Source :- SIRAJLIVE NEWS
കേവലമായ നിര്‍വചനത്തിലൂടെ മാത്രം പൂര്‍ണമായി ഉള്‍ക്കൊള്ളാനാകാത്ത രാഷ്ട്രീയ- സാമൂഹിക ആശയമാണ് ദേശീയത. ചരിത്രം, ഭൂമിശാസ്ത്രം, ഭാഷ, സംസ്‌കാരം, രാഷ്ട്രീയ അനുഭവം എന്നിവയുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ ഒരു പ്രത്യേക ദേശീയ സമൂഹത്തിന്റെ ഭാഗമാണെന്ന ബോധമാണ് ദേശീയതയുടെ അടിസ്ഥാനം. സ്വാതന്ത്ര്യസമരങ്ങള്‍ക്കും അധിനിവേശവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കും ദേശീയത വലിയ ഊര്‍ജം നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്വന്തം രാഷ്ട്രത്തോടുള്ള അഭിമാനം മറ്റുള്ളവരോടുള്ള മേല്‍ക്കോയ്മാബോധമായി മാറുന്നത് ദേശീയതയുടെ പേരില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതിന് കാരണമാകുന്നു. “നമ്മള്‍’ എന്നും “അവര്‍’ എന്നുമായി സമൂഹത്തെ രണ്ടായി വേര്‍തിരിക്കുന്ന രാഷ്ട്രീയ മനഃശാസ്ത്രം ഭാഷ, മതം, വംശം, സംസ്‌കാരം, അതിര്‍ത്തി എന്നിവയുടെ പേരില്‍ സംഘര്‍ഷങ്ങളുണ്ടാകുന്നതിനും വഴിവെക്കുന്നു. പുതിയ കാലത്തെ സംഘര്‍ഷങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും പിന്നില്‍ ദേശീയ- വംശീയ വേര്‍തിരിവുകള്‍ കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യയില്‍ ദേശീയവാദം അതിന്റെ പാരമ്യതയില്‍ എത്തിനില്‍ക്കുകയാണ്. ഹിന്ദുത്വ ദേശീയവാദികളിലെ ഒരു വിഭാഗം, രാജ്യത്തെ മത ന്യൂനപക്ഷങ്ങളുടെ ദേശീയ കൂറിനെക്കുറിച്ച് ദീര്‍ഘമായ ചോദ്യമുന്നയിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തെ പ്രബല ന്യൂനപക്ഷങ്ങളായ മുസ്്ലിംകളും ക്രിസ്ത്യാനികളും രാജ്യത്തോടുള്ള തങ്ങളുടെ കൂറ് തെളിയിക്കണമെന്ന് പലപ്പോഴുമിവര്‍ ആവശ്യപ്പെടുന്നു. ദേശീയതക്ക് പുതിയ മാനങ്ങളും നിര്‍വചനങ്ങളും നല്‍കാനിവര്‍ മടി കാണിക്കുന്നില്ല. കൗതുകകരവും വിചിത്രവുമായ പല വാദങ്ങളും ഇതിനകം അവര്‍ ഉന്നയിച്ചുകഴിഞ്ഞു. ഒരു വ്യക്തിയുടെ ദേശക്കൂറ് അയാളുടെ പൗരത്വത്തിലോ താമസസ്ഥലത്തിലോ മാത്രം അധിഷ്ഠിതമല്ലന്നും ഭാരതത്തിന്റെ പാരമ്പര്യത്തോടുള്ള വിശ്വാസത്തിലും കൂടി അധിഷ്ഠിതമാണെന്നുമാണ് രാഷ്ട്രീയ സ്വയം സേവക് സംഘം വാദിക്കുന്നത്.
