Source :- SIRAJLIVE NEWS
തിരുവനന്തപുരം | രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോഡ് ഷെഡ്ഡിംഗും പവര്‍കട്ടും ഒഴിവാക്കുന്നതിന് വന്‍ വില നല്‍കി വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബി നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി യൂനിറ്റിന് 30 രൂപ വരെ നല്‍കി പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. എന്‍ ടി പി സിയുടെ രത്നഗിരി പവര്‍ പ്ലാന്റില്‍ നിന്ന് ഈ മാസം 30 വരെ 300 മെഗാവാട്ട് വൈദ്യുതിയെത്തിക്കാനാണ് നീക്കം. ഇന്ന് മുതല്‍ തന്നെ വൈദ്യുതി ലഭിച്ചുതുടങ്ങും. നിലവില്‍ യൂനിറ്റിന് പരമാവധി പത്ത് രൂപ വരെ വിലയ്ക്ക് വൈദ്യുതി വാങ്ങാനാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍, അടിയന്തര സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാറിന്റെ പ്രത്യേക അനുമതിയോടെ കെ എസ് ഇ ബി സ്വയം തീരുമാനമെടുത്താണ് റെഗുലേറ്ററി ബോര്‍ഡ് അനുവദിച്ചതിന്റെ രണ്ടിരട്ടി തുകക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങാനൊരുങ്ങുന്നത്.
നിലവിലെ സാഹചര്യത്തില്‍ മറ്റ് പല സംസ്ഥാനങ്ങളും ഉയര്‍ന്ന വില നല്‍കി വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി നേരിടുന്നതെന്ന് വ്യക്തമാക്കി കെ എസ് ഇ ബി സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. വൈദ്യുതി നിയന്ത്രണം ജനജീവിതത്തെ ബാധിക്കുകയും വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ചെയ്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്‍, വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, കെ എസ് ഇ ബി ചെയര്‍മാന്‍ എം ജി രാജമാണിക്യം, ചീഫ് സെക്രട്ടറി, ഫിനാന്‍സ് അഡീഷനല്‍ സെക്രട്ടറി, ടാക്സ് സെക്രട്ടറി, വൈദ്യുതി വകുപ്പ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ സെക്രട്ടറി എന്നിവരുടെ യോഗത്തിലാണ് തീരുമാനം.
ഇതിനുപുറമേ, ഒഡിഷയില്‍ നിന്നും ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനില്‍ നിന്നും 150 മെഗാവാട്ട് വീതം വൈദ്യുതി വാങ്ങുന്നതിനും വാക്കാല്‍ ധാരണയായിട്ടുണ്ട്. ഒഡിഷയില്‍ നിന്നുള്ള വൈദ്യുതിക്ക് യൂനിറ്റിന് പത്ത് രൂപയാണ് വില. ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനില്‍ നിന്നുള്ള വൈദ്യുതിയുടെ വില അത് അനുവദിക്കുന്ന മുറക്ക് നിശ്ചയിക്കും.
അധികം വേണ്ടത് 800 മെഗാവാട്ട്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രിസമയങ്ങളില്‍ ഒന്നിലധികം തവണ വൈദ്യുതി മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണ് അടിയന്തര നടപടി. സംസ്ഥാനത്ത് ഉപഭോഗം കുത്തനെ കൂടിയ ദിവസങ്ങളില്‍ 800 മെഗാവാട്ട് വരെ വൈദ്യുതിയാണ് പുറത്തുനിന്ന് കൂടുതലായി ആവശ്യമായി വരുന്നത്. ഇതില്‍ 600 മെഗാവാട്ട് ലഭ്യമാക്കാന്‍ സാധിച്ചാല്‍ ബാക്കിവരുന്ന കുറവ് തത്സമയ വിപണിയില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ പരിഹരിക്കാനാകും. ഇതുവഴി നിലവിലുള്ള വൈദ്യുതി നിയന്ത്രണങ്ങളും ലോഡ് ഷെഡ്ഡിംഗും പൂര്‍ണമായും ഒഴിവാക്കാനാകുമെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍.
റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1,024 മെഗാവാട്ട് വൈദ്യുതി ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നിയന്ത്രണം ഒഴിവാക്കിയിരുന്നു. ഇതിനുപുറമേ, രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ മാതൃക പിന്തുടര്‍ന്ന് ബിഹാര്‍, മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിതരണ കമ്പനികളുമായി നേരിട്ട് ചര്‍ച്ച നടത്തി പരമാവധി വൈദ്യുതി ഉറപ്പാക്കാന്‍ മൂന്ന് കെ എസ് ഇ ബി ഡയറക്ടര്‍മാര്‍ ഇന്നലെ ഉത്തരേന്ത്യയിലേക്ക് യാത്ര തിരിച്ചിരുന്നു. രാത്രികാലങ്ങളില്‍ യൂനിറ്റിന് 16 രൂപ മുതല്‍ 30 രൂപ വരെയാണ് ഈ കമ്പനികള്‍ ആവശ്യപ്പെടുന്നത്. തമിഴ്നാട് കഴിഞ്ഞ ദിവസം യൂനിറ്റിന് 36 രൂപ വരെ നല്‍കിയാണ് വൈദ്യുതി വാങ്ങിയത്. ഇത്രയും ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങുമ്പോള്‍ ബോര്‍ഡിന് വരുന്ന സാമ്പത്തിക ബാധ്യതയും സര്‍ക്കാറിന്റെ സബ്സിഡി സഹായങ്ങളും സംബന്ധിച്ച് വരുംദിവസങ്ങളില്‍ വ്യക്തത വരും.
ഉപയോക്താക്കള്‍ക്ക് ബാധ്യതയാകും; നിരക്കുവര്‍ധന സൂചന നല്‍കി മന്ത്രി
തിരുവനന്തപുരം | വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് അധിക വില നല്‍കി പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ അധിക ബാധ്യത ഉപയോക്താക്കളുടെ ചുമലിലാകുമെന്ന് ഉറപ്പായി. അധിക വില നല്‍കി വാങ്ങുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക ബാധ്യത മറികടക്കുന്നതിന് ഭാവിയില്‍ വൈദ്യുതി നിരക്ക് കൂട്ടിയേക്കുമെന്ന സൂചനയാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നല്‍കുന്നത്.
യൂനിറ്റിന് 30 രൂപക്ക് വൈദ്യുതി വാങ്ങുമ്പോഴുണ്ടാകുന്ന അധിക ബാധ്യത ഇപ്പോള്‍ സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനിച്ചാലും ജനങ്ങളിലെത്തില്ലെന്ന് പറയാനാകില്ലെന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭ്യമാക്കാനാണ് പരിശ്രമിക്കുന്നത്. അതേസമയം, അധിക ബാധ്യത തീര്‍ക്കാന്‍ അധിക സെസ് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് നിലവില്‍ ആലോചിച്ചിട്ടില്ലെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
നിലവില്‍ എന്‍ ടി പി സിയുമായി സംസാരിച്ച് ധാരണയിലെത്തിയിട്ടുണ്ട്. ഇതോടൊപ്പം റദ്ദാക്കപ്പെട്ട കരാറുകള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
Content Highlights:
Kerala faces a critical electricity shortage, prompting immediate government action. To ensure uninterrupted power supply and avoid widespread load shedding, the state has decided to purchase electricity at higher market rates. The decision aims to meet the surging peak demand across all districts.




