Source :- SIRAJLIVE NEWS
കോതമംഗലം | സ്വകാര്യ ബസിന്റെ തുറന്ന വാതിലിലൂടെ പുറത്തേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു. കോതമംഗലം എസ്ഡി കോണ്‍വെന്റ് സെയ്ന്റ് വിന്‍സെന്റ് പ്രോവിന്‍സ് അംഗവും മുന്‍ മദര്‍ സുപ്പീരിയറുമായ റിട്ടയേര്‍ഡ് അധ്യാപിക സിസ്റ്റര്‍ ഹെലറ്റ് പുത്തേട്ട് (56) ആണ് മരിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇവര്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.
ചൊവ്വാഴ്ച രാവിലെ 8.20ഓടെ കോതമംഗലം കോഴിപ്പിള്ളി ഗവ.എല്‍ പി സ്‌കൂളിന് സമീപമുള്ള വളവിലായിരുന്നു അപകടം. റെജിമോന്‍ എന്ന സ്വകാര്യ ബസ് അതിവേഗം വളവ് തിരിയുന്നതിനിടെ മുന്‍വശത്തെ വാതിലിലൂടെ ഹെലറ്റ് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. സംഭവത്തിന് പിന്നാലെ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെയും കണ്ടക്ടറുടെയും പേരില്‍ കേസെടുത്തു.
മുരിക്കാശ്ശേരി പുത്തേട്ട് ഇഗ്‌നേഷ്യസിന്റെയും പരേതയായ അന്നമ്മയുടെയും മകളാണ് സിസ്റ്റര്‍ ഹെലറ്റ്. സഹോദരങ്ങള്‍: സിസ്റ്റര്‍ സ്മിത സി എസ് എം, ലിസി ബേബി (കൊല്ലംപറമ്പില്‍), ജോസ്, ജോര്‍ജ്, ബിനോയ്. എസ്ഡി സന്ന്യാസിനി സഭയുടെ ഉദയഗിരി, മൂവാറ്റുപുഴ, തൊടുപുഴ, തോട്ടുമുഖം, കീരംപാറ, ഊന്നുകല്‍, നെല്ലിമറ്റം പ്രതീക്ഷ, കോഴിപ്പിള്ളി തുടങ്ങിയ ഭവനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലറായും മദര്‍ സുപ്പീരിയറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കോതമംഗലം സെയ്ന്റ് ജോര്‍ജ് എച്ച് എസ്, വെളിയേല്‍ച്ചാല്‍ സെയ്ന്റ് ജോസഫ്സ് എച്ച് എസ്, ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ എച്ച് എസ് എന്നിവിടങ്ങളില്‍ അധ്യാപികയായിരുന്ന സിസ്റ്റര്‍ കഴിഞ്ഞ മാര്‍ച്ചിലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. സംസ്‌കാരം ഇന്നലെ വൈകുന്നേരം 3.30ന് കോഴിപ്പിള്ളി എസ് ഡി പ്രൊവിന്‍ഷ്യല്‍ ഹൗസ് സെമിത്തേരിയില്‍.
Content Highlights:
Sister Hellet Puthettu passed away after falling from a speeding private bus near Kothamangalam. The incident occurred on Tuesday when the bus took a sharp turn causing her to eject through the open door. The police have seized the vehicle and registered a case against the driver and conductor.




