Home LATEST NEWS malyalam പുതിയ വാർത്ത ലഹരിയുടെ ഇരുട്ട് നീങ്ങാന്‍

ലഹരിയുടെ ഇരുട്ട് നീങ്ങാന്‍

3
0

Source :- SIRAJLIVE NEWS

നിലവില്‍ സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഓപറേഷന്‍ തൂഫാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ നേതാവിന്റെയോ ജനപ്രിയ പരിപാടിയല്ല. മറിച്ച്, സമൂഹത്തിലെ വ്യത്യസ്ത മനുഷ്യരുടെ സഹായത്തോടെ വിജയിപ്പിച്ചെടുക്കേണ്ട ഇടപെടലുകളാണ്. ഇതിലെ ആശങ്ക, ഒന്നോ രണ്ടോ മാസത്തെ ഗംഭീര ഇടപെടലിനു ശേഷം പതുക്കെ ശക്തി കുറഞ്ഞു പോകുന്ന സംവിധാനമായി ഓപറേഷന്‍ തൂഫാന്‍ മാറുമോ എന്നതാണ്. അങ്ങനെ സംഭവിക്കാതിരിക്കല്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ മാത്രം ഉത്തരവാദിത്വമല്ല. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും ലഹരിക്കെതിരെ ജനകീയ ജാഗ്രതാ സമിതി രൂപവത്കരിക്കേണ്ടതുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അതിന്റെ ഉപസമിതികള്‍ വാര്‍ഡുതലത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇത്തരം സമിതികളില്‍ എല്ലാ രാഷ്ട്രീയ, മത സംഘടനയിലും പെട്ട വ്യക്തിത്വങ്ങള്‍ നിരന്തരം ജാഗ്രതയോടെ ഇടപെടേണ്ടതുണ്ട്. ആ രീതിയില്‍ കേരളത്തിലെ നഗര, ഗ്രാമ പ്രദേശങ്ങളില്‍ നിതാന്തമായ ജാഗ്രത പുലര്‍ത്താന്‍ കഴിയണം. അത് നിലവില്‍ നടക്കുന്ന ഓപറേഷന്‍ തൂഫാനെ സ്ഥിരം പദ്ധതിയായി മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായകമാകും. ലഹരിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവരെ ബോധവത്കരിച്ചുകൊണ്ട് രക്ഷിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങളായിരിക്കണം ആദ്യം നടപ്പാക്കേണ്ടത്. ഇത്തരം സമിതികളില്‍ ഓരോ പ്രദേശത്തെയും സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തണം.

രാജ്യത്ത് ലഹരി ഉത്പാദനവും അതിന്റെ വിപണനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെങ്കില്‍ അതിനെ രാഷ്ട്രീയമായി തന്നെ പ്രതിരോധിക്കണം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വലിയ രീതിയില്‍ മാരക ലഹരി മരുന്നുകള്‍ കേരളത്തിലേക്ക് കടത്തുന്നത് നാട്ടിന്‍പുറത്തെ സാധാരണ ചെറുപ്പക്കാരാണ്. അതിനെ നിയന്ത്രിക്കുന്ന റാക്കറ്റിന് രാഷ്ട്രീയ ബന്ധമുണ്ടെങ്കില്‍ അത്തരം ശക്തികളെ നിയമപരവും രാഷ്ട്രീയപരവുമായി നേരിടാനുള്ള സത്യസന്ധത ഓരോ രാഷ്ട്രീയപ്രസ്ഥാനങ്ങളും കാണിക്കേണ്ടതുണ്ട്.

നിര്‍ഭാഗ്യവശാല്‍ പല കലാ, കായിക ഇടങ്ങളിലും ലഹരി ആനന്ദമായും ആവേശമായും ഉപയോഗിക്കപ്പെടുന്നു. അത്തരം പ്രവണതകളെ അവസാനിപ്പിക്കേണ്ടത് അതാത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. കേരളത്തില്‍ പല കാലങ്ങളിലായി നടന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ എഴുത്തുകാരോ ബുദ്ധിജീവികളോ നേരിട്ട് ഇടപെടുന്നത് അപൂര്‍വമാണ്. നമ്മുടെ സാംസ്‌കാരിക സദസ്സുകളിലും പഠന ക്ലാസ്സുകളിലും ബുദ്ധിജീവികള്‍ മയക്കുമരുന്നിന്റെ അപകടങ്ങളെ കൂടി വിഷയമാക്കേണ്ടതുണ്ട്. സാഹിത്യത്തിലെ മാജിക്കല്‍ റിയലിസത്തെ ആനന്ദമായി കണ്ടുനടന്ന യുവത്വമാണ് നമ്മുടേത്. അതേ യുവത്വം ലഹരി എന്ന ഉത്തേജകത്തിലൂടെ അദൃശ്യമായ ആനന്ദ ലോകത്തെ നിര്‍മിക്കുകയാണ്. ഇതിനെ തങ്ങളുടെ എഴുത്തിലും സംസാരത്തിലും സംവാദങ്ങളിലും ഉള്‍പ്പെടുത്താന്‍ എന്തുകൊണ്ടാണ് എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്‍ക്കും കഴിയാതെ പോകുന്നത്? ഇത്തിരി പോലും അങ്ങനെ സംഭവിക്കുന്നില്ല എന്നല്ല പറയുന്നത്. മറിച്ച്, അതിനെ മറ്റു വിഷയങ്ങളെ പോലെ കൈകാര്യം ചെയ്യപ്പെടുന്നില്ല. നമ്മള്‍ മതത്തിലെ അനാചാരങ്ങളെ കുറിച്ചും വര്‍ഗീയതയെ കുറിച്ചും നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെ തങ്ങള്‍ക്ക് കിട്ടാവുന്ന എല്ലായിടത്തും സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും ബുദ്ധിജീവികളും തനിക്കു മുമ്പിലുള്ള യുവത്വങ്ങളോട് മയക്കുമരുന്നുണ്ടാക്കുന്ന അപകടകരമായ ഭാവിയെക്കുറിച്ച് വാചാലരാകണം. അല്ലാത്ത പക്ഷം ജൈവ ബുദ്ധിജീവികളുടെ മൗനം ഭാവി സമൂഹത്തെ ഇരുട്ടിലേക്കാണ് തള്ളിവിടുക. ആ ഇരുട്ടില്‍ വെളിച്ചമായി തീരേണ്ടതുണ്ട് സാമൂഹികബോധവും രാഷ്ട്രീയ തിരിച്ചറിവുമുള്ള മുഴുവന്‍ മനുഷ്യരും. (അവസാനിച്ചു)