Home LATEST NEWS malyalam പുതിയ വാർത്ത ആസൂത്രിത വംശഹത്യയുടെ നഗ്ന രേഖകള്‍

ആസൂത്രിത വംശഹത്യയുടെ നഗ്ന രേഖകള്‍

4
0

Source :- SIRAJLIVE NEWS

സിയര്‍ മനുരാജ്
ഡോ. ബാബു സി സി

തോമസ് ഹോബ്‌സ് അദ്ദേഹത്തിന്റെ “ലെവിയത്താന്‍’ എന്ന പുസ്തകത്തില്‍, കൈയൂക്കുള്ളവര്‍ കാര്യക്കാര്‍ എന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്ന സമൂഹത്തെപ്പറ്റിയാണ് സംസാരിച്ചത്. അത്തരമൊരു സമൂഹത്തില്‍ ഏത് സമയവും നമ്മള്‍ കൊല്ലപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ അതിജീവിക്കാനുള്ള മാര്‍ഗം നമ്മുടെ ശത്രുക്കളെ നമ്മള്‍ ആദ്യം കൊല്ലുക എന്നതാണ്. ശത്രുക്കളെ കൊന്നൊടുക്കി അതിജീവിക്കുന്ന അശാന്തിയുടെ ലോകത്തെയാണ് ഹോബ്‌സ് വരച്ചുവെച്ചത്.

അത്തരമൊരു സാമൂഹിക ജീവിതത്തില്‍ നിന്നാണ് മനുഷ്യവംശങ്ങളെല്ലാം ജനാധിപത്യത്തിലേക്കും ബഹുസ്വരമായ, സഹവര്‍ത്തിത്വത്തോടെയുള്ള സമൂഹിക ജീവിതത്തിലേക്കും പരിവര്‍ത്തനം ചെയ്തത്. എന്നാല്‍ ഈയടുത്ത് പുറത്തിറങ്ങിയ ഐക്യരാഷ്ട്ര സഭയുടെ കീഴിലെ മനുഷ്യാവകാശ കൗണ്‍സില്‍ പുറത്തിറക്കിയ “Independent International Commission of Inquiry on the occupied Palestinian territory including East Jerusalem and Israel’ സൂചിപ്പിക്കുന്നത് ഇസ്‌റാഈല്‍ പോലുള്ള രാജ്യങ്ങള്‍ തോമസ് ഹോബ്‌സ് പറഞ്ഞതുപോലെ “ആളുകളെ കൊന്നൊടുക്കി അതിജീവിക്കാന്‍ ശ്രമിക്കുന്ന ജനാധിപത്യരഹിത രാജ്യങ്ങളായി’ മാറുന്നു എന്നാണ്.

മനസ്സാക്ഷിയുള്ള ഏതൊരാള്‍ക്കും കണ്ണ് നനയാതെ, ഹൃദയം നുറുങ്ങാതെ വായിക്കാന്‍ കഴിയാത്ത ഒരു റിപോര്‍ട്ടാണിത്. അധിനിവേശ ഗസ്സയിലെ ഫലസ്തീന്‍ ജനതയോട് ഇസ്‌റാഈല്‍ പട്ടാളവും ഭരണകൂടവും അവിടെ അധിനിവേശക്കാരായി ജീവിക്കുന്ന ജൂത ജനതയിലെ ചിലരും കാണിക്കുന്ന മനുഷ്യത്വരഹിതമായ അക്രമങ്ങളെയാണ് ഈ റിപോര്‍ട്ട് വെളിപ്പെടുത്തുന്നത്. ഗസ്സയിലെ അധിനിവേശ ആക്രമണം ആയിരം ദിനം പിന്നിടുമ്പോൾ ഈ റിപ്പോർട്ട് കൂടുതൽ പ്രസക്തമാണ്. ഫലസ്തീന്‍ ജനതയും ഇസ്‌റാഈലും തമ്മിലുള്ള ഒരു യുദ്ധമോ സംഘര്‍ഷമോ അല്ല ഗസ്സയില്‍ നടക്കുന്നത്, മറിച്ച് ഇസ്‌റാഈല്‍ ഭരണകൂടം അതിന്റെ പട്ടാളത്തെ ഉപയോഗിച്ച് ഫലസ്തീന്‍ ജനതയെ, അവരുടെ കുഞ്ഞുങ്ങളെ സമ്പൂര്‍ണമായി ഇല്ലാതാക്കുന്ന വംശഹത്യയാണ് നടക്കുന്നത്. ഫലസ്തീനിലെ കുഞ്ഞുങ്ങളെയാണ് ഇസ്‌റാഈല്‍ ഭരണകൂടം ലക്ഷ്യമിടുന്നത്.

