ സാധനങ്ങള്‍ സ്വകാര്യ മില്ലുകളിലേക്കോ വ്യാപാര സ്ഥാപനങ്ങളിലേക്കോ മാറ്റുന്ന ഈ തട്ടിപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് അരങ്ങേറുന്നത്. ഇവിടെ ഗോഡൗണില്‍ നിന്ന് പുറപ്പെടുന്ന കൃത്യമായ അളവിലുള്ള സാധനങ്ങള്‍ റേഷന്‍ കടകളിലെത്തില്ലെങ്കിലും വ്യാപാരികള്‍ ബില്ലുകളില്‍ കൃത്രിമം കാണിച്ച് അളവ് കൃത്യമാണെന്നു വരുത്തിത്തീര്‍ക്കുന്നു.
ഈ തട്ടിപ്പും വെട്ടിപ്പും തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ബയോമെട്രിക് പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കുക, റേഷന്‍ ഇടപാടുകളുടെ വിവരങ്ങള്‍ മൊബൈല്‍ വഴി ഉപഭോക്താവിനു തത്സമയം ലഭ്യമാക്കുക, ജി പി എസ് അധിഷ്ടിത ഗതാഗത നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കുക, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഉപഭോകൃത സംഘടനകളും കുടുംബശ്രീയും ചേര്‍ന്ന് റേഷന്‍ കടകളില്‍ സാമൂഹിക ഓഡിറ്റ് നടത്തുക തുടങ്ങിയവയാണ് വെട്ടിപ്പും ക്രമക്കേടുകളും തടയാന്‍ നിര്‍ദേശിക്കപ്പെടുന്ന മാര്‍ഗങ്ങള്‍. അഴിമതിക്കാരായ വ്യാപാരികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണം. സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി കൊണ്ടാണ് റേഷന്‍ കടകളില്‍ സാധനങ്ങള്‍ സൗജന്യമായും വിലകുറച്ചും നല്‍കുന്നത്. അത് കവര്‍ന്നെടുക്കുന്നത് പൊതുപണത്തിന്റെ കൊള്ള മാത്രമല്ല, ദുര്‍ബല വിഭാഗങ്ങളുടെ അവകാശം കവര്‍ന്നെടുക്കലുമാണ്. അത്തരക്കാരോട് ഒരു ദാക്ഷിണ്യവും കാണിക്കരുത്.
ഇതോടൊപ്പം കമ്മീഷന്‍ തുകയിലെ അപര്യാപ്തത, അടസ്ഥാന സൗകര്യക്കുറവ് തുടങ്ങി റേഷന്‍ വ്യാപാരികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും വേണം. നിയമലംഘകരെ ഒറ്റപ്പെടുത്തുന്നതോടൊപ്പം നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന വ്യാപരികള്‍ക്ക് പരമാവധി പിന്തുണ നല്‍കുകയും വേണം.