Source :- SIRAJLIVE NEWS
രാജ്യാന്തര വിപണിയില്‍ എണ്ണവില വീണ്ടും നൂറ് ഡോളര്‍ കടന്നു. സഊദി അറേബ്യയിലെ ഈസ്റ്റ്- വെസ്റ്റ് പൈപ്പ് ലൈനിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 108 ഡോളറിലേക്കാണ് ഉയര്‍ന്നത്. മൂന്ന് പമ്പിംഗ് സ്റ്റേഷനുകള്‍ തകര്‍ന്നതോടെ ആരാംകോ ആ പാതയിലൂടെയുള്ള വിതരണം നിര്‍ത്തിവെച്ചു. ചെങ്കടല്‍ തീരത്തെ യാന്‍ബു തുറമുഖത്ത് നിന്നുള്ള എണ്ണക്കയറ്റുമതിയും നിലച്ചു. പ്രതിദിനം 50 ലക്ഷത്തോളം ബാരല്‍ ക്രൂഡ് ഓയില്‍ കടന്നുപോയിരുന്ന 1,200 കിലോമീറ്റര്‍ നീളമുള്ള പാതയാണിത്. അഥവാ ആഗോള എണ്ണ വിതരണത്തിന്റെ ഏതാണ്ട് അഞ്ച് ശതമാനം. കേടുപാടുകള്‍ തീര്‍ത്ത് പൈപ്പ് ലൈനിന്‍ ഭാഗികമായി തുറക്കാന്‍ ഏതാനും ദിവസങ്ങള്‍ മതിയെങ്കിലും, പൂര്‍ണശേഷി വീണ്ടെടുക്കാന്‍ ആറാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.
ഈ ആക്രമണത്തിനു പിന്നിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ അത്ര ലളിതമല്ല. സമുദ്ര മാര്‍ഗമുള്ള ലോക എണ്ണവ്യാപാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. അവിടെ സംഘര്‍ഷം പുകയുമ്പോള്‍ ഹോര്‍മുസിനെ മറികടന്ന് ചെങ്കടല്‍ വഴി എണ്ണ കടത്താനായി സഊദി സജ്ജമാക്കിയ ബദല്‍ വഴിയായിരുന്നു ഈസ്റ്റ്- വെസ്റ്റ് പൈപ്പ് ലൈന്‍. ഒരൊറ്റ പ്രഹരത്തില്‍ ആ ബദലും നിശ്ചലമായി. തങ്ങളുടെ എണ്ണക്കയറ്റുമതി തടസ്സപ്പെട്ടാല്‍ മേഖലയിലുള്ള മറ്റാരുടെയും എണ്ണ നിര്‍ബാധം പുറത്തുപോകാന്‍ അനുവദിക്കില്ലെന്ന ഇറാന്റെ പ്രഖ്യാപിത നിലപാടും ചെങ്കടലിലെ കപ്പല്‍ ഗതാഗതത്തിന് സായുധ സംഘങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയും ചേര്‍ത്തുവായിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. ഒമാന്‍ തീരത്തുവെച്ച് കപ്പലില്‍ നിന്ന് കപ്പലിലേക്ക് എണ്ണ മാറ്റി വിതരണം തുടരാന്‍ ആരാംകോ ശ്രമിക്കുന്നുണ്ട്. പക്ഷേ യുദ്ധഭീതിയില്‍ കുതിച്ചുയര്‍ന്ന കപ്പല്‍ക്കൂലിയും ഇന്‍ഷ്വറന്‍സ് പ്രീമിയവും ആ മാര്‍ഗവും ചെലവേറിയതാക്കുന്നുണ്ട്.
ഈ വിതരണസ്തംഭനത്തിന്റെ ആദ്യ ആഘാതമേല്‍ക്കുന്നത് യൂറോപ്പിനാണ്. ആരാംകോയില്‍ നിന്ന് ദീര്‍ഘകാല കരാറുകള്‍ വഴി എണ്ണ വാങ്ങിയിരുന്ന റിഫൈനറികള്‍ക്ക് പോലും അടുത്ത മാസത്തെ വിഹിതം പൂര്‍ണമായി നല്‍കാനാകില്ലെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു. യുക്രൈന്‍ യുദ്ധത്തിനു ശേഷം റഷ്യന്‍ എണ്ണ ഒഴിവാക്കി സംസ്‌കരണശേഷിയുടെ പകുതിയോളം സഊദി എണ്ണയെ ആശ്രയിച്ച പോളണ്ടിലെ ഓര്‍ലന്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇപ്പോള്‍ നോര്‍ത്ത് സീ, യു എസ് ഡബ്ല്യു ടി ഐ ഇനങ്ങള്‍ തേടി നെട്ടോട്ടമോടുകയാണ്. പക്ഷേ സള്‍ഫര്‍ കൂടിയ സഊദി എണ്ണക്കായി ക്രമീകരിച്ച ഈ റിഫൈനറികള്‍ക്ക് അത്ര അനുയോജ്യമല്ലാത്തൊരു ബദലാണത്. ഒരേ ഇനങ്ങള്‍ക്കായി യൂറോപ്പ് ഒന്നടങ്കം മത്സരിക്കുകയും ചരക്കുനീക്കച്ചെലവ് ഉയരുകയും ചെയ്തതോടെ, നോര്‍ത്ത് സീ എണ്ണയുടെ ഭൗതിക വിപണിയിലെ വിലയളവായ ഡേറ്റഡ് ബ്രെന്റ്ബാരലിന് 130 ഡോളര്‍ വരെ തൊട്ടു. ശൈത്യകാലം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയുണ്ടായ ഈ തിരിച്ചടി യൂറോപ്യന്‍ വ്യവസായ മേഖലയെ മാന്ദ്യത്തിലേക്ക് തള്ളിവിട്ടേക്കാം.
