Source :- SIRAJLIVE NEWS
നബിയേ അങ്ങ് വസിക്കും മന്ദിരത്തിൽ, എന്തിന് ദീപങ്ങൾ വേറെ?!’
ഇന്ന ബൈതൻ അൻത സാകിനുഹു ലൈസ മുഹ്താജൻ
ഇല സുറുജി.
കൂട്ടരേ… തിരുദൂതർ (സ) നമ്മുടെ അകമേ നിറയുന്ന കുളിർകാലം നഷ്ടപ്പെടുത്തരുത്. അവിടുത്തോടുള്ള ഊഷ്മള സ്നേഹത്തെ ഹൃദയത്തിലേറ്റിയാൽ ഹൃദയം ശുദ്ധിയാകാനും പ്രോജ്വലിക്കാനും മറ്റൊന്ന് വേണ്ടതില്ല. ആ സ്നേഹം നമ്മിൽ പരിവർത്തനങ്ങളുണ്ടാക്കും. തിരുനബി (സ)യെ പകർത്താനുള്ള അതിയായ അഭിനിവേശമായി അത് മാറും. അങ്ങനെയുള്ളവർക്ക് വിജയമല്ലേ സംഭവിക്കുകയുള്ളൂ. മൻ റആ വജ്ഹക യസ്അദ് (അങ്ങയെ കണ്ടവർ വിജയിച്ചു) എന്ന കാവ്യശകലം ചൂണ്ടുന്നതതിലേക്കാണല്ലോ. അഥവാ തിരുനബിയെ വഴിപ്പെട്ടവർ (കാണേണ്ട പോലെ കണ്ടവർ) സന്മാർഗികളും അനുസരണക്കേടു കാണിച്ചവർ ദുർമാർഗികളുമാണെന്ന് സാരം.
ഏറ്റവും മികച്ച സന്ദേശത്തിന്റെ സമ്പൂർണമായ സമർപ്പണമായിരുന്നു അവിടുത്തെ ദൗത്യം. പ്രഫുല്ലമായ സംസ്‌കാരത്തെയും ചലന നിശ്ചലനങ്ങളെയും ആധാന പ്രധാനങ്ങളെയും ഉൾക്കൊണ്ട പൂർണമായ ഇസ്്ലാം തിരുനബി (സ) ലോകത്തെ പഠിപ്പിച്ചു. നബി (സ)യിൽ വിശ്വസിക്കാതെ, അവിടുത്തെ മഹത്വം അംഗീകരിക്കാതെ, തിരുദൂതരുടെ സുന്നത്ത് സ്വീകരിക്കാതെ ഒരാളിലെയും ഇസ്്ലാം പൂർണമാകില്ല. ഇസ്്ലാമിലെ പ്രാഥമികാംഗത്വത്തിനു വേണ്ട ശഹാദത്തിൽ (സത്യസാക്ഷ്യം) തന്നെ തിരുനബി (സ)യുടെ മഹത്വവും നബിത്വവും ഏറ്റുപറയുകയും വിശ്വസിക്കുകയും ചെയ്യേണ്ടതാണ്. അല്ലാഹുവിൽ വിശ്വസിക്കാനും അവന്റെ ഏകത്വം അംഗീകരിക്കാനും തയ്യാറുള്ള ഒരാൾ നബി (സ)യുടെ സ്ഥാനം അംഗീകരിക്കാനും നബിത്വത്തെ ആദരിക്കാനും തയ്യാറാകുന്നില്ലെങ്കിൽ അവന്റെ വിശ്വാസം സ്വീകാര്യമല്ല. അല്ലാഹുവിലേക്കുള്ള കവാടമത്രേ തിരുദൂതർ (സ). ആ മധ്യവർത്തിത്വത്തിലൂടെ മാത്രമേ അല്ലാഹുവിലേക്കെത്താനാകൂ.
