Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | അയോധ്യയിലെ ശ്രീരാമക്ഷേത്ര ട്രസ്റ്റില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ സംഭാവനാ തട്ടിപ്പും സാമ്പത്തിക ക്രമക്കേടുകളും സുപ്രീം കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന്പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ കെ സി വേണുഗോപാല്‍ എം പി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയതായും വേണുഗോപാല്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയില്‍ നടന്നത് രാജ്യത്തെ ഏറ്റവും വലിയ അമ്പലക്കൊള്ളയാണ്. മുപ്പത് വര്‍ഷമായി അയോധ്യയെ രാഷ്ട്രീയ ആയുധമാക്കിയ ബി ജെ പി, കോടിക്കണക്കിന് ഭക്തരുടെ വികാരത്തെ ബാധിച്ച ഈ വന്‍ കൊള്ളയില്‍ ഇപ്പോള്‍ ഒരക്ഷരം മിണ്ടാന്‍ തയ്യാറാകുന്നില്ലെന്നും രാജ്യത്ത് വലിയ രീതിയില്‍ ദൈവഭക്തിയും ദേശഭക്തിയും പ്രസംഗിക്കുന്നവരുടെ യഥാര്‍ഥ മുഖമാണ് ഇതിലൂടെ പുറത്തുവന്നതെന്നും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ കോടിക്കണക്കിന് ഭക്തര്‍ സമര്‍പ്പിച്ച പണവും സ്വര്‍ണവും ഉള്‍പ്പെടെയുള്ള സംഭാവനകള്‍ കൊള്ളയടിക്കപ്പെട്ടുവെന്ന ആരോപണം അതീവ ഗൗരവതരമാണ്. സംഘടിതമായ തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങളാണ്പ്രാഥമിക അന്വേഷണങ്ങളിലൂടെ പുറത്തുവരുന്നത്. ദിവസേന പണവും വിലപിടിപ്പുള്ള ആഭരണങ്ങളും അപഹരിക്കപ്പെട്ടതായും നിര്‍ണായകമായ സി സി ടി വി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടതായും വേണുഗോപാല്‍ ആരോപിച്ചു. 2020-21 കാലഘട്ടത്തില്‍ തന്നെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയ ട്രസ്റ്റിന്റെ മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫീസറുടെ പരാതികള്‍ അവഗണിക്കുകയും അദ്ദേഹത്തെ ജോലിയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. അടുത്തിടെ സംഭാവനാ എണ്ണലില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ല.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെയും നിലവിലെ അന്വേഷണ നടപടികളുടെയും വിശ്വാസ്യതയെ ചോദ്യം ചെയ്ത കെ സി വേണുഗോപാല്‍, താഴേത്തട്ടിലെ ഉദ്യോഗസ്ഥരെ മാത്രം പ്രതിചേര്‍ത്ത് തട്ടിപ്പിന് നേതൃത്വം നല്‍കിയ ഉന്നതരായ യഥാര്‍ഥ കുറ്റവാളികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആശങ്ക പ്രകടിപ്പിച്ചു. ക്ഷേത്രത്തിന്റെ പൂര്‍ണ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിനായിരുന്നിട്ടും തട്ടിപ്പ് പുറത്തുവന്നപ്പോള്‍ പാവപ്പെട്ട താഴേത്തട്ടിലുള്ള ജീവനക്കാരെ മാത്രം പ്രതികളാക്കി യഥാര്‍ഥ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ അജയ് റായിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം നടത്തി. അജയ് റായിയെ അയോധ്യയില്‍ വീട്ടുതടങ്കലിലാക്കിയ സാഹചര്യം വരെയുണ്ടായി. നീതിയുടെയും ധര്‍മത്തിന്റെയും പ്രതീകമായാണ് ശ്രീരാമനെ ജനങ്ങള്‍ ആരാധിക്കുന്നത്. അങ്ങനെയുള്ള പുണ്യഭൂമിയില്‍ നടന്ന ഇത്രയും വലിയ അഴിമതി മൂടിവെക്കാന്‍ ശ്രമിക്കുന്നത് ഭക്തരോട് ചെയ്യുന്ന കടുത്ത അനീതിയാണ്.
ഓപറേഷന്‍ സിന്ദൂരില്‍ സൈനികര്‍ക്ക് പരുക്കേറ്റിട്ടില്ലെന്ന് കാണിച്ച് ലോക്‌സഭയെ തെറ്റിദ്ധരിപ്പിച്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെതിരെ അവകാശലംഘന നോട്ടീസ്നല്‍കിയതായും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. സെനികര്‍ക്ക് ജീവാപായവും പരുക്കുകളും ഉണ്ടായിട്ടും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് കേന്ദ്രമന്ത്രി സ്വീകരിച്ചത്. അയോധ്യയിലെ കൊള്ളയും കേന്ദ്രമന്ത്രിക്കെതിരായ അവകാശലംഘന നോട്ടീസും പോലുള്ള സുപ്രധാന വിഷയങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ ബോധപൂര്‍വം തമസ്‌കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഈ വിഷയങ്ങള്‍ ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസ്സും ഇന്ത്യാ സഖ്യവും ഒറ്റക്കെട്ടായി പോരാട്ടം തുടരുമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
Content Highlights:
Congress leader KC Venugopal has demanded a Supreme Court-monitored investigation into the alleged donation scam within the Ayodhya temple trust. He raised serious concerns regarding financial transparency and accountability in the temple land dealings. The opposition party urges immediate legal action to uncover the truth behind the fraud.




