Home rss national malayalam പുതിയ വാർത്ത ‘ഒരു തോട്ടുമീൻ കറിയിലൂടെ ഉമ്മ നൽകിയ ആ ജീവിതപാഠം…’; ഉമ്മയെ ഹൃദയസ്‌പൃക്കായ വരികളിൽ സ്മരിച്ച് ഖലീൽ...

‘ഒരു തോട്ടുമീൻ കറിയിലൂടെ ഉമ്മ നൽകിയ ആ ജീവിതപാഠം…’; ഉമ്മയെ ഹൃദയസ്‌പൃക്കായ വരികളിൽ സ്മരിച്ച് ഖലീൽ തങ്ങൾ

2
0

Source :- SIRAJLIVE NEWS

കോഴിക്കോട് | കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി വിടപറഞ്ഞ തന്റെ ഉമ്മയെക്കുറിച്ചുള്ള ഓർമകൾ ഫേസ്ബുക്കിൽ പങ്കുവെച്ചു. ഉമ്മയുടെ മരണത്തിന്റെ മൂന്നാം ദിനം വീട്ടിലേക്കും സിയാറത്തിനുമായി എത്തിയ വൻ ജനാവലിയുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് തങ്ങൾ ഉമ്മയെ ഓർത്തെടുത്തത്. ചെറുപ്പത്തിലേ ഉമ്മ പകർന്നുനൽകിയ ജീവിത പാഠങ്ങൾ തങ്ങൾ ഹൃദയസ്പർശിയായ ഭാഷയിൽ വരച്ചുകാട്ടുന്നു. നാട്ടിലും വിദേശത്തും ഉമ്മക്കായി പ്രാർത്ഥനാ മജ്‌ലിസുകളും ജനാസ നമസ്കാരങ്ങളും സംഘടിപ്പിച്ച വിവരം പലരും വിളിച്ചറിയിക്കുന്നുണ്ട്. ലോകത്തിന്റെ പല കോണുകളിലുള്ള, ഒരിക്കൽപോലും നേരിൽ കണ്ടിട്ടില്ലാത്ത മനുഷ്യർ ചേർത്തുപിടിക്കുന്നത് കാണുമ്പോൾ ഉമ്മയെ ഓർത്ത് അഭിമാനവും സന്തോഷവും തോന്നുന്നുവെന്ന് തങ്ങൾ കുറിച്ചു.

‘മക്കളെ നല്ല രീതിയിൽ വളർത്തിയതുകൊണ്ടാണ് ഈ സ്നേഹവും സൗഭാഗ്യങ്ങളുമെല്ലാം തേടിയെത്തുന്നത്. മക്കളിൽ കാണുന്ന ഏതൊരു നന്മയും ഉപ്പയും ഉമ്മയും പകർന്നുതന്നതാണ്. ഗുരുത്വദോഷം വരാതിരിക്കാൻ ഉമ്മ അത്രമേൽ ശ്രദ്ധിച്ചിരുന്നു. ഗുരുത്വദോഷം എന്നത് കടലോളം വലുതായി വരണമെന്നില്ല, കടുകുമണിയേക്കാൾ ചെറുതുമാകാം എന്ന് ഉമ്മ എപ്പോഴും ഓർമിപ്പിക്കുമായിരുന്നു. മറ്റൊരാൾ സംസാരിക്കുമ്പോൾ ഇടക്കുകയറി സംസാരിക്കാതിരിക്കുക, ആരോടും അപമര്യാദയായി പെരുമാറാതിരിക്കുക തുടങ്ങിയ കാര്യങ്ങളിൽ പിഴവുകൾ വരരുതെന്ന് ഉമ്മയ്ക്ക് നിർബന്ധമുണ്ടായിരുന്നു. പഠനകാലത്ത് സ്കൂൾ ബാഗുകളും പുസ്തകങ്ങളും ദിവസവും പരിശോധിക്കും. പുതിയ സാധനങ്ങൾ കണ്ടാൽ ഇതെങ്ങനെ കിട്ടി, ആര് തന്നു, എന്തിന് തന്നു എന്നെല്ലാം ചോദിച്ചറിയും. ഉടമസ്ഥന്റെ സമ്മതമില്ലാതെ മറ്റൊരാളുടെ വസ്തുക്കൾ എടുത്താലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ഉമ്മ ജാഗ്രതപ്പെടുത്തിയിരുന്നു’.

