Home LATEST NEWS malyalam പുതിയ വാർത്ത വെട്ടിമാറ്റപ്പെടുന്നത് വോട്ടര്‍പ്പട്ടികയില്‍ നിന്ന് മാത്രമല്ല

വെട്ടിമാറ്റപ്പെടുന്നത് വോട്ടര്‍പ്പട്ടികയില്‍ നിന്ന് മാത്രമല്ല

3
0

Source :- SIRAJLIVE NEWS

രാജ്യത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ടെലഗ്രാഫ് മുന്‍ എഡിറ്ററുമായ ആര്‍ രാജഗോപാലിന്റെ പേര് വോട്ടര്‍പ്പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയ സംഭവം ഒരു സാങ്കേതിക പിഴവായി കാണാവുന്നതല്ല. കേന്ദ്ര സര്‍ക്കാറിനും സംഘ്പരിവാറിനും എതിരായ ശബ്ദങ്ങളെ അടിച്ചമര്‍ത്താനും വിമര്‍ശകരെ ജനാധിപത്യ പ്രക്രിയയില്‍ നിന്ന് മാറ്റിനിര്‍ത്താനുമുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായി വേണം ഇതിനെ കാണാന്‍. ഇതൊരു വ്യക്തിപരമായ പ്രശ്‌നമല്ല; രാജ്യത്തെ പൗരസമൂഹമാകെ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണെന്നു തിരിച്ചറിഞ്ഞതുകൊണ്ട് തന്നെയാണ് മാധ്യമ കൂട്ടായ്മയായ “എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ’യും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെതിരെ ശക്തമായി രംഗത്തുവന്നത്.

മൂന്നര ദശാബ്ദത്തിലധികമായി കൊല്‍ക്കത്തയില്‍ സ്ഥിരതാമസക്കാരനാണ് ആര്‍ രാജഗോപാല്‍. ബാലിഗഞ്ച് മണ്ഡലത്തിലാണ് അദ്ദേഹത്തിന് വോട്ട്. മുന്‍ തിരഞ്ഞെടുപ്പുകളിലെല്ലാം അദ്ദേഹം വോട്ട് രേഖപ്പെടുത്തിയതുമാണ്. ഈ വര്‍ഷത്തെ എസ് ഐ ആറിലാണ് വോട്ടര്‍പ്പട്ടികയില്‍ നിന്ന് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയത്. ഇതേതുടര്‍ന്ന് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വോട്ട് ചെയ്യാനായില്ല. മാത്രമല്ല, വോട്ടര്‍പ്പട്ടികയില്‍ പേരില്ലാത്തതിനാല്‍ പാസ്സ്‌പോര്‍ട്ട് പുതുക്കി നല്‍കാന്‍ അധികൃതര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന മകളുടെ വിവാഹത്തിന് പോകാനും സാധിച്ചില്ല. 2002ലെ വോട്ടര്‍പ്പട്ടികയില്‍ പിതാവിന്റെ പേരില്ലെന്നാണ് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ പറയുന്ന കാരണം. വോട്ടവകാശം പുനഃസ്ഥാപിച്ചു കിട്ടാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം രൂപവത്കരിച്ച ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ് അദ്ദേഹം.

സംഘ്പരിവാറിന്റെയും നരേന്ദ്ര മോദിയുടെയും കടുത്ത വിമര്‍ശകനാണ് രാജഗോപാല്‍. ഇതാണ് പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാന്‍ കാരണമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്നത് ദേശവിരുദ്ധതയല്ല; പൗരന്റെ അവകാശവും കടമയുമാണ്. നിര്‍ഭാഗ്യവശാല്‍ വിമര്‍ശകരെയെല്ലാം ശത്രുക്കളും ദേശവിരുദ്ധരുമായി മുദ്രകുത്തുന്ന രാഷ്ട്രീയ സംസ്‌കാരമാണ് രാജ്യത്തിപ്പോള്‍ വളര്‍ന്നു വരുന്നത്. കേന്ദ്ര സര്‍ക്കാറിനെയും മോദിയെയും വിമര്‍ശിച്ചതിന്റെ പേരില്‍ നിരവധി പേരാണ് ഭരണകൂട വേട്ടക്കിരയായതും ജയിലില്‍ അടക്കപ്പെട്ടതും. ഇതിന്റെ തുടര്‍ച്ചയായി വേണം സംഘ്പരിവാര്‍ വിരുദ്ധര്‍ക്ക് വോട്ടും അര്‍ഹതപ്പെട്ട മറ്റു അവകാശങ്ങളും നിഷേധിക്കാനുള്ള നീക്കത്തെ കാണാന്‍. മതിയായ രേഖ ഹാജരാക്കിയിട്ടും രാജഗോപാലിന്റെ പേര് വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കിയതിന്റെ കാരണം വ്യക്തമാക്കാന്‍ അധികൃതര്‍ക്ക് സാധിക്കാത്തത് ഈ സന്ദേഹം ബലപ്പെടുത്തുകയും ചെയ്യുന്നു. ജനാധിപത്യത്തില്‍ നീതി നടപ്പാക്കുക മാത്രമല്ല, അത് നീതിയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുക കൂടി വേണം. പേരുകള്‍ ഒഴിവാക്കിയതിന്റെ വ്യക്തമായ കാരണം കക്ഷികളെ അറിയിക്കാനും ബോധിപ്പിക്കാനും ബന്ധപ്പെട്ടവര്‍ ബാധ്യസ്ഥരാണ്. അതില്ലാത്ത സാഹചര്യത്തില്‍ ഭരണകൂടത്തിന്റെ രാഷ്ട്രീയ പകയാണെന്നു ധരിക്കാന്‍ സമൂഹം നിര്‍ബന്ധിതരാകുക സ്വാഭാവികം.

