Home LATEST NEWS malyalam പുതിയ വാർത്ത പ്രതികളാകുന്നവരെ നമുക്ക് നഷ്ടമാകരുത്

പ്രതികളാകുന്നവരെ നമുക്ക് നഷ്ടമാകരുത്

3
0

Source :- SIRAJLIVE NEWS

ലഹരിയുമായി ബന്ധപ്പെട്ട കേസില്‍ പിടിക്കപ്പെടുന്നവരില്‍ 21 വയസ്സിന് താഴെയുള്ള ചെറുപ്പക്കാരുടെ/ വിദ്യാര്‍ഥികളുടെ പങ്ക് ഞെട്ടിപ്പിക്കുന്നതാണ്. സ്‌കൂള്‍, കോളജ് ക്യാമ്പസുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പ്പനയില്‍ പുറമേ നിന്നുള്ള ഇടപെടല്‍ ഒന്നാം ഘട്ടത്തിലേ നടക്കുന്നുള്ളൂ. പിന്നീട് കുട്ടികള്‍ തന്നെ അതിന്റെ ഉപയോക്താക്കളായും വില്‍പ്പനക്കാരായും മാറുകയാണ്. പിന്നീട് അവര്‍ പിടിക്കപ്പെടുമ്പോള്‍ മാത്രമാണ് രക്ഷിതാക്കളും സമൂഹവും വഴിതെറ്റിപ്പോയ കുട്ടികളെ കുറിച്ചുള്ള ആശങ്ക പങ്കുവെക്കുന്നത്.

ഒരിക്കലും ഇത്തരം വിദ്യാര്‍ഥികളില്‍ മഹാഭൂരിഭാഗവും ലഹരിയുമായി ബന്ധപ്പെട്ട് വളര്‍ന്നവരല്ല. അവരുടെ വീടുകള്‍ അവരെ ഒരുക്കി നിര്‍ത്തുന്നത് നാളത്തെ ഉത്തമ പൗരന്മാരായി തന്നെയാണ്. പക്ഷേ വീടുവിട്ടിറങ്ങുമ്പോള്‍ ആ കുട്ടികള്‍ എവിടെയൊക്കെ, എങ്ങനെയൊക്കെ മാറ്റപ്പെടുന്നു എന്ന് ഒരു രക്ഷിതാവിനും പിറകെ ചെന്ന് നോക്കാന്‍ കഴിയില്ല. അതുകൊണ്ട് ഇത്തരം ചതിക്കുഴിയില്‍ അകപ്പെടുന്ന കുട്ടികളെ രക്ഷിച്ചെടുക്കേണ്ട ഉത്തരവാദിത്വം രക്ഷിതാക്കളേക്കാള്‍ സമൂഹത്തിനാണ്. ഓപറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി ഓപറേഷന്‍ റിക്കവറി എന്നൊരു പദ്ധതി കൂടി സര്‍ക്കാര്‍ നടപ്പാക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങള്‍ പറയാം.

ഒന്നാമതായി, 21 വയസ്സിന് താഴെ പ്രായമുള്ള വിദ്യാര്‍ഥിയോ വിദ്യാര്‍ഥിനിയോ മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടാല്‍ മാതൃകാപരമായി ശിക്ഷിക്കണം. പിടിക്കപ്പെടുന്ന മയക്കുമരുന്നിന്റെ അളവ് നോക്കി അവരെ കേസില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന സമ്പ്രദായം ഒഴിവാക്കണം. മയക്കുമരുന്ന് ഉണ്ടാക്കുന്ന സാമൂഹിക വിപത്തിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സുകള്‍ നല്‍കണം. ലഹരിക്ക് അടിമയാകുന്ന കുട്ടികളുടെ നിയമപരമായ ശിക്ഷാ കാലാവധിക്ക് ശേഷം അവരുടെ തെറ്റുകള്‍ ബോധ്യപ്പെടുത്തി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള വഴിയൊരുക്കണം.

മാത്രമല്ല, ഇങ്ങനെ ശിക്ഷിക്കപ്പെടുന്ന കുട്ടികളോടുള്ള സാമൂഹിക സമീപനവും തിരുത്തപ്പെടേണ്ടതുണ്ട്. ഒരിക്കല്‍ പിടിക്കപ്പെട്ട കുട്ടികള്‍ക്ക് നേരെ ക്രിമിനല്‍ സ്വഭാവമുള്ളവരാണ് എന്ന മുദ്രകുത്തല്‍ അവരുടെ ഭാവിജീവിതത്തെയാണ് ഇല്ലാതാക്കുന്നത്. അതുകൊണ്ട് ശിക്ഷാ കാലാവധിക്ക് ശേഷം പുറത്തുവരുന്ന കുട്ടികളെ പൊതുഇടങ്ങളില്‍ സാധാരണ കുട്ടികളെ പോലെ കാണാന്‍ കഴിയണം. അവര്‍ക്ക് വിവിധ ഇടങ്ങളില്‍, വിവിധ മേഖലകളില്‍ അവസരം നല്‍കാനുള്ള ഉത്തരവാദിത്വം പൊതുസമൂഹത്തിന്റേതാണ്. അവരെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രചാരകരാക്കി മാറ്റാന്‍ കഴിയണം. കോളജുകളിലും സ്‌കൂളുകളിലും ലഹരിവിരുദ്ധ സേനകള്‍ രൂപവത്കരിക്കണം. അതില്‍ ഇവര്‍ ക്രിയാത്മകമായി ഇടപെടണം. അത്തരം വഴികളിലൂടെ ഇവരുടെ മാറ്റങ്ങളെ രക്ഷിതാക്കള്‍ക്കും സമൂഹത്തിനും നിരീക്ഷിക്കാന്‍ കഴിയും.

