Home rss national malayalam പുതിയ വാർത്ത തിരുത്തല്‍ സംഘടനാതലത്തില്‍ മാത്രം പോരാ

തിരുത്തല്‍ സംഘടനാതലത്തില്‍ മാത്രം പോരാ

3
0

Source :- SIRAJLIVE NEWS

തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകാനുള്ള സി പി എം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി നേതൃത്വത്തിന് വീണ്ടുവിചാരമുണ്ടായത്. ഇതിന്റെ ഭാഗമായി കണ്ണൂരിലെ പാര്‍ട്ടിയുടെ ജനകീയ മുഖമായ പി ജയരാജനെ സെക്രട്ടേറിയറ്റില്‍ വീണ്ടും ഉള്‍പ്പെടുത്തല്‍, സംസ്ഥാന സമിതിയില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം തുടങ്ങി സംഘടനാതലത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് കോഴിക്കോട്ട് നടന്ന സംസ്ഥാന സമിതിയോഗം. ഒമ്പത് വിദ്യാര്‍ഥി- യുവജന നേതാക്കളാണ് പാര്‍ട്ടിയില്‍ പുതുതായി ഇടം നേടിയത്. ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ വന്ന വീഴ്ചക്ക് സംസ്ഥാന സെക്രട്ടറി എം ഗോവിന്ദനെ ശാസിച്ച അസാധാരണ നടപടിക്കും യോഗം സാക്ഷിയായി.

എന്നാല്‍ പുനഃസംഘടന കൊണ്ട് മാത്രം ജനകീയാടിത്തറ വീണ്ടെടുക്കാനാകുമോ? ഇതിനപ്പുറം പാര്‍ട്ടിയുടെ രാഷ്ട്രീയ സമീപനത്തിലും ജനങ്ങളുമായുള്ള ബന്ധത്തിലും കാതലായ മാറ്റം അനിവാര്യമാണ്. പാര്‍ട്ടി നേതാക്കളുടെയും ജനപ്രതിനിധികളുടെയും പെരുമാറ്റത്തിലും പ്രവര്‍ത്തന ശൈലിയിലും സമൂലമായ മാറ്റം വേണ്ടതുണ്ട്. ജനങ്ങളില്‍ നിന്നകറ്റാനിടയാക്കുന്ന ധാര്‍ഷ്ട്യത ഒഴിവാക്കി ജനസൗഹൃദപരമായ സമീപനം സ്വീകരിക്കണം. പാര്‍ട്ടി അണികളിലും നേതാക്കളിലും പിടിമുറുക്കുന്ന അവസരവാദ പ്രവണതകള്‍, ആഡംബര ജീവിതരീതി, ബിനാമി ഇടപാടുകള്‍ എന്നിവ തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുകയും വേണം.

സി പി എം- ബി ജെ പി ഡീല്‍ ആരോപണം ഫലപ്രദമായി ചെറുക്കുന്നതില്‍ വന്ന വീഴ്ചയാണ് തോല്‍വിക്കു കാരണമെന്ന് സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ച റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരമൊരു ആരോപണം ഉയരാന്‍ ഇടയായ രാഷ്ട്രീയ സാഹചര്യമെന്താണെന്നും അതിനെ നേരിടുന്നതില്‍ പാര്‍ട്ടിക്ക് സംഭവിച്ച വീഴ്ചകളെന്തൊക്കെയാണെന്നും ആത്മപരിശോധന വേണ്ടതുണ്ട്.

വെള്ളാപ്പള്ളി നടേശന്‍ ന്യൂനപക്ഷവിരുദ്ധ പ്രസ്താവന നടത്തിയപ്പോള്‍ പാര്‍ട്ടി പാലിച്ച മൗനവും നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ച അലംഭാവവും പ്രതിപക്ഷം ആയുധമാക്കി. സംഘ് പരിവാര്‍ സഹകാരിയായ എ ഡി ജി പി അജിത്കുമാറിന് സര്‍ക്കാര്‍ നല്‍കിയ സംരക്ഷണവും വിനയായി. ആര്‍ എസ് എസ് നേതാക്കളുമായി അജിത്കുമാര്‍ നടത്തിയ കൂടിക്കാഴ്ചയും തൃശൂര്‍പൂരം കലക്കിയതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണവും സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ കൊടുങ്കാറ്റ് സൃഷ്ടിച്ചതാണ്. ഇത്തരം വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനു പകരം സംശയം ബാക്കിവെക്കുന്ന സമീപനമാണ് പാര്‍ട്ടിയും സര്‍ക്കാറും സ്വീകരിച്ചത്.

സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പാക്കാന്‍ ഇടതുസര്‍ക്കാര്‍ കാണിച്ച അമിതാവേശം മത-സാമുദായിക സംഘടനകള്‍ക്കിടയില്‍ വലിയ അതൃപ്തിയുണ്ടാക്കി. ഇത് സാമൂഹിക മൂല്യങ്ങളെ തകര്‍ക്കാനുള്ള നീക്കമാണെന്ന പ്രചാരണമുണ്ടായപ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്ക ഉയര്‍ന്നു. സ്വതന്ത്ര ലൈംഗികത, ജെന്‍ഡര്‍ ഐഡന്റിറ്റി തുടങ്ങിയ തീവ്രലിബറല്‍ ആശയങ്ങള്‍ പാര്‍ട്ടിയുടെ യുവജന, വിദ്യാര്‍ഥി ഘടകങ്ങളുടെ നേതൃത്വത്തില്‍ സമൂഹത്തിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതും മതന്യൂനപക്ഷങ്ങളെ ആശങ്കാകുലരാക്കി. സമൂഹത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും വികാരങ്ങളെ മാനിക്കാതെ ഇത്തരം പരിഷ്‌കാരങ്ങള്‍ ഏകപക്ഷീയമായി നടപ്പാക്കാന്‍ ശ്രമിച്ചത് എല്‍ ഡി എഫിന്റെ പരമ്പരാഗത വോട്ട്‌ബേങ്കില്‍ വിള്ളലുണ്ടാക്കി.