ഇസ്‌റാഈല്‍ പാര്‍ലിമെന്റിലെ ഒരംഗം പാര്‍ലിമെന്റ് സമ്മേളനത്തില്‍ കോപാകുലനായി ഒരു ഫലസ്തീന്‍ അംഗത്തോട് ആക്രോശിച്ചത്, “നീയും മരിക്കും, നിന്റെ മകനും മരിക്കും, നിന്റെ കൊച്ചുമകനും മരിക്കും. ഇനിയൊരു ഫലസ്തീന്‍ ഉണ്ടാകില്ല. ഒരിക്കലും ഉണ്ടാകില്ല’ എന്നാണ്. മുന്‍ ഇസ്‌റാഈല്‍ പാര്‍ലിമെന്റ് അംഗമായ മോശ് ഫിംഗ്ലിന്‍ പറഞ്ഞത്, “ഗസ്സയിലെ ഓരോ കുഞ്ഞും നമ്മുടെ ശത്രുക്കളാണ്. ഗസ്സയെ കീഴടക്കി, അതിനെ നമ്മുടെ കോളനിയാക്കി അവിടുത്തെ എല്ലാ കുഞ്ഞുങ്ങളെയും ഇല്ലാതാക്കുകയല്ലാതെ മറ്റൊരു വിജയം നമുക്കില്ല’ എന്നാണ്. “എന്റെ കുട്ടിക്കാലത്ത് സ്‌കൂളുകള്‍ തകര്‍ക്കണമെന്ന് ഞാനാഗ്രഹിച്ചിരുന്നു. അന്നതെനിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന് ഞാന്‍ സ്‌കൂളുകള്‍ തകര്‍ക്കുകയാണ്’ എന്നാണ് ഒരു ഇസ്‌റാഈല്‍ പട്ടാളക്കാരന്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടത്. പത്ത് വയസ്സുള്ള ഒരു ഫലസ്തീന്‍ ആണ്‍കുട്ടിയെ വെടിവെച്ചു വീഴ്ത്തിയ ഇസ്‌റാഈല്‍ പട്ടാളക്കാരന്‍ കുട്ടിയുടെ പിതാവിനോട് പറഞ്ഞത്, “നിങ്ങളുടെ മകനെ വെടിവെച്ചത് ഞാനാണ്. ദൈവം ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ മരിച്ചിരിക്കും’ എന്നാണ്. ഇതുപോലെയുള്ള മനുഷ്യത്വരഹിതമായ അഭിപ്രായപ്രകടനങ്ങള്‍ നിരവധി ഈ റിപോര്‍ട്ടില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇതിലെല്ലാം പ്രകടമാകുന്നത് ഇസ്‌റാഈല്‍ ലക്ഷ്യമിടുന്നത് ഫലസ്തീനിയന്‍ കുഞ്ഞുങ്ങളെയാണെന്ന് കാണാം. കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്നതിലൂടെ ഫലസ്തീന്‍ പ്രതിരോധത്തിന്റെ ഭാവി ഇല്ലാതാക്കാനാണ് ഇസ്‌റാഈല്‍ ശ്രമിക്കുന്നത് എന്നാണ് റിപോര്‍ട്ട് പറയുന്നത്.

