Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ സ്കൂൾ പ്രിൻസിപ്പലിനെ പത്താംക്ലാസ് വിദ്യാർഥികൾ കുത്തിക്കൊലപ്പെടുത്തി. രൂപ റെഡ്ഡി എന്ന അധ്യാപികയാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 11ന് രൂപയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ വിദ്യാർഥികൾ 27 തവണ കുത്തിയെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം വീട്ടിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും പ്രതികൾ കവർന്നു.
സംഭവത്തിൽ രണ്ട് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പണത്തിനായും മുൻപ് സ്വീകരിച്ച അച്ചടക്ക നടപടികളോടുള്ള പ്രതികാരമായുമാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
കൊലപാതകത്തിന് മുമ്പ് രൂപ റെഡ്ഡി ബന്ധുവുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഒരാളെ ‘ബാബു’ എന്ന് വിളിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. വിദ്യാർഥികളെ അഭിസംബോധന ചെയ്യാൻ അവർ ഉപയോഗിച്ചിരുന്ന വാക്കാണിതെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം വിദ്യാർഥികളിലേക്ക് കേന്ദ്രീകരിച്ചു.
സംഭവദിവസം സ്കൂളിൽ ഹാജരാകാതിരുന്ന വിദ്യാർഥികളിൽ രണ്ടുപേരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിൽ ഒരാളുടെ കൈവശം 1.54 ലക്ഷം രൂപ കണ്ടെത്തി. നോട്ടുകളിൽ രക്തക്കറ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ ഫോറൻസിക് പരിശോധനയിൽ അത് രൂപ റെഡ്ഡിയുടേതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് പ്രതികൾ പിടിയിലായത്.

