Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | രാജ്യത്ത് ഭരണഘടനാ മൂല്യങ്ങളും നിയമവാഴ്ചയും കാറ്റില്‍പ്പറത്തിക്കൊണ്ട് നിയമവിരുദ്ധമായി ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കുന്നത് തടയാനും സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്താനും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാന്‍ എം പി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു.
രാജ്യത്തെ പൊതുസമാധാനത്തെയും ജനാധിപത്യ സ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസത്തെയും തകര്‍ക്കുന്ന രീതിയിലുള്ള അതീവ ഗുരുതരമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതെന്ന് എം.പി. കത്തില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 45 ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 23-ലധികം ആരാധനാലയങ്ങളാണ് തകര്‍ക്കപ്പെട്ടതെന്നും ഡല്‍ഹി മംഗോള്‍പുരിയിലെ 200 വര്‍ഷം പഴക്കമുള്ള ‘ദര്‍ഗ പാഞ്ച് പീരാന്‍’ മസ്ജിദ് പൊളിച്ചുനീക്കിയതും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ആയിരം വര്‍ഷത്തോളം പഴക്കമുള്ള ‘മസ്ജിദ് ഗഞ്ച് ഷഹീദ’ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളും നിരവധി സാധാരണക്കാരുടെ പാര്‍പ്പിടങ്ങളും ഇത്തരത്തില്‍ പൊളിച്ചുനീക്കപ്പെട്ടുവെന്നും എം പി കത്തില്‍ ചൂണ്ടിക്കാട്ടി.
ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വവും ജീവിക്കാനുള്ള സ്വാതന്ത്ര്യവും ലംഘിച്ചുകൊണ്ട്, യാതൊരുവിധ നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെയാണ് ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നത്. ഏതെങ്കിലും സ്വകാര്യ വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ നിയമം കൈയിലെടുക്കാനോ അധികാരം പ്രയോഗിക്കാനോ അവകാശമില്ല. ഇത്തരം സംഭവങ്ങള്‍ സാമൂഹിക അന്തരീക്ഷം വഷളാക്കാന്‍ കാരണമാകുമെന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനെതിരെ ശക്തമായ രീതിയില്‍ ഇടപെടണമെന്ന് ഹാരിസ് ബീരാന്‍ എം.പി. ആവശ്യപ്പെട്ടു.
Content Highlights: IUML MP Haris Beeran has written a letter to Home Minister Amit Shah demanding urgent intervention against the illegal demolition of places of worship. He highlighted that over 23 religious structures, including ancient mosques, were destroyed across various states in the last 45 days. The MP urged the Home Ministry to maintain law and order and ensure communal harmony in the country.