ഏതൊരു യുദ്ധമേഖലയിലും പ്രത്യേക പരിരക്ഷ അര്‍ഹിക്കുന്ന ആളുകളായിട്ടാണ് കുഞ്ഞുങ്ങളെ കണക്കാക്കുന്നത്. അവര്‍ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, പാര്‍പ്പിടം, മരുന്നുകള്‍, വിദ്യാഭ്യാസം, കുടുംബത്തില്‍ നിന്ന് കൂട്ടം തെറ്റിയ കുഞ്ഞുങ്ങളെ വേഗത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ യുദ്ധത്തിനിടയിലും അതില്‍ പങ്കാളികളാകുന്ന രാജ്യങ്ങളുടെ ഉത്തരവാദിത്വമാണ്. “കുഞ്ഞുങ്ങള്‍ നമ്മുടേത് മാത്രമാണെന്ന് മാതാപിതാക്കള്‍ക്ക് തോന്നുമെങ്കിലും യഥാര്‍ഥത്തില്‍ അവര്‍ ഭാവിയുടെ വാഹകരാണ്. അവര്‍ നമ്മളില്‍ നിന്നാണ് വന്നതെങ്കിലും അവര്‍ നമുക്ക് മാത്രം അവകാശപ്പെട്ടവരല്ല’ എന്ന് പേര്‍ഷ്യന്‍ കവി ഖലീല്‍ ജിബ്രാന്‍ പറയുമ്പോള്‍ കുഞ്ഞുങ്ങളെ ഭാവിക്കായി കരുതിവെക്കേണ്ട സാമൂഹിക ഉത്തരവാദിത്വത്തെപ്പറ്റിയാണ് അദ്ദേഹം നമ്മെ ഓര്‍മിപ്പിക്കുന്നത്. എന്നാല്‍ കുഞ്ഞുങ്ങളെ തിരഞ്ഞു പിടിച്ച് ഇല്ലാതാക്കുന്ന ഇസ്‌റാഈല്‍ ഭരണകൂടം ജിബ്രാന്‍ പറഞ്ഞതില്‍ നിന്ന് എത്രയോ കാതങ്ങള്‍ അകലെയാണ്.

ഫലസ്തീന്‍ കുഞ്ഞുങ്ങളെ ശാരീരികമായി ഇല്ലാതാക്കുകയോ അവരുടെ ബാല്യം ഇല്ലാതാക്കുകയോ ആണ് ഇസ്‌റാഈല്‍ ചെയ്യുന്നത്. അധിനിവേശ ഗസ്സയില്‍ കൊല്ലപ്പെട്ടത് ഏതാണ്ട് 21,000 ത്തോളം വരുന്ന കുട്ടികളാണ്. അവരില്‍ അയ്യായിരത്തോളം കുട്ടികള്‍ അഞ്ച് വയസ്സില്‍ താഴെയുള്ളവരാണ്. പിറന്നുവീണ അഞ്ഞൂറോളം കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. യുദ്ധത്തില്‍ ഗുരുതരമായി മുറിവേറ്റ കുട്ടികള്‍ ഏതാണ്ട് അമ്പതിനായിരത്തിനടുത്ത് വരും. തലയിലൂടെ വെടിയുണ്ടകള്‍ കടന്ന് മറുപുറം കണ്ടപ്പോഴും രക്ഷപ്പെട്ട കുഞ്ഞുങ്ങള്‍ ഇസ്‌റാഈല്‍ ഭരണകൂടത്തിന്റെ വന്യതയുടെ ജീവിക്കുന്ന സ്മാരകങ്ങളായി ഗസ്സയില്‍ ജീവിക്കുന്നു. ഗസ്സയിലെ നാല് കുടുംബങ്ങളില്‍ ഒന്നിനെ പോറ്റുന്നത് 15 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളോ പെണ്‍കുട്ടികളോ ആണ്. മാതാപിതാക്കള്‍ രണ്ട് പേരുമോ ഒരാളോ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ ലക്ഷക്കണക്കിനുണ്ട് അധിനിവേശ ഫലസ്തീനില്‍.

