Source :- SIRAJLIVE NEWS
ന്യൂഡൽഹി | ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ പരസ്യമാക്കാതെ ചാറ്റ് ചെയ്യാൻ സഹായിക്കുന്ന പുതിയ വാട്സ്ആപ്പ് യൂസർനെയിം (WhatsApp Username) ഫീച്ചറുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളിൽ വ്യക്തത വരുത്തി മെറ്റ രംഗത്ത്. വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് ആളുകളെ പറ്റിക്കുന്നത് തടയാൻ ഒന്നിലധികം സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വാട്സ്ആപ്പ് വക്താവ് എൻ ഡി ടി വി ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. പുതിയ ഫീച്ചറിൽ പ്രമുഖ വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ, സെലിബ്രിറ്റികൾ എന്നിവരുടെ പേരുകളും അവയോട് സാമ്യമുള്ള മറ്റ് പേരുകളും താൽക്കാലികമായി മാറ്റിവെച്ചിരിക്കുകയാണ്. ഇവ യഥാർത്ഥ ഉടമസ്ഥർക്ക് മാത്രമേ ക്ലെയിം ചെയ്യാൻ സാധിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
വ്യാജ ഐ ഡികൾ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നത് തടയാൻ കേന്ദ്ര സർക്കാർ വാട്സ്ആപ്പിന് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം. ഉപയോക്താക്കളുടെ സ്വകാര്യത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുതിയ മാറ്റം വന്നാലും വാട്സ്ആപ്പ് ഉപയോഗിക്കാൻ ഫോൺ നമ്പർ നിർബന്ധമായിരിക്കും.
വ്യാജ അക്കൗണ്ടുകൾ വഴിയുള്ള ദുരുപയോഗങ്ങൾ കണ്ടെത്താനും അവ തടയാനുമുള്ള സുരക്ഷാ പാളികൾ ഈ സംവിധാനത്തിലുണ്ട്. ഒരു അക്കൗണ്ടിൽ നിന്ന് എത്ര പുതിയ ആളുകളെ ബന്ധപ്പെടാം എന്നതിന് പരിധി നിശ്ചയിക്കും. മറ്റൊരാളുടെ യൂസർനെയിം ഊഹിച്ചെടുത്ത് മെസ്സേജ് അയക്കുന്നതും തടയും. ഒരാൾക്ക് സന്ദേശം അയക്കണമെങ്കിൽ അവരുടെ കൃത്യമായ യൂസർനെയിം അറിഞ്ഞിരിക്കണം. കൂടാതെ ഒരു യൂസർനെയിം വഴി പുതിയ സന്ദേശം വരുമ്പോൾ ആ അക്കൗണ്ട് പുതിയതാണോ, കോൺടാക്റ്റിൽ ഉള്ളതാണോ, ഏത് രാജ്യത്ത് നിന്നുള്ളതാണ് തുടങ്ങിയ വിവരങ്ങളും സ്ക്രീനിൽ കാണിക്കും.
Also Readവാട്‌സ്ആപ്പില്‍ യൂസര്‍നെയിം ഫീച്ചര്‍ നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മെറ്റയോട് ആവശ്യപ്പെട്ടു
യൂസർനെയിം ഫീച്ചർ ഓൺലൈൻ തട്ടിപ്പുകൾക്കും ഡിജിറ്റൽ അറസ്റ്റ് പോലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും കാരണമായേക്കാമെന്ന ആശങ്കയെത്തുടർന്ന് വിശദമായ സുരക്ഷാ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാർ മെറ്റയോട് ആവശ്യപ്പെട്ടിരുന്നു. മൂന്ന് ദിവസത്തിനകം മറുപടി നൽകാനാണ് നിർദ്ദേശം. സർക്കാറുമായുള്ള കൂടിയാലോചനകൾ പൂർത്തിയാകുന്നത് വരെ ഈ ഫീച്ചർ ഔദ്യോഗികമായി പുറത്തിറക്കില്ല.
Content Highlights:
WhatsApp has updated safety measures for its upcoming username feature to address impersonation concerns. Meta confirmed that high-profile names and government entities are withheld for legitimate owners. The government asked for detailed safeguards to prevent online fraud before rolling out the feature.