‘എന്നാൽ വളർന്ന് വിവാഹിതരായതിനു ശേഷം ഒരിക്കൽപോലും കുടുംബജീവിതത്തിൽ അനാവശ്യമായി ഇടപെടാനോ ശാസിക്കാനോ ഉമ്മ നിന്നിട്ടില്ല. സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള പക്വത മക്കൾക്കുണ്ടെന്ന പൂർണവിശ്വാസം ഉമ്മയ്ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മക്കൾക്കോ മരുമക്കൾക്കോ ഉമ്മയെക്കുറിച്ച് ഒരു പരാതിയും പറയാനില്ല. ഉമ്മാന്റെ വസ്ത്രം പോലും തങ്ങൾക്ക് അലക്കിക്കൊടുക്കാൻ കിട്ടാറില്ല എന്ന പരിഭവമേ അവർക്കുള്ളൂ. എനിക്ക് ആരോഗ്യമുള്ള കാലത്തോളം എന്റേതൊന്നും നിങ്ങൾ ചെയ്യേണ്ടതില്ല എന്ന് ഉമ്മ ചട്ടം കെട്ടിയിരുന്നു’.

ഭക്ഷണത്തെ ഒരിക്കലും വിലകുറച്ചുകാണരുതെന്നും ഉമ്മ പഠിപ്പിച്ചു. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴുള്ള ഒരു സംഭവം അദ്ദേഹം ഓർത്തെടുത്തു. ‘അന്ന് സ്കൂളിൽ പോകുന്ന നേരം വീട്ടിൽ തയ്യാറാക്കിയിരുന്നത് തോട്ടിൽനിന്ന് കിട്ടിയ മീൻ കൊണ്ടുള്ള കറിയായിരുന്നു. തോട്ടുമീന് സ്വാദ് കുറവായിരിക്കുമെന്ന തോന്നലിൽ എനിക്ക് വേണ്ട എന്ന് പറഞ്ഞപ്പോൾ, എന്നാൽ ഉമ്മാന്റെ കുട്ടി പൊയ്ക്കോളൂ എന്നായിരുന്നു ഉമ്മയുടെ മറുപടി. വൈകുന്നേരം നല്ല വിശപ്പോടെ തിരിച്ചെത്തിയപ്പോൾ അടുക്കളയിൽ നല്ല പുഴമീൻകറിയൊക്കെ തയ്യാറാക്കിവെച്ചിട്ടുണ്ടായിരുന്നു. എന്നാൽ ചോറുണ്ണാനിരുന്ന അദ്ദേഹത്തിന് മുന്നിലേക്ക് ഉമ്മ ഉച്ചയ്ക്ക് ബാക്കിവെച്ച അതേ തോട്ടുമീൻ കറി തന്നെ വിളമ്പി. വിശപ്പിന്റെ കാഠിന്യം കൊണ്ട് ആ ഭക്ഷണം കൊതിയോടെ കഴിച്ചുതീർത്തു’.

സയ്യിദത്ത് ഫാത്വിമ ഇമ്പിച്ചി ബീവിയുടെ മയ്യിത്ത് നിസ്‌കാരത്തിന് കടലുണ്ടി കോര്‍ണിഷ് ജുമുഅ മസ്ജിദില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്നു

‘കഴിച്ചുകഴിഞ്ഞപ്പോൾ നിങ്ങളൊക്കെ നാളെ പല നാടുകളിലും പോകേണ്ടവരാണ്, പല നാട്ടിലെയും ഭക്ഷണം കഴിക്കേണ്ടിവരും, അതുകൊണ്ട് ജീവിതത്തിൽ എല്ലാം ശീലിച്ചേ മതിയാകൂ എന്ന് ഉമ്മ ശാന്തമായി പറഞ്ഞു. ഒരു തോട്ടുമീൻ കറിയിലൂടെ ഉമ്മ നൽകിയ ആ ജീവിതപാഠത്തിന്റെ ആഴം എത്രയെന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. ഇതിനകം അറുപതോളം രാജ്യങ്ങളിൽ സഞ്ചരിച്ചുകഴിഞ്ഞു. പല ദേശങ്ങളിലെ വിഭവങ്ങൾ കഴിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ ഭക്ഷണംപോലും കിട്ടാത്ത സന്ദർഭങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാൽ അത്തരം പ്രതിസന്ധികളിലൊന്നും തളരാതെ മുന്നോട്ടുപോകാൻ പ്രാപ്തനാക്കിയത് ഉമ്മ അന്ന് പകർന്നുനൽകിയ പാഠങ്ങളാണ്’.

നാളെ നമ്മുടെ മക്കൾക്ക് ഓർത്തെടുത്ത് അഭിമാനിക്കാനും തലമുറകൾക്ക് മാതൃകയാക്കാനും സാധിക്കുന്ന ഉത്തമമായ ജീവിതം നയിക്കാൻ സർവ്വശക്തൻ തൗഫീഖ് നൽകട്ടെ എന്ന പ്രാർഥനയോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസവും ഉമ്മയെ കുറിച്ച് തങ്ങൾ കുറിപ്പ് പങ്കുവെച്ചിരുന്നു.

Content Highlights:

Kerala Muslim Jamaat State Secretary Syed Ibrahim Khaleel Al Bukhari shared an emotional note about his late mother. He remembered the values, manners, and life lessons she taught during his childhood. He credited her guidance for helping him navigate challenges across sixty countries.