Source :- SIRAJLIVE NEWS
കണ്ട്‌ല | ഗുജറാത്തിലെ കണ്ട്‌ല തീരത്ത് രണ്ട് ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് കടലില്‍ ഇന്ധനച്ചോര്‍ച്ച ഉണ്ടാവുമെന്ന് ആശങ്ക. എം വി കെ മാക്‌സ് എംപറര്‍ എന്ന ചരക്കുകപ്പലില്‍ എം വി ട്രൂ മറൈനര്‍ എന്ന കപ്പല്‍ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ എം വി കെ മാക്‌സ് എംപററില്‍ വെള്ളം കയറുന്നതായി അധികൃതര്‍ അറിയിച്ചു.അപകടത്തെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 21 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
അപകടത്തെ തുടര്‍ന്ന് ഗുജറാത്ത് തീരത്ത് സമഗ്രമായ മലിനീകരണ നിയന്ത്രണ നടപടികള്‍ ആരംഭിച്ച് ഇന്ത്യന്‍ തീരസംരക്ഷണ സേന (കോസ്റ്റ് ഗാര്‍ഡ്). കപ്പല്‍ ദുരന്തത്തെ തുടര്‍ന്നുണ്ടാകാനിടയുള്ള പാരിസ്ഥിതിക ആഘാതം തടയുന്നതിനാണ് അടിയന്തര നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും ഗുജറാത്തിന്റെ തീരദേശ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനും സേന പൂര്‍ണ്ണ സജ്ജമാണെന്നും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.
അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങളും സുരക്ഷാ പരിശോധനകളും തുടരുകയാണ്. കപ്പലില്‍ നിന്ന് ഇന്ധന ചോര്‍ച്ചയുണ്ടായിട്ടുണ്ടോ എന്നതും അധികൃതര്‍ പരിശോധിച്ചുവരികയാണ്.മലിനീകരണ പ്രതിരോധ നടപടികള്‍ ആരംഭിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളുടെയും മലിനീകരണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍, വിവിധ കേന്ദ്ര ഏജന്‍സികള്‍, സംസ്ഥാന ഭരണകൂടം എന്നിവരുമായി കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ നിരന്തരം ആശയവിനിമയം നടത്തിവരുന്നുണ്ട്.
Content Highlights:
Two cargo ships collided off the Kandla coast in Gujarat triggering fears of an oil spill. Indian Coast Guard safely evacuated 21 crew members from MV K Max Emperor as water entered the ship. Authorities launched emergency marine pollution control measures to protect the coastal ecosystem.