സൂറത്തുന്നൂർ 54 വായിക്കണം… “പറയുക നബിയേ… അല്ലാഹുവിനും റസൂലിനും നിങ്ങൾ വഴിപ്പെടുക, നിങ്ങൾ പിന്തിരിയുന്നെങ്കിൽ- തന്നിൽ എൽപ്പിക്കപ്പെട്ടതു മാത്രമേ നബിക്കു ബാധ്യതയായുള്ളൂ. നിങ്ങളെ എൽപ്പിച്ചത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. നിങ്ങൾ നബിക്ക് വഴിപ്പെട്ടാൽ സന്മാർഗികളായി. നബിക്ക് കടപ്പെട്ടിരിക്കുന്നത് പ്രബോധനം മാത്രമാണ്’ ശരിയായ ദിശയിൽ സഞ്ചരിക്കുകയെന്നത് സർവ മനുഷ്യരുടെയും ഉത്തരവാദിത്വമാണ്. ഋജുവായ പാത തിരുനബി (സ) അവിടുത്തെ ആയുഷ്‌കാലത്തിനിടെ പൂർണമായി ആവിഷ്‌കരിച്ചു. റസൂലിനെ (സ) വഴിപ്പെടുക വഴി മനുഷ്യർക്ക് വിജയിക്കാനാകും. അവിടുന്ന് സാധാരണ മനുഷ്യനല്ല. സൃഷ്ടി ജാലങ്ങളിൽ ഏറ്റവും ശ്രേഷ്ഠനാണ്, ഉന്നതസ്ഥാനീയരായ നബിമാരുടെ നേതാവാണ്. അല്ലാഹുവല്ലാത്തവർക്ക് വഴിപ്പെടുക എന്നത് വഴിപിഴച്ച നിലപാടാണെന്ന പോലെ റസൂലിനെയല്ലാതെ വഴിപ്പെടുന്നതുമതേ.
റസൂലിന്റെ പദവി വിലകുറച്ച് കണ്ട് ഇസ്്ലാമിക നിയമങ്ങളിൽ നിന്ന് സുന്നത്തിനെ അടർത്തിമാറ്റുകയെന്നത് കപട വിശ്വാസമാണ്. തിരുനബിയുടെ ഹദീസോ സ്വഹാബത്തിന്റെ ചര്യകളോ അംഗീകരിക്കാതെ ഖുർആനിലെ തെളിവ് മാത്രം ചികയുന്നവർ ആ കാപട്യത്തിന്റെ വക്താക്കളാണ്. അവർ ഹദീസുകളെ ദുർബലപ്പെടുത്തുകയും എഴുതിത്തള്ളുകയും ഹദീസ് നിവേദകരെ ആക്ഷേപിക്കുകയും ചെയ്ത് ഇസ്്ലാമിനോടുള്ള ശത്രുത പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. യഥാർഥത്തിൽ റസൂലി(സ)ന്റെ ജീവിതം വിശുദ്ധ ഖുർആനിന്റെ ആശയപ്പകർപ്പാണ്. സൂറ: അൽ ഹശ്ർ അക്കാര്യം നമ്മെ പഠിപ്പിക്കുന്നു. “നിങ്ങൾക്ക് റസൂൽ നൽകിയത് നിങ്ങൾ സ്വീകരിക്കുക. റസൂൽ നിരോധിച്ചത് ഉപേക്ഷിക്കുക’ അതാണ് സുന്നത്ത്. അതിന്റെ വിശുദ്ധമായ കൈമാറ്റമാണ് സ്വഹാബത്തിലൂടെ പിൽകാലത്തിലേക്ക് പടർന്നത്. “എന്റെയും എന്റെ സന്മാർഗസിദ്ധരായ ഖലീഫമാരുടെയും ചര്യ നിങ്ങൾ പിന്തുടരുക’ എന്ന തിരുവചനം ആ കൈമാറ്റത്തിന്റെ ശുദ്ധി വെളിപ്പെടുത്തുന്നുണ്ട്.