ഫലസ്തീന്‍ കുട്ടികളുടെ വിദ്യാഭ്യാസം തടയുക എന്നത് ഇസ്‌റാഈല്‍ ഭരണകൂടത്തിന്റെ മുഖ്യ അജന്‍ഡയാണ്. സ്‌കൂളുകളും കോളജുകളും സര്‍വകലാശാലകളും തകര്‍ക്കുക, അവയെ പട്ടാളബാരക്കുകളായി ഉപയോഗിക്കുക എന്നത് സ്ഥിരമായി ഗസ്സയില്‍ നടക്കുന്ന കാര്യമാണ്. മാതാപിതാക്കളില്ലാത്ത കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത അനാഥാലയങ്ങളെ തിരഞ്ഞുപിടിച്ച് ബോംബിട്ട് തകര്‍ക്കുന്നത് കുഞ്ഞുങ്ങളുടെ ഭാവിയെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതിരിക്കാന്‍ ഭക്ഷണ സാധനങ്ങളുടെ പ്രദാനം തടയുക, അവര്‍ക്കാവശ്യമായ മരുന്നുകള്‍ കൊടുക്കാതിരിക്കുക തുടങ്ങിയ മാര്‍ഗത്തിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഇല്ലാതാക്കുക, ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ജനിതക വൈകല്യം ഉറപ്പുവരുത്തുക, കുഞ്ഞുങ്ങള്‍ക്ക് മതിയായ തൂക്കം ഇല്ലാതാക്കുക ഇങ്ങനെ പോകുന്നു ഇസ്‌റാഈല്‍ ഭരണകൂടത്തിന്റെ വംശഹത്യാ വിലാസങ്ങള്‍. കുട്ടികളെ വിദ്യാഭ്യാസത്തില്‍ നിന്ന് അകറ്റിയാല്‍ അതവരുടെ സമ്പൂര്‍ണ നാശമായിരിക്കും എന്ന് നന്നായി അറിയുന്നവരാണല്ലോ ലോകത്തുള്ള മുഴുവന്‍ അധീശവര്‍ഗങ്ങളും. ശൂദ്രര്‍ അക്ഷരം പഠിക്കരുതെന്ന് പറഞ്ഞതിന്റെ ആധുനിക പതിപ്പാണ് ഗസ്സയിലെ അധിനിവേശ ഇസ്‌റാഈല്‍ ഭരണകൂടം.

റിപോര്‍ട്ടിലുള്ള മറ്റൊരു അസ്വസ്ഥകരമായ കാര്യം, ഇസ്‌റാഈല്‍ പട്ടാളം ഫലസ്തീന്‍ കുട്ടികളെ കുട്ടികളായി കാണാതെ അവരെയും മുതിര്‍ന്നവരെപ്പോലെയാണ് കൈകാര്യം ചെയ്യുന്നത് എന്നതാണ്. കുട്ടികളെ പിടികൂടുന്ന പട്ടാളം അവരോട് അങ്ങേയറ്റത്തെ ക്രൂരതകളാണ് കാണിക്കുന്നത്. ഈ കുട്ടികളെ അവരുടെ മാതാപിതാക്കളില്‍ നിന്ന് അകറ്റുകയും ഏതോ അജ്ഞാതമായ ഇടങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നു. അതില്‍ എത്ര പേര്‍ പുറത്ത് വരുന്നു, എത്ര പേര്‍ കസ്റ്റഡിയില്‍ മരിക്കുന്നു എന്നൊക്കെയുള്ള കാര്യങ്ങള്‍ ഇസ്‌റാഈല്‍ ഭരണകൂടം രഹസ്യമാക്കുകയാണ് ചെയ്യുന്നത്. ശിശുഹത്യയും ശിശുക്കളിലെ രോഗാതുരതയും കൂട്ടുക എന്നത് അധിനിവേശ സര്‍ക്കാറിന്റെ ലക്ഷ്യങ്ങളാണ്. കുട്ടികളുടെ മനോനില തകര്‍ക്കുക, അവരെ എത്രയും നിന്ദ്യമായ ജീവിത സാഹചര്യങ്ങളിലൂടെ കടത്തിവിടുക എന്നതാണ് ഇസ്‌റാഈല്‍ രീതി.