ഈ മാസം ആറിന് ലണ്ടനില്‍ നടന്ന “സെലിബ്രേറ്റ് വണ്‍നെസ്സ്/ സെലിബ്രേഷന്‍ ഓഫ് വണ്‍നെസ്സ്’ പരിപാടിയില്‍ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് സംസാരിക്കവെ പറഞ്ഞത് ഇങ്ങനെയാണ്: “ബ്രിട്ടീഷ് ഹിന്ദുക്കള്‍ നല്ലവരും പ്രതിബദ്ധരുമായ യഥാര്‍ഥ ഹിന്ദുക്കളാണെങ്കില്‍ ബ്രിട്ടീഷ്- ഇന്ത്യന്‍ താത്പര്യങ്ങള്‍ക്കിടയില്‍ ഒരിക്കലും സംഘര്‍ഷമുണ്ടാകില്ല. നല്ലവരും പ്രതിബദ്ധരുമായ യഥാര്‍ഥ ഹിന്ദുക്കളാകാത്തതിനാലാണ് സംഘര്‍ഷങ്ങളുണ്ടാകുന്നത്. നിങ്ങളുടെ ധർമഭൂമി എവിടെയാണെന്ന് നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കണം. നിങ്ങളുടെ പൂര്‍വികരുടെ ഭൂമി എവിടെയാണോ അവിടെയാണ് നിങ്ങളുടെ ജന്മഭൂമിയും നിങ്ങളുത്ഭവിച്ച ജന്മ സ്ഥലവും. നിങ്ങളിപ്പോള്‍ ജീവിക്കുന്ന സ്ഥലമാണ് നിങ്ങളുടെ കർമഭൂമി. നിങ്ങളുടെ മൂല്യങ്ങള്‍ക്കനുസരിച്ച് അവിടെ നിങ്ങള്‍ ജീവിക്കുന്നു. ആ കർമഭൂമിയെ നിങ്ങള്‍ വഞ്ചിക്കരുത്. യഥാര്‍ഥത്തില്‍ നിങ്ങള്‍ ജന്മഭൂമിയിലാണ് ജീവിക്കുന്നത്. അവിടെ നിന്നാണ് സമ്പാദിക്കുന്നത്, അതിനാല്‍ നിങ്ങള്‍ അവിടെയായിരിക്കണം.’
ദേശീയതയുടെ സങ്കൽപ്പങ്ങള്‍
ഒരു കൂട്ടം ആളുകള്‍ ഒരു സമൂഹത്തിന്റെ ഭാഗമാണെന്ന ബോധത്തില്‍ പരസ്പരം പങ്കിടുന്ന വികാരമാണ് ദേശീയത. പൊതുവില്‍ ദേശീയതക്ക് രണ്ട് രൂപങ്ങളുണ്ട്; പ്രദേശാധിഷ്ഠിത ദേശീയതയും സാംസ്‌കാരിക ദേശീയതയും (ടെറിട്ടോറിയല്‍ നാഷനലിസം ആന്‍ഡ് കള്‍ച്ചറല്‍ നാഷനലിസം). പ്രദേശാധിഷ്ഠിത ദേശീയത പ്രകാരം ഒരു പ്രത്യേക ഭൂമിയില്‍ ജീവിക്കുന്ന എല്ലാവരും ഒരു രാഷ്ട്രത്തിന്റെ ഭാഗമാണ്. അവര്‍ക്കിടയില്‍ ഹിന്ദു, ക്രിസ്ത്യാനി, മുസ്്ലിം എന്ന വേര്‍തിരിവില്ല. എന്നാല്‍ സാംസ്‌കാരിക ദേശീയതയുടെ കാഴ്ചപ്പാട് വിഭിന്നവും വിചിത്രവുമാണ്. ഒരേ സംസ്‌കാരം പങ്കിടുന്ന എല്ലാവരേയും ഒരു രാഷ്ട്രത്തിന്റെ ഭാഗമായി ഗണിക്കുക എന്നതാണ് സാംസ്‌കാരിക ദേശീയതയുടെ അടിസ്ഥാനം. അവര്‍ എവിടെ ജീവിക്കുന്നുവെന്നത് പരിഗണനീയമല്ല. തീര്‍ത്തും വിചിത്രവും അനുചിതവുമായ ദേശീയ സങ്കൽപ്പമാണിത്.
ആളുകളും ആശയങ്ങളും ദേശീയാതിര്‍ത്തികള്‍ കടന്നാണ് സഞ്ചരിക്കുന്നത്. കാലക്രമേണ അതിര്‍ത്തികളും ആശയങ്ങളും മാറുകയും വിശാലമാവുകയും ചെയ്യുന്നു. എന്നാൽ ഇവ മനുഷ്യര്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കാന്‍ പാടില്ല. അതേസമയം, ദേശീയതയുടെ അതിര്‍വരമ്പുകള്‍ മനുഷ്യര്‍ക്കിടയില്‍ വിഭജനമുണ്ടാക്കുന്നുമുണ്ട്. അന്യവത്കരണവും അപരനിർമിതിയും ദേശീയതയുടെ പേരില്‍ നടക്കുന്നു.