ബലപ്രയോഗത്തിലൂടെ തിടുക്കപ്പെട്ട് അടിച്ചേല്‍പ്പിക്കേണ്ടതല്ല ഇത്തരം ആശയങ്ങള്‍; സമൂഹത്തിന്റെ പൊതുവായ അംഗീകാരത്തോടെയായിരിക്കണം നടപ്പാക്കേണ്ടത്.
പുനഃസംഘടനയുടെ ഭാഗമായി പുതിയ തലമുറയെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ശ്ലാഘനീയമാണ്. ഇതോടൊപ്പം ജനങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ സഹായകമായ പ്രവര്‍ത്തന ശൈലിയും സ്വീകരിക്കേണ്ടതുണ്ട്. നേതൃഘടനയില്‍ കൂട്ടുത്തരവാദിത്വം ഉറപ്പാക്കണം.

തീരുമാനങ്ങള്‍ ഏതാനും വ്യക്തികളില്‍ കേന്ദ്രീകരിക്കുന്നതും ചിലര്‍ക്ക് അപ്രമാദിത്തം കല്‍പ്പിക്കുന്നതും പാര്‍ട്ടിയുടെ ജനാധിപത്യ സ്വഭാവത്തെ ദുര്‍ബലപ്പെടുത്തും. വിമര്‍ശം ഉന്നയിക്കുന്നവര്‍ക്കും പാര്‍ട്ടിയില്‍ ഇടമുണ്ടാകണം. നേതൃത്വത്തെ ചോദ്യം ചെയ്യുന്നത് അച്ചടക്കലംഘനമായി കാണുന്ന സമീപനം തിരുത്തേണ്ടതുണ്ട്. പാര്‍ട്ടിയുടെ നയങ്ങളും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കടക്കം അഭിപ്രായം പറയാനും തെറ്റുകള്‍ ചൂണ്ടിക്കാനും കഴിയുന്ന അന്തരീക്ഷമാണ് യഥാര്‍ഥ സംഘടനാ ജനാധിപത്യം.

സി പി എമ്മിന് കേരളത്തിലെ മതേതര രാഷ്ട്രീയത്തില്‍ വലിയൊരു ഇടമുണ്ട്. സംസ്ഥാനത്തെ വര്‍ഗീയ ശക്തികളെ, പ്രത്യേകിച്ചു ഹിന്ദുത്വ വര്‍ഗീയതയെ ചെറുക്കുന്നതിലും മതനിരപേക്ഷത തകരാതെ നിലനിര്‍ത്തുന്നതിലും പാര്‍ട്ടിയുടെ പങ്ക് നിര്‍ണായകമാണ്. സി പി എമ്മിന്റെ ശക്തമായ മതനിരപേക്ഷ നിലപാടും കേഡര്‍ സംവിധാനവും, സാമൂഹിക- സാംസ്‌കാരിക ഇടപെടലുമാണ് ഉത്തരേന്ത്യയില്‍ കരുത്താര്‍ജിച്ച ബി ജെ പിക്ക് സമീപകാലം വരെയും കേരളത്തില്‍ വേണ്ടത്ര വേരോട്ടം ലഭിക്കാതെ പോയതിനു പിന്നിലെന്ന് രാഷ്ട്രീയ പ്രതിയോഗികള്‍ പോലും സമ്മതിക്കുന്ന വസ്തുതയാണ്. ഈ സാഹചര്യത്തല്‍ പാര്‍ട്ടി പൂര്‍വോപരി ശക്തിയോടെ നിലനില്‍ക്കേണ്ടതുണ്ട്.

എന്നാല്‍ എല്ലാ അര്‍ഥത്തിലും തെറ്റ് തിരുത്താന്‍ തയ്യാറായാല്‍ മാത്രമേ പാര്‍ട്ടിക്ക് പൂര്‍വപ്രതാപം വീണ്ടെടുക്കാനാകുകയുള്ളൂ. ജനകീയ അടിത്തറ നഷ്ടപ്പെട്ടതിന്റെ യഥാര്‍ഥ കാരണങ്ങള്‍ക്കു നേരെ കണ്ണ് തുറക്കാതെ, വിമര്‍ശങ്ങള്‍ക്ക് നേരെ ചെവി കൊടുക്കാതെ, സംഘടനാതലത്തില്‍ മാത്രം മാറ്റങ്ങള്‍ വരുത്തിയത് കൊണ്ട് തിരിച്ചുവരവ് സാധ്യമാകില്ല.

Content Highlights:
The CPM Kerala state committee has initiated organizational changes following its setback in the assembly elections. Key measures include reinstating P Jayarajan to the secretariat, inducting youth leaders, and issuing a warning to state secretary MV Govindan. The party emphasizes rectifying political and administrative mistakes to rebuild public support.