Home rss national malayalam പുതിയ വാർത്ത ഓണക്കാലത്ത് സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍

ഓണക്കാലത്ത് സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ഓണക്കാലത്ത് മിതമായ വിലയില്‍ ഉത്പന്നങ്ങള്‍ നലകുന്നതിനും പൊതുജനങ്ങള്‍ക്കു മികച്ച ഒരു ഷോപിങ് അനുഭവം നലകുന്നതിനും സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയര്‍ ആരംഭിക്കുന്നു. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് മെഗാ ട്രേഡ് ഫെയര്‍ സംഘടിപ്പിക്കുന്നത്. സ്വകാര്യ – സര്‍ക്കാര്‍ സെക്ടറുകളിലെ പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഓണം മെഗാ ട്രേഡ്ഫെയര്‍ സംഘടിപ്പിക്കുന്നത്. സപ്ലൈകോ സ്റ്റാളിനു പുറമേ, മില്‍മ, പച്ചക്കറി, തുണിത്തരങ്ങള്‍, ഫുട്വെയറുകള്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉത്പ്പന്നങ്ങളുടെ സ്റ്റാളുകളാണ് മെഗാ ട്രേഡ് ഫെയറില്‍ ഒരുക്കിയിട്ടുള്ളത്.

മറ്റു 11 ജില്ലകളില്‍ പ്രധാന സ്ഥലങ്ങളില്‍ സപ്ലൈകോയുടെ ജില്ലാ ഫെയറുകള്‍ സംഘടിപ്പിക്കും. ജില്ലാ ഫെയറുകള്‍ ഓഗസ്റ്റ് 14ന് തുടങ്ങി 25ന് അവസാനിക്കും. എല്ലാ നിയോജകമണ്ഡലങ്ങളിലും സപ്ലൈകോ ഫെയറുകള്‍ ഓഗസ്റ്റ് 21 മുതല്‍ 25 വരെ നടത്തും.

സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാര്‍ പാര്‍ക്കില്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിക്കും. മന്ത്രി സി പി ജോണ്‍ അധ്യക്ഷനായിരിക്കും. മന്ത്രി കെ മുരളീധരന്‍ ആദ്യ വില്പന നിര്‍വഹിക്കും. ഡോ. ശശി തരൂര്‍ എം പി, മേയര്‍ വി വി രാജേഷ് എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും. എംഎല്‍എമാരായ എന്‍ ശക്തന്‍, വി ജോയ്, നഗരസഭ കൗണ്‍സിലര്‍ എസ് കെ പി രമേശ്, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി ഷര്‍മിള മേരി ജോസഫ്, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ കെ ഹിമ, സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ ജയകൃഷ്ണന്‍ വി എം, ജനറല്‍ മാനേജര്‍ എം യു ബിജു, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിക്കും.

പ്രത്യേക ഗിഫ്റ്റ് കിറ്റുകള്‍
ഓഗസ്റ്റ് 25 വരെ രാവിലെ 10 മുതല്‍ വൈകിട്ട് 9 വരെ ആയിരിക്കും മെഗാ ട്രേഡ് ഫെയറുകള്‍ പ്രവര്‍ത്തിക്കുക. ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന ഭക്ഷ്യ വസ്തുക്കളും ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുത്തി പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കുന്നുണ്ട്. അരി, വെളിച്ചെണ്ണ, പഞ്ചസാര, വിവിധ ശബരി മസാലകള്‍ തുടങ്ങി 21 ഇനങ്ങള്‍ അടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്ക് സപ്ലൈകോ വില്പനശാലകളില്‍ ലഭിക്കും. പരമാവധി വില്പന വില 1,280 രൂപയുള്ള ഈ കിറ്റ് 280 രൂപ വിലക്കുറവിലാണ് ഉപഭോക്താവിന് ലഭിക്കുക.

25 ഇനങ്ങള്‍ അടങ്ങിയ ഉത്രാടം കിറ്റ് പരമാവധി വില്പന വിലയില്‍ നിന്നും 380 രൂപ കുറച്ച് 1500 രൂപയ്ക്കും, മുപ്പതിനങ്ങളടങ്ങിയ പ്രീമിയം ഓണാഘോഷ കിറ്റായ തിരുവോണം കിറ്റ്, 540 രൂപ വിലക്കുറവില്‍ 2000 രൂപയ്ക്കും സപ്ലൈകോ നല്‍കുന്നു. ഇതിനുപുറമേ പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മുളകുപൊടി, മഞ്ഞപ്പൊടി തുടങ്ങി 9 പ്രീമിയം ശബരി ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ശബരി സിഗ്നേച്ചര്‍ കിറ്റ് 75 രൂപയിലധികം വിലക്കുറവില്‍ 299 രൂപയ്ക്കാണ് സപ്ലൈകോ വില്പനശാലകളില്‍ നിന്ന് ഉപഭോക്താവിന് ലഭിക്കുക. ഇതിനുപുറമേ, സപ്ലൈകോ ഓണം ഗിഫ്റ്റ് കാര്‍ഡുകളും പുറത്തിറക്കുന്നുണ്ട്. 500, 1000 രൂപയുടെ മൂല്യമുള്ള ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് സപ്ലൈകോ ഔട്ട്ലെറ്റില്‍ നിന്ന് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങാം.

ഓണം കസ്റ്റമര്‍ ബോണസ് കൂപ്പണും സമ്മാന കൂപ്പണും
1500 രൂപയുടെ സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഓണക്കാലത്ത് 100 രൂപയുടെ മൂല്യമുള്ള ഒരു കൂപ്പണ്‍ സപ്ലൈകോ സമ്മാനമായി നല്‍കും. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ ആയിരമോ അതില്‍ കൂടുതലോ വിലയ്ക്ക് സപ്ലൈകോ നിന്നും സബ്സിഡിയിതര സാധനം വാങ്ങുമ്പോള്‍ ഈ കൂപ്പണ്‍ റിഡീം ചെയ്യാം. കൂടാതെ 1000 രൂപയുടെ ഓരോ പര്‍ച്ചേസിനും ഉപഭോക്താവിന് ഒരു സമ്മാനകൂപ്പണ്‍ നല്‍കും. ഓണത്തിന് ശേഷം നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് മെഗാ സമ്മാനം നല്‍കും. നറുക്കെടുപ്പ് വിജയിക്ക് മോട്ടോര്‍ സൈക്കിള്‍, രണ്ടാം സ്ഥാനം രണ്ടു പേര്‍ക്ക് അര പവന്‍ സ്വര്‍ണ നാണയം വീതം, മൂന്നാം സ്ഥാനം മൂന്നു വാഷിങ് മെഷിനുകള്‍, ജില്ലാ തല വിജയികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍, എല്ലാ വില്പനശാലകളിലും നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ എന്നിങ്ങനെ വിവിധ സമ്മാന പദ്ധതികള്‍ സപ്ലൈകോ ഇത്തവണ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് ഓഫറുകള്‍
എഴുപതോളം വിവിധ ബ്രാന്‍ഡഡ് എഫ് എം സി ജി കമ്പനികളുടെ 350ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേകം ഓഫറുകളും വിലക്കുറവും ഓണക്കാലത്ത് സപ്ലൈകോ വില്പനശാലകളിലൂടെ ലഭിക്കും. സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി ഉല്‍പ്പന്നങ്ങള്‍ക്കും പ്രത്യേക കോമ്പോ ഓഫറുകളും വിലക്കുറവും ഉണ്ട്.