നെഹ്‌റുവിന്റെ ദേശീയത
ജവഹര്‍ലാല്‍ നെഹ്റുവിന്റെ “ദ ഡിസ്‌കവറി ഓഫ് ഇന്ത്യ’ പോലുള്ള രചനകളില്‍ പ്രതിപാദിക്കുന്ന ദേശീയത, രാജ്യത്തിന്റെ അഖണ്ഡതയെയാണ് പ്രതിനിധീകരിക്കുന്നത്. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കൃതിക്കു പിറകില്‍ ഏതെങ്കിലുമൊരു മതത്തിന്റെയോ സംസ്‌കാരത്തിന്റെയോ മാത്രമായ സ്വാധീനമില്ലെന്നും ആയിരക്കണക്കിന് വര്‍ഷങ്ങളിലായി വ്യത്യസ്ത ജനവിഭാഗങ്ങളും സംസ്‌കാരങ്ങളും ഭാഷകളും വിശ്വാസങ്ങളും പരസ്പരം ഇടപഴകി രൂപപ്പെടുത്തിയ ഒരു ചരിത്രപരമായ ഐക്യമാണ് ഇന്ത്യയുടെ ദേശീയതയെന്നും നെഹ്റു നിരീക്ഷിക്കുന്നു. 1937ലെ അദ്ദേഹത്തിന്റെ “ദ യൂനിറ്റി ഓഫ് ഇന്ത്യ’ എന്ന ലേഖനത്തിലും പിന്നീട് അതേ പേരില്‍ തന്നെ 1941ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലും ഇന്ത്യയുടെ രാഷ്ട്രീയ ഐക്യവും അത് രൂപപ്പെട്ടുവന്ന വഴിയുമാണദ്ദേഹം വ്യക്തമാക്കുന്നത്.
ഇന്ത്യയെ ഒരു ഏക സംസ്‌കാരത്തിന്റെ പരിധിയില്‍ ഒതുക്കാവുന്ന രാഷ്ട്രമല്ലെന്നും നൂറ്റാണ്ടുകളായി വിവിധ ജനവിഭാഗങ്ങളും ഭാഷകളും മതങ്ങളും സംസ്‌കാരങ്ങളും ആശയങ്ങളും പരസ്പരം ഇടകലര്‍ന്ന് രൂപപ്പെടുത്തിയ സമ്പന്നമായൊരു ചരിത്രാനുഭവമാണുള്ളതെന്നും അദ്ദേഹം ഊന്നി പറയുന്നു. നെഹ്റുവിന്റെ കാഴ്ചപ്പാടിലുള്ള ദേശീയതയുടെ പ്രധാന ആശയ സംവേദനമാണ് “ദ യൂനിറ്റി ഓഫ് ഇന്ത്യ’ എന്ന രചന.
ഇവിടെ, മോഹന്‍ ഭഗവതിന്റെ സാംസ്‌കാരിക ദേശീയതാ സങ്കല്‍പ്പവും ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഇന്ത്യന്‍ ദേശീയതാ സങ്കല്‍പ്പവും തമ്മില്‍ പരസ്പരം വ്യത്യസ്തമാകുന്നു. ഇന്ത്യയുടെ അടിസ്ഥാന സംസ്‌കാരത്തെ ഹിന്ദു സംസ്‌കാരവുമായി ബന്ധിപ്പിച്ചുകൊണ്ട് ദേശീയ സ്വത്വത്തെ വിശദീകരിക്കാനാണ് ഭഗവത് ശ്രമിക്കുന്നത്. എന്നാല്‍ നെഹ്റുവിന്റെ സങ്കൽപ്പത്തിലുള്ള ദേശീയത, ഏതെങ്കിലുമൊരു മതത്തിന്റെയോ സംസ്‌കാരത്തിന്റെയോ ഭാഗമല്ല. ആര്‍ എസ് എസ് പ്രതിനിധീകരിക്കുന്ന സാംസ്‌കാരിക ദേശീയത, ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ ഇന്ത്യയുടെ പ്രദേശത്തേക്കാള്‍ വിശാലമായൊരു സാംസ്‌കാരിക സമൂഹത്തിന്റെ ഭാഗമായാണ് കാണുന്നത്. ആര്‍ എസ് എസിന്റെ പ്രാര്‍ഥനാ ഗീതത്തിലെ “നമസ്‌തേ സദാ വത്സലേ മാതൃഭൂമേ’ എന്ന വരിയിൽ ഇന്ത്യയെ മാതൃഭൂമിയായി അഭിസംബോധന ചെയ്യുകയും ഹിന്ദു സാര്‍വത്രികതക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്നതായി കാണാം. ഇന്ത്യയുടെ മതേതര സാംസ്‌കാരിക സങ്കൽപ്പത്തെ വികൃതമാക്കുന്ന സമീപനമാണിത്.