ഇന്ത്യയുടെ ആകെ ക്രൂഡോയില്‍ ഇറക്കുമതിയുടെ ഒമ്പത് ശതമാനത്തോളവും സഊദിയില്‍ നിന്നാണ്. കരാര്‍ വിഹിതം നിലച്ചതോടെ ആ ബാരലുകള്‍ക്ക് സ്‌പോട്ട് വിപണിയെ ആശ്രയിക്കേണ്ടിവരും. അതായത്, കരാര്‍ വിലക്ക് എണ്ണ കിട്ടില്ല. അന്നന്നത്തെ വിപണി വിലക്ക്, അതും ഉയര്‍ന്ന പ്രീമിയം നല്‍കി വാങ്ങേണ്ടിവരും. ബാരലിന് നൂറ് ഡോളറിനു മുകളിലുള്ള വിലയും റെക്കോര്‍ഡ് കപ്പല്‍ക്കൂലിയും ചേരുമ്പോള്‍ ഇറക്കുമതിച്ചെലവ് കുത്തനെ ഉയരും. വിദേശനാണ്യ ശേഖരത്തിലും അതിന്റെ സമ്മര്‍ദമുണ്ടാകും.
എണ്ണപ്പാതകള്‍ ഇങ്ങനെ അടഞ്ഞുകിടക്കുമ്പോഴാണ് യു എസിന്റെ അടുത്ത ഭീഷണിയുയരുന്നത്. റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും വന്‍തോതില്‍ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം വരെ തീരുവ ചുമത്താന്‍ യു എസ് പ്രസിഡന്റിന് അധികാരം നല്‍കുന്ന “ലിന്‍ഡ്‌സി ഒ ഗ്രഹാം ഉപരോധ ബില്ല’ ഇരുസഭകളും പാസ്സാക്കി വൈറ്റ് ഹൗസിന്റെ പരിഗണനക്കായി എത്തി. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളുടെ പട്ടിക ഓരോ ആറ് മാസത്തിലും യു എസ് ട്രേഡ് റെപ്രസെന്റേറ്റീവ് പുതുക്കുമെന്ന നിബന്ധന ആരെ ലക്ഷ്യമിട്ടാണെന്നതില്‍ സംശയമില്ല. യുക്രൈന്‍ യുദ്ധത്തിനു ശേഷം വിലക്കിഴിവില്‍ ലഭിച്ച റഷ്യന്‍ എണ്ണയിലുള്ള ഇന്ത്യയുടെ ആശ്രയം കേവലം 0.2 ശതമാനത്തില്‍ നിന്ന് 40 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 4,000 കോടി ഡോളറിലധികം മൂല്യമുള്ള റഷ്യന്‍ എണ്ണയാണ് ഇന്ത്യന്‍ റിഫൈനറികള്‍ സംസ്‌കരിച്ചത്.
ഈ രണ്ട് തിരിച്ചടികളും ഒരേസമയം എത്തുമ്പോഴാണ് രാജ്യം ഇരട്ടക്കുരുക്കിലാകുന്നത്. താരിഫ് ഭയന്ന് റഷ്യന്‍ എണ്ണ ഉപേക്ഷിച്ചാല്‍ പ്രതിദിനം 20 ലക്ഷത്തിലധികം ബാരലിന് പെട്ടെന്ന് ബദല്‍ കണ്ടെത്തേണ്ടിവരും. ആരാംകോയുടെ വിതരണം മുടങ്ങുകയും വില 108 ഡോളറില്‍ നില്‍ക്കുകയും ചെയ്യുന്ന ഇന്നത്തെ വിപണിയില്‍ അത് ഏറെ ദുഷ്‌കരമാണ്. വിലക്കിഴിവ് നഷ്ടമാകുന്നതുവഴി മാത്രം ഖജനാവിന് പതിനായിരക്കണക്കിന് കോടി രൂപയുടെ അധിക ഭാരവുമുണ്ടാകും. മറുവശത്ത്, റഷ്യന്‍ എണ്ണയുമായി മുന്നോട്ടുപോയാല്‍ ഏറ്റവും വലിയ കയറ്റുമതി വിപണിയായ അമേരിക്ക ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്തിയേക്കാം. തുണിത്തരങ്ങള്‍, മരുന്നുകള്‍, രത്‌ന-ആഭരണങ്ങള്‍, എന്‍ജിനീയറിംഗ് ഉപകരണങ്ങള്‍ തുടങ്ങി പ്രതിമാസം 800 കോടി ഡോളറിലധികം വരുന്ന കയറ്റുമതിയും അതിനെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് തൊഴിലവസരങ്ങളുമാണ് അതോടെ തുലാസിലാകുക. ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യുന്ന ഉഭയകക്ഷി വ്യാപാരക്കരാറില്‍ ഇന്ത്യയെക്കൊണ്ട് വിട്ടുവീഴ്ചകള്‍ ചെയ്യിക്കാനുള്ള സമ്മര്‍ദതന്ത്രം കൂടിയാണ് ഈ ഭീഷണി.
