Source :- SIRAJLIVE NEWS
ന്യൂഡൽഹി | സമരം നടത്തിയ വിദ്യാർഥികളെ പിന്തുണച്ച് പുഞ്ചിരിച്ചതിന്റെ പേരിൽ വിദ്യാർഥികൾക്ക് 19,000 രൂപ പിഴ ചുമത്തിയ ജവഹർലാൽ നെഹ്റു സർവകലാശാലയുടെ ഉത്തരവ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. വിദ്യാർഥികളുടെ പെരുമാറ്റത്തിൽ യാതൊരുവിധ അച്ചടക്കലംഘനവുമില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് ജസ്മീത് സിംഗിന്റെ ബഞ്ചാണ് സർവകലാശാലയുടെ ഉത്തരവ് സ്‌റ്റേ ചെയ്തത്. ജെ എൻ യു നടപടി വിദ്യാർഥികളുടെ മൗലികാവകാശം ഹനിക്കുന്നതാണെന്നും അത് അനുവദിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
വിയോജിപ്പ് പ്രകടിപ്പിക്കാനോ പ്രതിഷേധിക്കാനോ, പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആർപ്പുവിളിക്കാനോ ഉള്ള അവകാശം വളരെ വിലപ്പെട്ടതാണ്. അത് ഏതെങ്കിലുംവിധത്തിൽ നിയന്ത്രിക്കാനോ തടയാനോ പാടില്ല. ഇത്തരമൊരു പ്രവൃത്തിയുടെ പേരിൽ വിദ്യാർഥികളെ ശിക്ഷിക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ജെ എൻ യു ക്യാമ്പസിൽ സർവകലാശാലയുടെ ഫേഷ്യൽ റെക്കഗ്‌നിഷൻ ടെക്‌നോളജി സംവിധാനത്തിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടതാണ് കേസ്. സർവകലാശാല നിരവധി വിദ്യാർഥികൾക്കെതിരെ അച്ചടക്കനടപടികൾ ആരംഭിച്ചിരുന്നു. ഇതിൽ ഫേഷ്യൽ റെക്കഗ്‌നിഷൻ ടെക്‌നോളജി സംവിധാനം നശിപ്പിച്ചവരായി ആരോപിക്കപ്പെടുന്ന വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചെന്നാരോപിച്ച് അഞ്ച് വിദ്യാർഥികൾക്കെതിരെയും കൈയടിച്ചും മുദ്രാവാക്യം വിളിച്ചും നാശനഷ്ടമുണ്ടാക്കൽ നടപടിയെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്തുവെന്നാരോപിച്ച് മറ്റ് മൂന്ന് പേർക്കെതിരെയും ജെ എൻ യു അധികൃതർ നടപടി ആരംഭിക്കുകയായിരുന്നു. ഫെബ്രുവരി രണ്ടിന് ഓരോരുത്തർക്കും 19,000 രൂപ വീതം പിഴ ചുമത്തി.
ഇതിനെതിരെയാണ് വിദ്യാർഥികൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.തങ്ങൾക്കെതിരെയുള്ള തെളിവുകൾ പരിശോധിച്ചാൽ, പ്രതിഷേധക്കാരെ നോക്കി പുഞ്ചിരിക്കുന്നത് മാത്രമാണ് കാണാൻ കഴിയുന്നതെന്നും അല്ലാതെ നാശനഷ്ടമുണ്ടാക്കുന്നതിലോ മറ്റ് അച്ചടക്കലംഘനങ്ങളിലോ തങ്ങൾ പങ്കാളികളായെന്ന് തെളിയിക്കുന്ന ഒന്നും അതിലില്ലെന്നും വിദ്യാർഥികൾ കോടതിയിൽ വാദിച്ചു.
Content Highlights:
The Delhi High Court stayed JNU’s order imposing a 19,000 rupees fine on students for smiling and supporting campus protesters. Justice Jasmeet Singh observed that expressing dissent is a fundamental right. JNU penalised students over protests against facial recognition technology.