രാജ്യത്തിന്റെ സാംസ്‌കാരിക ഭൂപടം ദേശീയാതിര്‍ത്തി കടന്ന് സഞ്ചരിക്കുകയാണ്. ആഗോളവത്കരണത്തിന്റെ വ്യാപനം ഈ സഞ്ചാരത്തിന് വേഗം കൂട്ടിയിട്ടുണ്ട്. ഓരോ വര്‍ഷവും 1.5 ലക്ഷം ഇന്ത്യക്കാരാണ് മറ്റു രാജ്യങ്ങളുടെ പൗരത്വം സ്വീകരിക്കുന്നത്. ഒരാൾ ഒരു രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുന്നതിലൂടെ അയാളുടെ മുന്‍കാല സംസ്‌കാരവുമായുള്ള ബന്ധം അവസാനിക്കുന്നില്ല. ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ്, പ്രവാസി ഇന്ത്യക്കാരുടെ ജീവിതം. ഓരോ വര്‍ഷവും വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളുടെ പൗരത്വം സ്വീകരിക്കുന്നുണ്ടെങ്കിലും അവരുടെ ഇന്ത്യയുമായുള്ള സാംസ്‌കാരികവും വൈകാരികവുമായ ബന്ധം പലപ്പോഴും ഊഷ്മളമാണ്. പൗരത്വം മാറുന്നതിലൂടെ ദേശീയബോധവും മാറേണ്ടതുണ്ടോയെന്ന ചോദ്യം പ്രസക്തമാകുന്നു.
ഹിന്ദുത്വയുടെ പരുക്കുകള്‍
ഹിന്ദുയിസവും ഹിന്ദുത്വയും രണ്ടാണ്. ഹിന്ദുയിസമെന്നത് രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരത്തെയും ഹിന്ദുത്വയെന്നത് വി ഡി സവര്‍ക്കര്‍ പരിചയപ്പെടുത്തുന്ന സങ്കുചിതമായ ആശയധാരയേയുമാണ് പ്രതിനിധാനം ചെയ്യുന്നത്. ഹിന്ദുത്വ എന്നത് മതാചാര സങ്കല്‍പ്പമല്ല. ഇന്ത്യയിലെ ഹിന്ദുക്കളുടെ ചരിത്രപരവും സാംസ്‌കാരികവും ദേശീയവുമായ സ്വത്വത്തെ നിര്‍വചിക്കാന്‍ രൂപപ്പെടുത്തിയ ഒരു ആശയം മാത്രമാണ്. വി ഡി സവര്‍ക്കര്‍ തന്റെ “ഹിന്ദുത്വ: ആരാണ് ഹിന്ദു’ എന്ന കൃതിയില്‍ ഹിന്ദുത്വയെ ഹിന്ദുമതത്തേക്കാള്‍ വിശാലമായ ഒരു സാംസ്‌കാരിക- ദേശീയ സ്വത്വമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയെ പിതൃഭൂമിയും പുണ്യഭൂമിയുമായി കാണുന്നൊരു സങ്കല്‍പ്പം. ഇന്ത്യന്‍ ദേശീയതയെ ഇത്തരത്തിലുള്ളൊരു പ്രത്യേക സാംസ്‌കാരിക പാരമ്പര്യവുമായി ബന്ധിപ്പിക്കുന്നതിലൂടെ മറ്റു മത വിഭാഗങ്ങളായ ഇസ്്ലാം, ക്രിസ്ത്യന്‍ എന്നിവരുടെ ഇന്ത്യന്‍ ദേശീയതയെ എങ്ങനെ നിര്‍വചിക്കുമെന്ന ചോദ്യം ഉയര്‍ന്നുവരുന്നു. ഹിന്ദുത്വ വാദപ്രകാരം “രാജ്യത്തിനകത്തെ ശത്രുക്കള്‍’ എന്ന മേല്‍വിലാസത്തിലാണ് മുസ്്ലിമും ക്രിസ്ത്യാനിയും ഇന്ത്യയില്‍ കഴിഞ്ഞുകൂടുന്നത്.