വിശുദ്ധ ഖുർആൻ ഇസ്്ലാമിലെ പല കാര്യങ്ങളെ കുറിച്ചും വിശദമാക്കിയിട്ടില്ല. വിശുദ്ധ ഗ്രന്ഥത്തിന്റെ മൊത്തത്തിലുള്ള പ്രസ്താവനകൾ തിരുനബി (സ) വ്യാഖ്യാനിക്കുകയോ നേരിട്ട് പഠിപ്പിക്കുകയോയാണുണ്ടായത്. ഉദാഹരണം: അഞ്ച് നേരത്തെ നിസ്‌കാരത്തിന്റെ സമയത്തെ ഖുർആൻ നിർണയിച്ചറിയിച്ചിട്ടില്ല. സൂറ: ഹൂദിലെ 114ാം വാക്യത്തിൽ പകലിന്റെ രണ്ട് പാർശ്വങ്ങളിലും രാത്രിയുടെ വിവിധ ഭാഗങ്ങളിലും നിസ്‌കരിക്കാനുള്ള കൽപ്പനയാണുള്ളത്. അഞ്ച് നേരമെന്ന പ്രഖ്യാപനം ഖുർആനിൽ നേരിട്ട് കാണില്ല. പകലിന്റെ രണ്ട് പാർശ്വം എന്ന പ്രയോഗം കൊണ്ട് ളുഹ്ർ, അസ്ർ എന്നിവയും സുലഫ് (ഭാഗങ്ങൾ) എന്ന ബഹുവചന പദം രാത്രിയിലെ മഗ്്രിബ്, ഇശാഅ്, സുബ്ഹി എന്നീ നിസ്‌കാരങ്ങളെയും അടയാളപ്പെടുത്തുന്നു. വിശുദ്ധ ഗ്രന്ഥം മൊത്തത്തിൽ പറഞ്ഞ ഈ അഞ്ച് നേരത്തെ നിസ്കാരത്തിന്റെ സമയവും ക്രമവും രീതിയും നബി (സ) യുടെ സുന്നത്താണ് വിശദമാക്കി തരുന്നത്. സുന്നത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയെന്നാൽ മതത്തിന്റെ അടിവേര് മാന്തലാണ്.
സ്നേഹിതരേ…
തിരു റസൂൽ(സ) കാണിച്ചു തന്നതത്രേ സന്മാർഗ സരണി. അവിടുത്തെ വാക്ക്, പ്രവൃത്തി, മൗനാനുവാദം എന്നിവയടങ്ങുന്ന ജീവിതത്തിലെ ചലനങ്ങളാണ് സുന്നത്ത്. അത് നേരിൽ കണ്ട സ്വഹാബികൾ സുന്നത്തിന് നൽകിയ വ്യാഖ്യാനങ്ങളും വിശുദ്ധ ഖുർആന് നൽകിയ വിശദീകരണങ്ങളും സുന്നത്തിൽ പെട്ടതുതന്നെ. അല്ലാഹുവിനെയും റസൂലിനെയും പിൻപറ്റണമെന്ന നിർദേശത്തിൽ അവിടുത്തെ ശിഷ്യരായ സ്വഹാബത്തിനെ പിൻപറ്റണമെന്ന നിർദേശവുമുണ്ട്. സ്വഹാബത്തിനെ തള്ളിപ്പറയുന്നവർ റസൂലിനെ അംഗീകരിക്കാത്തവരും അല്ലാഹുവിനെ അനുസരിക്കാത്തവരുമത്രേ.
തിരുജീവിതത്തെ വായിക്കാനും കേൾക്കാനും സങ്കേതങ്ങളേറിയ കാലം എന്നൊരു മികച്ച ഗുണം ഈ പുരോഗതിയുടെ കാലത്തിനുണ്ട്. വിവര സാങ്കേതിക വിദ്യയെ അത്തരം കാര്യങ്ങൾക്കായി ഉപയോഗിക്കുകയും നമ്മുടെ ജീവിതത്തെ തിരുജീവിതത്തിന്റെ മാപിനിയിൽ അളന്ന് ക്രമപ്പെടുത്തുകയും ചെയ്യണം. മുത്തബിഉസ്സുന്ന: എന്ന ഉന്നത പദവി നേടിയ അബ്ദുല്ലാഹി ബ്‌നു ഉമർ (റ) ഇഷ്ടാനിഷ്ടങ്ങളിലും ചലന നിശ്ചലനങ്ങളിലും തിരുനബിയെ അപ്പടി പകർത്തിയിരുന്നല്ലോ. സ്വഹാബിവര്യരെല്ലാം റസൂലിനെ(സ) പകർത്തിക്കൊണ്ടിരുന്നു. പിറകെ വന്ന തലമുറകളിലേക്ക് കൈമാറി. വ്യക്തിജീവിതത്തിലും സാമൂഹിക മതകീയ ജീവിതത്തിലൊക്കെയും നമുക്ക് പകർത്താനുള്ളത് തിരുനബിയെ മാത്രമാണ്. അതത്രേ അല്ലാഹുവിനെ വഴിപ്പെടൽ. സ്വല്ലല്ലാഹു അലൈഹി വസല്ലം.
Content Highlights:
The article emphasizes the supreme importance of loving Prophet Muhammad and adhering to his Sunnah in daily life. It highlights that full devotion to Islamic teachings requires total compliance with the Prophet’s traditions and the path shown by the Sahaba. Authentic Islamic life comes from following the Holy Quran alongside the Sunnah.




