Source :- SIRAJLIVE NEWS
കോഴിക്കോട് | നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ തനിക്കെതിരായി നടന്ന യു ഡി എഫ് വോട്ടുചോര്‍ച്ചയുടെ കണക്ക് പുറത്തുവിട്ട് പി വി അന്‍വര്‍. കോഴിക്കോട് കോര്‍പ്പറേഷനിലെ ബേപ്പൂര്‍ മേഖലയിലുള്ള 48 മുതല്‍ 54 വരെയുള്ള ഏഴ് ഡിവിഷനുകളിലെ വിവരങ്ങളാണ് അദ്ദേഹം വിശദീകരിച്ചത്.
തിരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ കണക്കിനേക്കാള്‍ 681 വോട്ട് കുറവാണ് തനിക്ക് ലഭിച്ചതെന്നും തദ്ദേശ തിരഞ്ഞെടുപ്പിലേക്കാള്‍ എല്‍ ഡി എഫിന് മേഖലയില്‍ വോട്ട് കൂടിയെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തില്‍ 8,000 ത്തോളം വോട്ടിന്റെ കുറവുവരുത്താന്‍ സാധിച്ചതായും അദ്ദേഹം വിശദമാക്കി. ഇടതുപക്ഷത്തുനിന്ന് വലിയ തോതില്‍ വോട്ടുകള്‍ തനിക്ക് ലഭിച്ചതുകൊണ്ടാണ് മേഖലയിലെ യു ഡി എഫ് വോട്ട് ചോര്‍ച്ച പ്രത്യക്ഷത്തില്‍ കാണാന്‍ സാധിക്കാത്തതെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.
മണ്ഡലത്തില്‍ ഏഴായിരത്തിലധികം വോട്ടുകള്‍ക്ക് മാത്രമാണ് തോറ്റതെന്നിരിക്കെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കണക്കുകൂട്ടലിലെ ഈ വ്യതിയാനം നിസ്സാരമായി കാണാനാകില്ലെന്ന് അന്‍വര്‍ ചൂണ്ടിക്കാട്ടി. ബേപ്പൂര്‍ മേഖലയിലെ വോട്ട് ചോര്‍ച്ച വ്യക്തമാക്കിയ അന്‍വര്‍ ചെറുവണ്ണൂര്‍, നല്ലളം മേഖലകളിലെ കണക്കുകള്‍ നാളെ പുറത്തുവിടുമെന്നും പ്രഖ്യാപിച്ചു.
പിവി അന്‍വറിന്റെ കുറിപ്പ്:
കോഴിക്കോട് കോര്‍പ്പറേഷനിലെ 41 മുതല്‍ 54 വരെയുള്ള 14 ഡിവിഷനുകളാണ് ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ 48 മുതല്‍ 54 വരെയുള്ള ഏഴ് ഡിവിഷനുകള്‍ ബേപ്പൂര്‍ മേഖലയിലാണ്. ഈ ഏഴു ഡിവിഷനുകളില്‍ 49 -ാം ഡിവിഷനായ ബേപ്പൂര്‍ ഒഴികെ ആറെണ്ണവും ഇടതുപക്ഷത്തിന്റേതാണ്. 49 -ാം ഡിവിഷന്‍ എന്‍ ഡി എയും. യു ഡി എഫിന്റെതായി ഒരു ഡിവിഷനും ബേപ്പൂര്‍ മേഖലയില്‍ ഇല്ല എന്ന് ചുരുക്കം. ഈ ഏഴു ഡിവിഷനുകളില്‍ നിന്നും 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 21,343 വോട്ടുകള്‍ ആണ്. യു ഡി എഫ് സ്ഥാനാര്‍ഥിയായ എനിക്ക് 15,453 വോട്ടുകളും നേടാന്‍ സാധിച്ചു. അതായത് 5,890 വോട്ടിന്റെ ഭൂരിപക്ഷമാണ് ബേപ്പൂര്‍ മേഖലയില്‍ എല്‍ ഡി എഫിന് നേടാനായത്. 2021 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് 14,000 വോട്ടുകളോളം ആയിരുന്നു. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍, എല്‍ ഡി എഫിന് 17,244 വോട്ടും യു ഡി എഫിന് 11,664 വോട്ടും ആണ് നേടാനായത്.
