Source :- SIRAJLIVE NEWS
കോഴിക്കോട്| വയനാട് ജില്ലയിലെ ലക്കിടി, വൈത്തിരി മേഖലകളില്‍ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്കും കോഴിക്കോട് നിന്ന് വയനാട്ടിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് വയനാട് കളക്ടര്‍ അറിയിച്ചു. താമരശ്ശേരി ചുരം വഴി ഹെവി വാഹനങ്ങൾ, മൾട്ടി ആക്സിൽ ലോറികൾ, ട്രെയിലറുകൾ, ഭാരവാഹനങ്ങൾ എന്നിവയുടെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇത്തരം വാഹനങ്ങൾ കുറ്റ്യാടി ചുരം അല്ലെങ്കിൽ നാടുകാണി ചുരം വഴി പോകണം. വിനോദസഞ്ചാര വാഹനങ്ങൾ, അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങൾ എന്നിവയ്ക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുള്ള പ്രവേശനവും താൽക്കാലികമായി വിലക്കിയിട്ടുണ്ട്.
കെ എസ് ആര്‍ ടി സി, പൊതുഗതാഗത വാഹനങ്ങള്‍, ആംബുലന്‍സുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസ്, സിവില്‍ ഡിഫന്‍സ്, പോലീസ് വാഹനങ്ങള്‍, അവശ്യ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നേരിട്ട് നിയോഗിച്ചിട്ടുള്ള വാഹനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല.
ചുരത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് വാഹനങ്ങള്‍ പരിശോധിക്കാന്‍ അടിവാരം ചെക്ക് പോസ്റ്റില്‍ ആവശ്യമായ പോലീസ് സേനയെ ഉടന്‍ വിന്യസിക്കാന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
Content Highlights:
Strict traffic restrictions have been imposed on Thamarassery Churam due to extremely heavy rains in Lakkidi and Vythiri. The Wayanad Collector requested people to avoid non-essential travel between Kozhikode and Wayanad. Only essential services, emergency vehicles, and public transit are permitted.