ഇതിന്റെ പ്രതിഫലനം രാജ്യത്തിന്റെ ആഭ്യന്തര സമ്പദ് വ്യവസ്ഥയില്‍ ദൂരവ്യാപകമായിരിക്കും. ആവശ്യമായ എണ്ണയുടെ 85 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്ന രാജ്യത്ത്, ക്രൂഡ് വിലയിലുണ്ടാകുന്ന ഓരോ പത്ത് ഡോളറിന്റെ വര്‍ധനയും കറന്റ്അക്കൗണ്ട് കമ്മി കൂട്ടുകയും രൂപയുടെ മൂല്യം ഇടിക്കുകയും ചെയ്യും. എണ്ണക്കായി കൂടുതല്‍ ഡോളര്‍ ചെലവാക്കേണ്ടിവരുന്നതും യു എസ് താരിഫ് മൂലം കയറ്റുമതി വരുമാനം ഇടിയുന്നതും ഒരുമിച്ചുവന്നാല്‍ രാജ്യത്തിന്റെ വ്യാപാര സന്തുലിതാവസ്ഥ തന്നെ തകരും. ഗതാഗത- ഉത്പാദനച്ചെലവുകള്‍ ഉയരുന്നത് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിലേക്ക് നയിക്കും. ഈ ഇറക്കുമതി പണപ്പെരുപ്പം തടയാനായി റിസര്‍വ് ബേങ്ക് പലിശനിരക്കുകള്‍ ഉയര്‍ന്ന തോതില്‍ നിലനിര്‍ത്തിയാല്‍ വായ്പാ വളര്‍ച്ചയും വ്യാവസായിക നിക്ഷേപങ്ങളും ഇടിയും. ഇന്ധനവിലക്കയറ്റം ജനങ്ങളെ ബാധിക്കാതിരിക്കാന്‍ നികുതി കുറക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായാല്‍ ധനക്കമ്മി വര്‍ധിക്കുകയും വികസന പദ്ധതികള്‍ക്കുള്ള വിഹിതം വെട്ടിച്ചുരുക്കേണ്ടി വരികയും ചെയ്യും.
ഊര്‍ജം കേവലമൊരു കച്ചവടച്ചരക്കല്ല, മൂര്‍ച്ചയേറിയൊരു രാഷ്ട്രീയ ആയുധമാണെന്ന പഴയ പാഠമാണ് ആരാംകോ പൈപ്പ് ലൈനിന്‍ ആക്രമണവും യു എസ് ഉപരോധ ബില്ലും ഒരേസമയം ഓര്‍മിപ്പിക്കുന്നത്. പശ്ചിമേഷ്യയിലെ ഡ്രോണുകള്‍ വിതരണ ശൃംഖലയെ ഭൗതികമായി തകര്‍ക്കുമ്പോള്‍, വാഷിംഗ്ടണിലെ നിയമനിര്‍മാണം പരമാധികാര രാജ്യങ്ങളുടെ വ്യാപാര സ്വാതന്ത്ര്യത്തെയാണ് ശ്വാസംമുട്ടിക്കുന്നത്. നയതന്ത്ര ചാതുര്യവും സാമ്പത്തിക ദീര്‍ഘവീക്ഷണവും ഒരുപോലെ പരീക്ഷിക്കപ്പെടുന്ന ഘട്ടത്തിലാണ് ഇന്ത്യ ഇന്ന്. ഊര്‍ജസുരക്ഷക്കും വിലനിയന്ത്രണത്തിനും റഷ്യന്‍ എണ്ണ അനിവാര്യമാണെന്ന യാഥാര്‍ഥ്യം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ത്തന്നെ, കയറ്റുമതി മേഖലയെ അമേരിക്കന്‍ പ്രതികാര നടപടികളില്‍ നിന്ന് രക്ഷിക്കാനുള്ള വഴികള്‍ കൂടി തേടണം. ഉപരോധത്തില്‍ ഇളവ് നേടാനുള്ള നയതന്ത്ര നീക്കങ്ങള്‍ക്കൊപ്പം തന്ത്രപ്രധാന എണ്ണ ശേഖരത്തിന്റെ സംഭരണശേഷി വര്‍ധിപ്പിക്കുകയും പ്രാദേശിക കറന്‍സികളിലുള്ള വ്യാപാരം കാര്യക്ഷമമാക്കുകയും വേണം. ഈ എണ്ണക്കൊടുങ്കാറ്റില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യയ്ക്കു മുന്നില്‍ അധികം വഴികളില്ല.