5,580 വോട്ടിന്റെ ഭൂരിപക്ഷമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പിന് ശേഷം നടന്ന അവലോകന യോഗത്തില്‍ എല്‍ ഡി എഫ് 20,430 വോട്ടുകള്‍ ഈ ഏഴ് ഡിവിഷനുകളില്‍ നിന്നും സമാഹരിക്കും എന്നും യു ഡി എഫിന് 16,134 വോട്ടുകള്‍ നേടാനാകും എന്നും ആയിരുന്നു തിരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ കണക്ക്. തിരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ കണക്കില്‍ നിന്നും 681 വോട്ടുകള്‍ കുറവായാണ് യു ഡി എഫ് സ്ഥാനാര്‍ഥിയായ എനിക്ക് ലഭിച്ചത്.
ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഈ കണക്കില്‍ നിന്ന് 913 വോട്ടുകള്‍ കൂടുതല്‍ രേഖപ്പെടുത്തി. ഏഴായിരത്തിലധികം വോട്ടുകള്‍ക്ക് മാത്രമാണ് പരാജയം എന്നിരിക്കെ, ആയിരത്തോളം വോട്ടുകളുടെ ഈ വ്യത്യാസം ചെറുതായി കാണാനാവില്ല. ഏഴ് ഡിവിഷനുകളില്‍ ഒന്നു പോലും യു ഡി എഫിന്റെതായി ഇല്ലാത്ത ഒരിടത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ലഭിച്ച ഭൂരിപക്ഷത്തില്‍ നിന്നും 8,000 ത്തോളം വോട്ടുകള്‍ കുറക്കാന്‍ ഈ മേഖലയില്‍ യു ഡി എഫിന് സാധിച്ചു എന്നത് വ്യക്തമാക്കുന്നത് ഇടതുപക്ഷത്തു നിന്ന് കണക്കില്ലാത്ത വോട്ടുകള്‍ യു ഡി എഫിനായി രേഖപ്പെടുത്തി എന്നത് തന്നെയാണ്.
ഇടതുപക്ഷ കേന്ദ്രങ്ങളില്‍ വലിയ മുന്നേറ്റം നടത്താന്‍ ഈ തെരഞ്ഞെടുപ്പില്‍ നമുക്ക് സാധിച്ചിട്ടുണ്ട് എന്ന് ഞാന്‍ പറയുന്നതിന്റെ അടിസ്ഥാനവും ഇതാണ്. സംസ്ഥാനത്തൊട്ടാകെ ഇടതുപക്ഷ വോട്ടുകള്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച സാഹചര്യം നമുക്ക് അറിയാവുന്നതാണല്ലോ. ബേപ്പൂരിലും ഇതുതന്നെ സംഭവിച്ചു ഇടതുപക്ഷത്തു നിന്ന് വോട്ടുകള്‍ കൃത്യമായി യു ഡി എഫിന് ലഭിക്കുന്ന സാഹചര്യം ഉണ്ടായി. ബേപ്പൂര്‍ മേഖലയിലും യു ഡി എഫ് വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ട്. പക്ഷേ നേരത്തെ സൂചിപ്പിച്ചതുപോലെ ഇടതുപക്ഷത്തിന്റെ വോട്ടുകള്‍ വലിയതോതില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ എനിക്ക് ലഭിച്ച സാഹചര്യം ഉണ്ടായപ്പോള്‍ പ്രത്യക്ഷത്തില്‍ ഈ ചോര്‍ച്ച കാണാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. ചെറുവണ്ണൂര്‍ നല്ലളം മേഖലയിലെ കണക്കുകളുമായി നാളെ കാണാം.
Content Highlights: PV Anvar released detailed statistics alleging significant UDF vote leakage in seven divisions of the Beypore constituency. He claimed that despite getting less votes than predicted by the election committee, support from Left strongholds helped reduce LDF’s overall lead. Anvar announced he will publish the remaining data for Cheruvannur and Nallalam soon.




