Home LATEST NEWS malyalam പുതിയ വാർത്ത നിയമങ്ങളിൽ ഭേദഗതി വരുത്താൻ സി ബി എസ് ഇ; കോർപറേറ്റുകൾക്കും സ്കൂൾ തുടങ്ങാം

നിയമങ്ങളിൽ ഭേദഗതി വരുത്താൻ സി ബി എസ് ഇ; കോർപറേറ്റുകൾക്കും സ്കൂൾ തുടങ്ങാം

3
0

Source :- SIRAJLIVE NEWS

ന്യൂഡൽഹി | വമ്പൻ കോർപറേറ്റുകൾക്ക് നേരിട്ട് സി ബി എസ് ഇ സ്വകാര്യ സ്‌കൂളുകൾ തുടങ്ങാൻ അനുവദിക്കും വിധം മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ ഒരുങ്ങി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി ബി എസ് ഇ). ഇതിന് ആവശ്യമായ അഫിലിയേഷൻ ഉപനിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് സി ബി എസ് ഇ തയ്യാറാക്കി. ട്രസ്റ്റുകൾക്കോ രജിസ്റ്റർ ചെയ്ത സൊസൈറ്റികൾക്കോ മാത്രമാണ് നിലവിൽ സി ബി എസ് ഇ അഫിലിയേഷൻ ലഭിക്കുന്നത്.
കാലഹരണപ്പെട്ട രീതി
സ്വകാര്യ സ്‌കൂളുകൾ തുറക്കാൻ മൂന്ന് വഴികളാണ് നിലവിൽ സി ബി എസ് ഇയുടെ അഫിലിയേഷൻ ബൈ- ലോ നിർദേശിക്കുന്നത്. 1860ലെ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സൊസൈറ്റിയായിരിക്കണം, സംസ്ഥാന നിയമങ്ങൾ പ്രകാരം വിദ്യാഭ്യാസ, ചാരിറ്റബിൾ അല്ലെങ്കിൽ മതപരമായ സൊസൈറ്റിയും നോൺ- പ്രൊപ്രൈറ്ററി സ്വഭാവമുള്ളതുമായിരിക്കണം,2013ലെ കമ്പനി നിയമത്തിലെ സെക്‌ഷൻ എട്ട് പ്രകാരം വിദ്യാഭ്യാസം അതിന്റെ ലക്ഷ്യങ്ങളിലൊന്നായി ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക സ്ഥാപനമായിരിക്കണം എന്നിവയാണ് സ്‌കൂളുകൾ തുറക്കാനുള്ള മാർഗങ്ങൾ.
പുതുതായി തയ്യാറാക്കിയ ചട്ടങ്ങൾ പ്രകാരം, സംസ്ഥാന സർക്കാർ അനുവദിക്കുകയാണെങ്കിൽ, “ബോഡി കോർപറേറ്റ്‌സ്’ എന്ന് വിളിക്കപ്പെടുന്ന കമ്പനികൾക്കും മറ്റ് നിയമപരമായി രജിസ്റ്റർ ചെയ്ത ബിസിനസ്സ് സ്ഥാപനങ്ങൾക്കും സി ബി എസ് ഇ സ്‌കൂളുകൾ തുറക്കാനും പ്രവർത്തിപ്പിക്കാനും അനുവാദമുണ്ടാകും. ബോഡി കോർപറേറ്റ് സ്ഥാപനം എന്ന നിർവചനത്തിൽ സ്വകാര്യ കമ്പനികൾ, പൊതു കമ്പനികൾ, വൺ പേഴ്സൺ കമ്പനികൾ, ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പുകൾ, വിദേശ കമ്പനികൾ, മറ്റ് നിയമപരമായി അംഗീകരിക്കപ്പെട്ട ബിസിനസ്സുകൾ എന്നിവ ഉൾപ്പെടുന്നുണ്ട്. ഇതോടെ ട്രസ്റ്റുകൾക്കോ സൊസൈറ്റികൾക്കോ മാത്രമല്ല, വ്യക്തിഗത കമ്പനികൾ ഉൾപ്പെടെയുള്ളവർക്ക് സി ബി എസ് ഇ സ്‌കൂളുകൾ സ്ഥാപിക്കാൻ കഴിഞ്ഞേക്കും.
വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ഇപ്പോൾ പിന്തുടരുന്ന വഴി കാലഹരണപ്പെട്ടതാണെന്നാണ് സി ബി എസ് ഇ നിലപാട്. രാജ്യത്ത് കൂടുതൽ സി ബി എസ് ഇ സ്‌കൂളുകൾക്കായുള്ള ശക്തമായ ആവശ്യം നിലനിൽക്കുന്നതിനാൽ അഫിലിയേഷൻ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് സി ബി എസ് ഇയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയം 2020ലെ ശിപാർശകളുടെ അടിസ്ഥാനത്തിലുള്ള മാറ്റങ്ങൾ സി ബി എസ് ഇക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പറയുന്നത്.

