Home rss national malayalam പുതിയ വാർത്ത തറവാട്ട് വീട്ടില്‍ നിന്ന് മദ്യം പിടിച്ചെന്ന ആരോപണം; റിപ്പോര്‍ട്ടര്‍ ടി വി എം ഡി ആന്റോ...

തറവാട്ട് വീട്ടില്‍ നിന്ന് മദ്യം പിടിച്ചെന്ന ആരോപണം; റിപ്പോര്‍ട്ടര്‍ ടി വി എം ഡി ആന്റോ അഗസ്റ്റിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

3
0

Source :- SIRAJLIVE NEWS

കൊച്ചി | വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടില്‍ നിന്ന് മദ്യം പിടിച്ചെന്ന ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി എം ഡി ആന്റോ അഗസ്റ്റിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അറസ്റ്റ് പ്രതികാര നടപടിയെന്ന് അഗസ്റ്റിന്‍ പ്രതികരിച്ചു. തന്നെ കുടുക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞാന്‍ മദ്യപിക്കാറില്ല. അതുമായി ബന്ധപ്പെട്ട ഒരു കാര്യവും എനിക്കറിയില്ല. എക്സൈസുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചുമറിയില്ല. പോയി നോക്കട്ടെ’, ആന്റോ അഗസ്റ്റിന്‍ മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ഓഫീസിലെ എക്സൈസിന്റെ നാടകീയ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു ആന്റോ അഗസ്റ്റിന്റെ അറസ്റ്റ്. എഫ്ഐ ആര്‍ പോലും ഇല്ലാതെ അറസ്റ്റിനെത്തിയ സംഘം മണിക്കൂറുകളോളം റിപ്പോര്‍ട്ടര്‍ എം ഡി ആന്റോ അഗസ്റ്റിനെ തടഞ്ഞുവെച്ചു. പരിശോധന പൂര്‍ത്തിയാക്കി പോലീസ് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് എക്സൈസ് റിപ്പോര്‍ട്ടര്‍ ഓഫീസിലെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഓഫീസിലെത്തിയ സംഘം, രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും എഫ്ഐആര്‍ കൈമാറിയില്ല. തുടര്‍ന്ന് ഇത് ചോദ്യം ചെയ്തതോടെയാണ് സംഘം എഫ് ഐ ആര്‍ കൈമാറിയത്.

റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് ഡെസ്‌ക്കില്‍ നടന്ന പോലീസ് അതിക്രമത്തെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ന്യായീകരിച്ചു. എസ് ഐ ടി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പോലീസിന്റെ അന്വേഷണത്തില്‍ ആഭ്യന്തരവകുപ്പ് ഇടപെടാറില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമേരിക്കന്‍ യാത്ര കഴിഞ്ഞ് തിരികയെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 വര്‍ഷത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ എത്ര നടപടികള്‍ ഉണ്ടായി. അന്ന് ആരും അടിയന്തരാവസ്ഥ കണ്ടില്ലേയെന്നും ആഭ്യന്തരമന്ത്രി ചോദിച്ചു.അന്വേഷണം നടക്കട്ടെ. നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. എസ് ഐ ടി നടപടി താന്‍ അറിയേണ്ട കാര്യമില്ല. സെര്‍ച്ച് വാറന്റ് ഉള്‍പ്പടെ എല്ലാ നിയമപരമായ അനുമതികളോടെയും കൂടിയായിരുന്നു നടപടി. എസ് ഐ ടി എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാരോ ആഭ്യന്തരമന്ത്രിയോ പറയേണ്ട കാര്യമില്ല. അന്വേഷണം അന്വേഷണത്തിന്റെ വഴിക്ക് പോകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അര്‍ജന്റീനയുടെ വരവുമായി ബന്ധപ്പെട്ട അന്വേഷണത്തിനെന്ന് പറഞ്ഞ് റിപ്പോര്‍ട്ടര്‍ ഹെഡ് ഓഫീസിലെത്തിയ പോലീസ് സംഘത്തിന്റെ പരിശോധന 21 മണിക്കൂറോളം നീണ്ടു. തൃക്കാക്കര എ സി പി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തില്‍ ആയിരുന്നു റെയ്ഡ് നടന്നത്. മാധ്യമപ്രവര്‍ത്തകരുടെ പല ചോദ്യങ്ങള്‍ക്കും എസിപി കൃത്യമായ ഉത്തരം നല്‍കിയില്ല. റെയ്ഡ് വിശദാംശങ്ങള്‍ എസ് ഐ ടി തലവന്‍ വിശദീകരിക്കുമെന്നായിരുന്നു മറുപടി. ഒരു സംഘം പോലീസുകാര്‍ ഇന്നലെ പുലര്‍ച്ചെ കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസില്‍ പരിശോധനയെന്ന പേരില്‍ എത്തുകയും മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പിടിച്ചുവെയ്ക്കുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകരും സാങ്കേതിക വിഭാഗം ജീവനക്കാരും മാത്രം പ്രവേശിക്കുന്ന ന്യൂസ് ഡെസ്‌കില്‍ ജോലി തടസ്സപ്പെടുത്തുന്ന രീതിയിലാണ് പോലീസിന്റെ കടന്നുകയറ്റമുണ്ടായത്.

Content Highlights:
Reporter TV MD Anto Augustine was arrested by Excise over an alleged alcohol seizure at his Wayanad residence, which he termed a setup. The arrest followed dramatic scenes at the channel office after a 21-hour police search. Home Minister Ramesh Chennithala defended the law enforcement actions.