പല സാഹചര്യങ്ങളാലാണ് കുട്ടികള്‍ തെറ്റുകളിലേക്ക് വഴുതിപ്പോകുന്നത്. അവരുടെ ഉള്ളില്‍ വിവിധ കഴിവുകളുണ്ട്. ചിലര്‍ക്ക് വിദ്യാഭ്യാസപരമായ കഴിവായിരിക്കും. മറ്റു ചിലര്‍ കായികമായും കലാപരമായും കഴിവുള്ളവരാകാം. ഇത്തരം വിദ്യാര്‍ഥികളുടെ ഇടപെടല്‍ ഭാവി സമൂഹത്തിനുണ്ടാക്കുന്ന കരുത്തും ശക്തിയും ചെറുതല്ല. എന്നാല്‍ ഒരിക്കല്‍ ലഹരിയുമായി ബന്ധപ്പെട്ട കേസില്‍ പിടിക്കപ്പെട്ടു എന്ന ഒറ്റക്കാരണം കൊണ്ട് അവരുടെ ഭാവിജീവിതത്തെ പുറന്തള്ളാനുള്ള ഒരു ശ്രമത്തെയും അംഗീകരിച്ചുകൂടാ. എങ്ങനെയാണോ ലഹരിക്കെതിരെ ഓപറേഷന്‍ തൂഫാന്‍ പ്ലാന്‍ ചെയ്യപ്പെട്ടത് അതേ രീതിയില്‍ ഓപറേഷന്‍ റിക്കവറി എന്ന പദ്ധതിയും നടപ്പാക്കേണ്ടതുണ്ട്.

പിടിക്കപ്പെടുന്ന കുട്ടികളെ സാധാരണ കുറ്റവാളികള്‍ക്കൊപ്പം ഇടപഴകാന്‍ ഒരിക്കലും അനുവദിക്കരുത്. ജയിലില്‍ അകപ്പെട്ടു കഴിഞ്ഞാല്‍ രക്ഷിതാക്കള്‍ക്കും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്കും പരമാവധി അവരോട് സംസാരിക്കാന്‍ അവസരം ഉണ്ടാകണം. അവരുടെ മാനസിക പ്രയാസങ്ങളും ചെയ്തുപോയ തെറ്റിനോടുള്ള പ്രായശ്ചിത്തങ്ങളും കേള്‍ക്കാനുള്ള അവസരമായി ഇതിനെ മാറ്റം. ഇവര്‍ ശിക്ഷ കഴിഞ്ഞ് പുറത്തുവന്നാല്‍ ഇവരുടെ സാമൂഹിക സമ്പര്‍ക്കങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതുണ്ട്. സ്വയം തിരുത്താന്‍ തീരുമാനിച്ച പലരെയും ലഹരി മാഫിയ വീണ്ടും വലയിലാക്കുന്ന രീതികള്‍ നിലവിലുണ്ട്. ഏതെങ്കിലും രീതിയില്‍ ഭയപ്പെടുത്തുകയോ മറ്റോ ചെയ്യുന്നുണ്ടെങ്കില്‍ അതിനെ നിയമപരമായി കൈകാര്യം ചെയ്യാന്‍ ഓപറേഷന്‍ റിക്കവറി തയ്യാറാകണം. മാത്രമല്ല, ഒരിക്കല്‍ പിടിക്കപ്പെട്ട കുട്ടികളെ വീണ്ടും അതിനു വേണ്ടി ഉപയോഗിക്കാനുള്ള ലഹരി മാഫിയയുടെ ശ്രമങ്ങള്‍ നിരന്തരം ഉണ്ടാകും. അത് അവര്‍ തന്നെ നിയമ സംവിധാനത്തെ അറിയിക്കേണ്ടതാണ്. അതിനാവശ്യമായ രീതികള്‍ എന്താണെന്ന് ഇവരുടെ ശിക്ഷാ ടേമില്‍ ഇവര്‍ക്ക് നല്‍കേണ്ടതാണ്.

ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും ഇത്തരം കുട്ടികള്‍ എല്ലാ അര്‍ഥത്തിലും മാറ്റത്തിന് വിധേയമായിരിക്കണം. ലഹരിയുടെ വിപത്തറിഞ്ഞ ഇവര്‍ മാറ്റത്തിന്റെ പോരാളികളാകണം. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ കഴിവും പ്രാപ്തിയുമുള്ള തലമുറയെ നമുക്ക് നഷ്ടമാകരുത്.

Content Highlights:
The alarming involvement of students under 21 in drug abuse cases requires immediate societal intervention. Along with strict legal penalties, the state must implement an Operation Recovery initiative to support psychological rehabilitation. Post-punishment, these reformed youths should be integrated into anti-drug campaigns to protect their future.