സ്‌കൂൾ തുറക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ നേരത്തേ തന്നെ ഇളവ് വരുത്തിയിട്ടുണ്ട്. അനുമതി ലഭിക്കുന്നതിന് സംസ്ഥാന സർക്കാർ നിരാക്ഷേപപത്രം (എൻ ഒ സി) നൽകിയിരിക്കണമെന്ന വ്യവസ്ഥ 2026- 27 അധ്യയന വർഷം മുതൽ പിൻവലിച്ചിരുന്നു. ഇതുപ്രകാരം സി ബി എസ് ഇ അംഗീകാരത്തിനായി സാരസ് പോർട്ടലിൽ അപേക്ഷിച്ചുകഴിഞ്ഞാൽ, ബോർഡ് ബന്ധപ്പെട്ട സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെടുകയും അവരുടെ എതിർപ്പുകൾ ഉണ്ടെങ്കിൽ, 30 ദിവസത്തിനുള്ളിൽ അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. എതിർപ്പ് അറിയിച്ചില്ലെങ്കിൽ എൻ ഒ സി ലഭിച്ചതായി കണക്കാക്കും.

നഗരപ്രദേശങ്ങളിലെ ഭൂമി പരിമിതികളും വർധിച്ചുവരുന്ന ഭൂമിയുടെ വിലയും കണക്കിലെടുത്ത് ഈ വർഷം ജനുവരിയിൽ ഭൂമി മാനദണ്ഡങ്ങളും പരിഷ്‌കരിച്ചു. പുതുക്കിയ നിയമങ്ങൾ പ്രകാരം, നഗരപ്രദേശങ്ങളല്ലാത്ത സ്ഥലങ്ങളിലെ സീനിയർ സെക്കൻഡറി സ്‌കൂൾ തുടങ്ങാൻ കുറഞ്ഞത് 6,000 ചതുരശ്ര മീറ്റർ (ഏകദേശം 1.5 ഏക്കർ) ഏകീകൃത വിസ്തീർണമാക്കി കുറച്ചു. നഗരപ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലും സെക്കൻഡറി സ്‌കൂളുകൾക്ക് 1,600 ചതുരശ്ര മീറ്ററായും സീനിയർ സെക്കൻഡറി സ്‌കൂളുകൾക്ക് 2,400 ചതുരശ്ര മീറ്ററായും ഈ പരിധി കുറച്ചിട്ടുണ്ട്. നേരത്തേ യഥാക്രമം ഇത് 3,200, 4,000 ചതുരശ്ര മീറ്ററായിരുന്നു.
കൂടാതെ, കളിസ്ഥല ആവശ്യകതയും പരിഷ്‌കരിച്ചു. പഴയ നിയമങ്ങൾ പ്രകാരം സ്‌കൂൾ ക്യാന്പസിനുള്ളിൽ കുറഞ്ഞത് 2,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കളിസ്ഥലം ആവശ്യമായിരുന്നു. പുതിയ മാനദണ്ഡ പ്രകാരം ക്യാമ്പസിന് പുറത്തും കളിസ്ഥലമാകാം. വിദ്യാർഥികൾക്ക് കായിക സൗകര്യങ്ങൾ ഒരുക്കുന്നതിനായി ക്യാമ്പസിന്റെ 200 മീറ്ററിനുള്ളിൽ പൊതു പാർക്കോ സ്റ്റേഡിയമോ കോളജ് സ്പോർട്സ് അരീനയോ പതിനഞ്ചോ അതിൽ കൂടുതലോ വർഷത്തേക്ക് പാട്ടത്തിനെടുക്കുകയുമാകാം.

: #CBSE #EducationSector #CorporateInvestment #SchoolAffiliation #NEP2020 #SirajLive

Content Highlights: The Central Board of Secondary Education prepared a draft to allow body corporates and private companies to establish schools. The move aims to strengthen commercial investments in the educational sector based on NEP 2020. The board has also revised land criteria and relaxed NOC procurement rules.