Home rss national malayalam പുതിയ വാർത്ത അറിവിന്റെ ആഗോള വസന്തത്തിന് ഇന്ന് തുടക്കം; അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് 35-ാം വാര്‍ഷിക തിളക്കം

അറിവിന്റെ ആഗോള വസന്തത്തിന് ഇന്ന് തുടക്കം; അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് 35-ാം വാര്‍ഷിക തിളക്കം

6
0

Source :- SIRAJLIVE NEWS

അബൂദബി  | അക്ഷരങ്ങളുടെയും ചിന്തകളുടെയും ലോകത്തേക്ക് യു എ ഇ തുറന്നുവെച്ച വിശാലമായ ജാലകമാണ് അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവം. പ്രാദേശികമായ ഒരു പുസ്തക പ്രദര്‍ശനത്തില്‍നിന്ന് തുടങ്ങി ഇന്ന് ലോകമെമ്പാടുമുള്ള എഴുത്തുകാരും പ്രസാധകരും സാംസ്‌കാരിക നായകരും സംഗമിക്കുന്ന വിശ്വപ്രസിദ്ധമായ അറിവുത്സവമായി അത് വളര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകാലം കൊണ്ട് യു എ ഇയുടെ സാംസ്‌കാരിക മുഖച്ഛായ മാറ്റിയെഴുതുന്നതില്‍ ഈ മേള വഹിച്ച പങ്ക് നിസ്തുലമാണ്.

തുടക്കം 1981-ല്‍; ശൈഖ് സായിദിന്റെ ദീര്‍ഘവീക്ഷണം
1981-ല്‍ യു എ ഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ദീര്‍ഘവീക്ഷണത്തോടെയാണ് ഈ അക്ഷരയാത്ര ആരംഭിക്കുന്നത്. അബൂദബി കള്‍ച്ചറല്‍ ഫൗണ്ടേഷനില്‍ ‘ഇസ്ലാമിക പുസ്തകോത്സവം’ എന്ന പേരില്‍ തുടങ്ങിയ ആദ്യ മേളയില്‍ അന്‍പതോളം പ്രസാധകരാണ് അന്ന് പങ്കെടുത്തത്. 1986-ല്‍ ഇത് ‘അബൂദബി ബുക്ക് ഫെയര്‍’ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. 1993-ല്‍ മേളയെ വാര്‍ഷിക സാംസ്‌കാരികോത്സവമാക്കി മാറ്റിയതോടെ അന്താരാഷ്ട്ര പ്രസാധകരുടെയും അറബ് ലോകത്തെ പ്രമുഖ സാഹിത്യകാരന്മാരുടെയും സജീവ സാന്നിധ്യമായി ഇവിടം മാറി.
പുതിയ സഹസ്രാബ്ദത്തിന്റെ തുടക്കത്തോടെ മേള കൂടുതല്‍ ജനകീയവും വിപുലവുമായി വളര്‍ന്നു. 2011-ല്‍ ഫ്രാന്‍സിനെ വിശിഷ്ടാതിഥിയായി ക്ഷണിച്ചുകൊണ്ട് തുടങ്ങിയ പുതിയ പാരമ്പര്യം യുകെ, സ്വീഡന്‍, ഐസ്ലന്‍ഡ്, ഇറ്റലി, ചൈന, പോളണ്ട്, ഇന്ത്യ, ജര്‍മനി, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലൂടെ കടന്നുപോയി. സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്കിടയില്‍ ആശയവിനിമയത്തിന്റെ പാലങ്ങള്‍ പണിയാന്‍ ഓരോ വര്‍ഷത്തെയും ഈ പങ്കാളിത്തങ്ങള്‍ വേദിയായി.

35-ാം പതിപ്പിന്റെ നിറവില്‍ അഡ്‌നെക്
സെപ്തംബര്‍ 13 മുതല്‍ 18 വരെ അബൂദബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ (അഡ്‌നെക്) നടക്കുന്ന പുസ്തകോത്സവത്തിന്റെ 35-ാം പതിപ്പില്‍ 95 രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകരും പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ‘താളുകള്‍ മറിക്കുക, ലോകത്തെ വായിക്കുക’ എന്ന പ്രമേയത്തില്‍ അരങ്ങേറുന്ന മേളയില്‍ ഒന്നര സഹസ്രത്തോളം (1,500) സാംസ്‌കാരിക പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
ഇത്തവണ ബാള്‍ക്കന്‍ സംസ്‌കാരമാണ് മേളയുടെ ഫോക്കസ് രാജ്യം അഥവാ വിശിഷ്ടാതിഥി. പ്രശസ്ത പണ്ഡിതനും ഭാഷാശാസ്ത്രജ്ഞനുമായ അല്‍ ഖലീല്‍ ഇബ്‌നു അഹ്മദ് അല്‍ ഫറാഹിദിയെ മേളയുടെ കേന്ദ്ര വ്യക്തിത്വമായി ആദരിക്കും. വിശ്വസാഹിത്യകാരന്‍ മിഗ്വേല്‍ ഡി സെര്‍വാന്റസിന്റെ പ്രശസ്ത കൃതിയായ ‘ഡോണ്‍ കിഹോത്തെ’യാണ് ‘ലോകത്തിന്റെ പുസ്തക’മായി തിരഞ്ഞെടുത്തത്.
ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കപ്പുറം അറിവിലൂടെയും ആശയങ്ങളിലൂടെയും ലോകസംസ്‌കാരങ്ങളെ ഒരൊറ്റ വേദിയില്‍ സംയോജിപ്പിക്കുക എന്ന മഹത്തായ സന്ദേശമാണ് ഈ പുസ്തകോത്സവം മുന്നോട്ടുവെക്കുന്നത്. ഒരു ആഗോള വിജ്ഞാന സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവം വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണ്.

Content Highlights: The 35th edition of the Abu Dhabi International Book Fair has commenced at ADNEC featuring publishers from 95 countries. Established in 1981 by Sheikh Zayed bin Sultan Al Nahyan, the fair hosts over 1,500 cultural events. This edition features Balkan culture as the focus country.