Home rss national malayalam പുതിയ വാർത്ത പോലീസുകാരനെ സിറിഞ്ചുകൊണ്ടു കുത്തിയ മയക്കുമരുന്നു സംഘം പിടിയില്‍

പോലീസുകാരനെ സിറിഞ്ചുകൊണ്ടു കുത്തിയ മയക്കുമരുന്നു സംഘം പിടിയില്‍

3
0

Source :- SIRAJLIVE NEWS

കോഴിക്കോട് | നഗരത്തിലെ സ്ഥിരം മയക്കുമരുന്ന് അടിമകളും പിടിച്ചു പറി സംഘത്തിലെ അഗങ്ങളുമായ സംഘം പോലീസുകാരനെ സിറിഞ്ച് ഉപയോഗിച്ചു കുത്തി. മാനാഞ്ചിറ സ്‌ക്വയറില്‍ നിന്ന് ആള്‍ക്കൂട്ടത്തിലേക്ക് ഓടി മറഞ്ഞ കുറ്റവാളികളെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പോലീസ് പിടികൂടി.

ശനിയാഴ്ചയാണ് മാനാഞ്ചിറ സ്‌ക്വയറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെയാണ് പ്രതികള്‍ സിറിഞ്ച് ഉപയോഗിച്ച് കുത്തുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തത്. കോഴിക്കോട് പൂളക്കടവ് സ്വദേശി പുതിയോടത്ത് വീട്ടില്‍ ബെന്നി ലോയ്ഡ് (48), പരപ്പില്‍ സ്വദേശി ദുക്കിര്‍ മന്‍സിലില്‍ രജാദ് (38), രാമനാട്ടുകര സ്വദേശി തട്ടായതാഴത്ത് പറമ്പ് വീട്ടില്‍ നന്ദകുമാര്‍ (25), ചാലപ്പുറം കോട്ടപ്പറമ്പ് സ്വദേശി കോയിക്കല്‍ പറമ്പ് വീട്ടില്‍ അദ്‌നുല്‍ ഷാഹിം (22) എന്നീ പ്രതികളെയാണ് ടൗണ്‍ പോലീസും സിറ്റി ക്രൈം സ്‌ക്വേഡും ചേര്‍ന്ന് പിടികൂടിയത്.

ശനിയാഴ്ച വൈകുന്നേരം മാനാഞ്ചിറ സ്‌ക്വയറിനുള്ളില്‍ വെച്ച് പ്രതികള്‍ പണപ്പിരിവ് നടത്തുന്നുണ്ട് എന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണു പോലീസ് സ്ഥലത്തെത്തിയത്. മാനാഞ്ചിറ സ്‌ക്വയറിനുള്ളിലെ മരത്തറയില്‍ ഇരിക്കുകയായിരുന്ന പ്രതികളെ പോലീസ് കണ്ടെത്തി. തുടര്‍ന്ന് പ്രതികള്‍ പോലീസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ പ്രതികളിലൊരാള്‍ സിറിഞ്ച് ഉപയോഗിച്ച് ആദര്‍ശ് എന്ന പോലീസുകാരന്റെ വലതു കൈപ്പത്തിയുടെ മുകള്‍ഭാഗത്ത് കുത്തുകയും പ്രതികള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു.

ഉടന്‍ തന്നെ കുത്തേറ്റ പോലീസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ പോലീസും ചേര്‍ന്ന് പ്രതികള്‍ക്കായി ഊര്‍ജിത അന്വേഷണം നടത്തുകയും സിറ്റിയിലെ വിവിധയിടങ്ങളില്‍ വെച്ച് പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പ്രതികള്‍ സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും പിടിച്ചുപറി, മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതികളാണെന്നും പോലീസ് പറഞ്ഞു.

സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ കെ അബ്ദുറഹ്മാന്‍ , അനീഷ് മുസ്സേന്‍വീട് , ഹാദില്‍ കുന്നുമ്മല്‍, രാകേഷ് ചൈതന്യം, ഷഹീര്‍ പെരുമണ്ണ , ജിനീഷ് ചൂലൂര്‍, ടൗണ്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ധനഞ്ജയദാസിന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നിറാസ്, രജീഷ്, സുമീജ്, അരുണ്‍ കുമാര്‍, വിജീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ നൈജിഷ്, പ്രഭു എന്നിവര്‍ ചേര്‍ന്നാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പ്രതികളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Content Highlights:
Four habitual drug offenders were arrested by Kozhikode Town Police and the City Crime Squad for attacking a police officer with a syringe at Mananchira Square. The injured officer, Adarsh, was admitted to Kozhikode Medical College Hospital. The accused have been remanded by the court.