വി ഡി സവര്‍ക്കറും ഗോള്‍വാള്‍ക്കറും പരിചയപ്പെടുത്തുന്ന ദേശീയതയും ദേശഭക്തിയും വൈചിത്ര്യം നിറഞ്ഞതാണ്. ഗോള്‍വാള്‍ക്കര്‍ നിര്‍വചിച്ച ദേശീയതയുടെയും ദേശഭക്തിയുടെയും നിര്‍വചനത്തെ ഇങ്ങനെ വായിക്കാം: “ഹിന്ദു ജനവിഭാഗത്തെയും രാഷ്ട്രത്തെയും മഹത്വവത്കരിക്കാനുള്ള തീവ്രമായ അഭിലാഷം തങ്ങളുടെ ഹൃത്തടത്തില്‍ സൂക്ഷിക്കുകയും, അതിനാല്‍ പ്രേരിതമായി ആ ലക്ഷ്യം മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരേ യഥാര്‍ഥ ദേശഭക്തരാവുന്നുള്ളൂ. മറ്റുള്ളവരെല്ലാം ദേശീയ ലക്ഷ്യത്തെ വഞ്ചിക്കുന്നവരും ദേശത്തിന്റെ ശത്രുക്കളുമാണ്’. ദേശീയതയും ദേശഭക്തിയും അളക്കാനുള്ള മാനദണ്ഡമായി അവതരിപ്പിച്ച അളവുകോല്‍ ശരിയല്ല.
ദേശത്തോടുള്ള സ്‌നേഹത്തില്‍ നിന്നും കരുതലില്‍ നിന്നും പ്രതിബദ്ധതയില്‍ നിന്നുമുടലെടുക്കുന്നതാണ് ദേശീയത. മറ്റൊരര്‍ഥത്തില്‍ സ്വന്തം രാഷ്ട്രത്തിന്റെ അതിര്‍ത്തിയോളം പ്രവിശാലമാകുന്ന ഐക്യബോധമെന്നും സ്വന്തം രാജ്യത്തിന്റ അതിര്‍ത്തിക്കുള്ളില്‍ മാത്രം ഒതുങ്ങിക്കൂടുന്ന സങ്കുചിത മനോഭാവമെന്നും ദേശീയതയെ വ്യാഖ്യാനിക്കാം. ദേശങ്ങളുടെ ചരിത്രനിര്‍മിതിയില്‍ ദേശീയതയോളം സ്വാധീനം ചെലുത്തിയ വൈകാരികാവസ്ഥ മറ്റൊന്നില്ല എന്ന വസ്തുത വിസ്മരിക്കാവുന്നതല്ല. വിവേകപൂര്‍വം സമീപിക്കുകയാണെങ്കില്‍ വിപ്ലവനിര്‍മിതിക്ക് ഹേതുവാകുന്നതാണത്. വൈകാരികമായി സമീപിക്കുകയാണെങ്കില്‍ അതിനോളം സംഹാരശേഷിയുള്ള മറ്റൊന്നുമില്ല തന്നെ.
വിവിധ രാജ്യങ്ങളില്‍ രൂപം പ്രാപിച്ച അക്രമോത്സുക ദേശീയതയുടെ പരിണിത ഫലമായിരുന്നുവല്ലോ രണ്ടാം ലോകമഹായുദ്ധം. ഫാസിസത്തിന്റെ പ്രത്യേകതകളെ വിവരിക്കുന്നിടത്ത് ഡോ. ലോറന്‍സ് ബ്രിട്ട് ദേശീയതാ വാദത്തെയും അക്രമാസക്തമായ അതിന്റെ പ്രത്യാഘാതങ്ങളെയും പ്രത്യേകമുദ്ധരിക്കുന്നുണ്ട്. അമിത ദേശീയത ഫാസിസത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് ചുരുക്കം.
Content Highlights:
The concept of nationalism in India faces a deep ideological divide between territorial and cultural frameworks. Mohan Bhagwat’s recent remarks in London emphasize ancestral roots and cultural identity over geographic residence. In contrast, Jawaharlal Nehru defined Indian unity through multicultural harmony, defying narrow Hindutva definitions.