ജീവിതകാലം മുഴുവന്‍ മാധ്യമ പ്രവര്‍ത്തനം നടത്തുകയും ദേശീയതലത്തില്‍ അറിയപ്പെടുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ അവസ്ഥ ഇതാണെങ്കില്‍ പാവപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ സാധാരണക്കാരുടെ ഗതി എന്തായിരിക്കും? രാജ്യത്തൊട്ടാകെ ആറ് കോടി വോട്ടര്‍മാരും പശ്ചിമ ബംഗാളില്‍ മാത്രം 91 ലക്ഷം പേരുമാണ് എസ് ഐ ആറിനു ശേഷം വോട്ടര്‍പ്പട്ടികയില്‍ നിന്ന് പുറത്തായത്. ഇവരില്‍ നല്ലൊരു പങ്കും രാജ്യത്തെ പൗരന്മാരും ഭരണഘടനാപരമായി വോട്ടവകാശമുള്ളവരുമാണ്. ഇവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ പക്ഷേ രാജ്യത്ത് ആളുകളില്ല. പട്ടികയില്‍ പേര് പുനഃസ്ഥാപിച്ചു കിട്ടുന്നതിനുള്ള നിയമപരമായ മാര്‍ഗങ്ങളെക്കുറിച്ച് അജ്ഞരുമാണ് പലരും. നിയമപോരാട്ടം നടത്താനുള്ള സാമ്പത്തിക ശേഷിയുമില്ല. പൗരത്വമില്ലാത്തവരും ജനാധിപത്യ പ്രക്രിയയില്‍ ശബ്ദമില്ലാത്തവരുമായി മാറിയിരിക്കുകയാണ് ഫലത്തില്‍ ഇവര്‍.

കൃത്യമായ വോട്ടര്‍പ്പട്ടികയും പട്ടിക ശുദ്ധീകരണവും ജനാധിപത്യത്തില്‍ അനിവാര്യമാണെന്നത് നിസ്തര്‍ക്കിതമാണ്. മരിച്ചവരുടെ പേരുകള്‍ ഒഴിവാക്കുകയും ഇരട്ടപ്പേരുകള്‍ നീക്കം ചെയ്യുകയും വ്യാജവോട്ടുകള്‍ തടയുകയും ചെയ്യേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബാധ്യതയുമാണ്. അതേസമയം ഈ പ്രക്രിയക്കിടയില്‍ യഥാര്‍ഥ വോട്ടര്‍മാര്‍ പുറത്താകാതിരിക്കാനുള്ള ജാഗ്രതയും വേണം കമ്മീഷന്. ഒരു വ്യാജവോട്ടര്‍ പട്ടികയില്‍ തുടരുന്നതിനേക്കാള്‍ ഗുരുതരമാണ് യഥാര്‍ഥ പൗരനെ പട്ടികയില്‍ നിന്ന് പുറത്താക്കുന്നത്. ആദ്യത്തേത് തിരഞ്ഞെടുപ്പ് നിയമലംഘനമാണെങ്കില്‍ രണ്ടാമത്തേത് ഭരണഘടനാപരമായ അവകാശ നിഷേധമാണ്.
സമ്മതിദാനാവകാശ വിനിയോഗം നഷ്ടപ്പെടുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല പട്ടികയില്‍ നിന്ന് പേര് വെട്ടിമാറ്റുന്നതിന്റെ പ്രത്യാഘാതം. ഇന്ത്യന്‍ പൗരത്വം നിഷേധിക്കപ്പെടുന്നതിലേക്കാണ് അതിന്റെ പരിണതി. വോട്ടര്‍പ്പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് റേഷന്‍, സൗജന്യ സര്‍ക്കാര്‍ ചികിത്സ തുടങ്ങി എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബംഗാള്‍, ബിഹാര്‍ സര്‍ക്കാറുകള്‍. താമസിയാതെ ബി ജെ പി നിയന്ത്രണത്തിലുള്ള മറ്റു സംസ്ഥാനങ്ങളിലും ഇത് നടപ്പാകാനാണ് സാധ്യത. റേഷന്‍ ആനുകൂല്യങ്ങള്‍ കൊണ്ടാണ് രാജ്യത്തെ ഭൂരിഭാഗം പേരും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ഒരു കുടുംബത്തിന് റേഷന്‍ ഭക്ഷ്യവസ്തുക്കളും സൗജന്യ ചികിത്സയും നിഷേധിക്കപ്പെടുന്നത് അവരുടെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ നിഷേധമാണ്. കോടിക്കണക്കിനു പൗരന്മാരെ കൊടും പട്ടിണിയിലേക്കും പാര്‍ശ്വവത്കരണത്തിലേക്കും തള്ളി വിടുകയായിരിക്കും ഇതിന്റെ ഫലം. ആര്‍ രാജഗോപാലിന്റെ കേസ് ഒരു പ്രതീകവും ഭാവിയില്‍ രാജ്യത്തെ വലിയൊരു വിഭാഗം പൗരന്മാര്‍ അഭിമുഖീകരിക്കാനിരിക്കുന്ന കൊടിയ വിപത്തിലേക്കുള്ള സൂചനയുമാണ്.