ഫലസ്തീന്‍ ജനതയുടെ സ്വാഭിമാനത്തെ ഉയര്‍ത്തുന്ന ചരിത്ര സ്മാരകങ്ങളെ തിരഞ്ഞുപിടിച്ച് നശിപ്പിക്കുകയും അവരുടെ കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നതിലൂടെ ചരിത്രവും ജനതയും ഇല്ലാത്ത ഒരു ഫലസ്തീനെ ഉണ്ടാക്കുകയാണ് ഇസ്‌റാഈല്‍ ലക്ഷ്യമിടുന്നത്. അവരുടെ സാമൂഹികവും സാംസ്‌കാരികവുമായ തുടര്‍ച്ചയെത്തന്നെ ഭൂമിയില്‍ നിന്നും തുടച്ചുമാറ്റുകയാണ് ഇസ്‌റാഈല്‍. ഈ വിധം ഒരു ജനതയുടെ അതിജീവനത്തെ നേരിട്ടും പരോക്ഷമായും ഇല്ലാതാക്കുന്ന നയങ്ങളാണ് ഇസ്‌റാഈല്‍ ചെയ്യുന്നത്. വര്‍ഷാവര്‍ഷം അന്താരാഷ്ട്ര ഏജന്‍സികള്‍ പുറത്തിറക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ റിപോര്‍ട്ടുകള്‍, പ്രായോഗികമായി ഭരണകൂട വന്യതകള്‍ക്ക് വിധേയമാകുന്ന ആളുകളുടെ ജീവിതത്തില്‍ യാതൊരു ഗുണപരമായ മാറ്റങ്ങളും ഉണ്ടാക്കുന്നില്ല. ഇത് അറിയുമ്പോഴാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധ സൂചകമായി വരുന്ന പോസ്റ്റുകള്‍ക്ക് അപ്പുറത്തേക്ക് വളരാന്‍ ഇത്തരം റിപോര്‍ട്ടുകള്‍ക്കും കഴിയുന്നില്ല എന്ന ദുഃഖസത്യം തിരിച്ചറിയപ്പെടുന്നത്.

കുഞ്ഞുങ്ങള്‍ ഒരു കുടുംബത്തിന് മാത്രം അവകാശപ്പെട്ടതല്ല. അവര്‍ ലോകത്തിന്റെ ഭാവിയാണ്. അവരെ കൊന്നൊടുക്കുന്നവര്‍ മനുഷ്യവംശത്തിന്റെ ശത്രുക്കളാണ്. മനുഷ്യത്വത്തോടുള്ള യുദ്ധമാണ് ഇസ്‌റാഈല്‍ അധിനിവേശ ഗസ്സയില്‍ നടത്തുന്നത്. ഗസ്സയില്‍ മരിച്ചുവീണ, മരണത്തിലേക്ക് വീഴാന്‍ നില്‍ക്കുന്ന കുഞ്ഞുങ്ങള്‍ക്കായി, മാതാപിതാക്കള്‍ നഷ്ടപ്പെട്ട, അംഗവിഹീനരായ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി കൈകോര്‍ക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ എന്ത് ജനാധിപത്യത്തെപ്പറ്റിയാണ്, എന്ത് സഹോദാര്യത്തെപ്പറ്റിയാണ് നമ്മള്‍ വാചാലരാകുന്നത്.

Content Highlights:
The UN Human Rights Council report has revealed brutal atrocities committed by Israel targeting Palestinian children in Gaza. The report details how the occupation forces are systematically destroying schools, orphanages, and the future of Palestine. Around 21,000 children have been killed as the genocide in ഗസ്സ surpasses its thousandth day.