Home rss national malayalam പുതിയ വാർത്ത ചക്രവാതച്ചുഴി; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന്‍ സാധ്യത

ചക്രവാതച്ചുഴി; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന്‍ സാധ്യത

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തിലാണിത്. ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നിലവില്‍ മധ്യപ്രദേശിന് മുകളിലാണ് ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്വാധീനത്തോടൊപ്പം പുതിയ ചക്രവാതച്ചുഴിയുടെ സാന്നിധ്യവും കേരളത്തിലെ മഴക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചേക്കും. ഈ മാസം 14 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു. അതേസമയം, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ തീരങ്ങളില്‍ നാളെ രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയും കൊല്ലം ആലപ്പാട്ട് മുതല്‍ ഇടവ വരെയും ആലപ്പുഴ ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെയും തൃശൂര്‍ ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുമുള്ള തീരപ്രദേശങ്ങളിലാണ് മുന്നറിയിപ്പ്. കന്യാകുമാരി തീരത്തും ഇതേ കാലയളവില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അപകടസാധ്യതയുള്ള മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശപ്രകാരം മാറിത്താമസിക്കണമെന്നും ചെറിയ വള്ളങ്ങളും ബോട്ടുകളും കടലില്‍ ഇറക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിലിറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

Content Highlights:
A cyclonic circulation has formed, raising the likelihood of heavy rainfall across Kerala. The weather department advises residents to remain cautious as showers intensify. Isolated heavy rain is expected to hit multiple districts in the coming days.