Home rss national malayalam പുതിയ വാർത്ത റാക് എജ്യുക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്: പ്രതിബന്ധങ്ങളെ തോല്‍പ്പിച്ച് മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ 68 പേര്‍ക്ക് പുരസ്‌കാരം

റാക് എജ്യുക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്: പ്രതിബന്ധങ്ങളെ തോല്‍പ്പിച്ച് മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ 68 പേര്‍ക്ക് പുരസ്‌കാരം

5
0

Source :- SIRAJLIVE NEWS

റാസല്‍ഖൈമ | പ്രതിബന്ധങ്ങളെ തോല്‍പ്പിച്ച് മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ 68 പേര്‍ക്ക് പുരസ്‌കാരം നല്‍കി റാസല്‍ഖൈമ അവാര്‍ഡ് ഫോര്‍ എജ്യുക്കേഷണല്‍ എക്‌സലന്‍സ് (റാക്). യു എ ഇയിലെ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരും സ്ഥാപനങ്ങളും 26 വിഭാഗങ്ങളിലായി സമര്‍പ്പിച്ച 293 അപേക്ഷകളില്‍ നിന്നായി 68 വിജയികളെയാണ് അവാര്‍ഡ് നല്‍കി ആദരിച്ചത്. വിദ്യാഭ്യാസ മേഖല വളരുന്നതിനനുസരിച്ച് അക്കാദമിക്, പ്രൊഫഷണല്‍ മികവ്, പ്രതിഭ, ഇന്നോവേഷന്‍, ഗവേഷണം, സുസ്ഥിരത, ജീവിതനിലവാരം തുടങ്ങിയ മേഖലകളെ കൂടി ഉള്‍പ്പെടുത്തി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ പുരസ്‌കാര മാനദണ്ഡങ്ങള്‍ വിപുലീകരിച്ചിട്ടുണ്ട്.

റാസല്‍ഖൈമയിലെ ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷിഫ്‌ന സിദ്ധീഖ് മികച്ച പ്രകടനത്തിനുള്ള ‘ഡിസ്റ്റിംഗ്വിഷ്ഡ് സ്റ്റുഡന്റ് ഓഫ് ഡിറ്റര്‍മിനേഷന്‍’ (ഭിന്നശേഷി വിഭാഗത്തിലെ മികച്ച വിദ്യാര്‍ഥി) പുരസ്‌കാരം സ്വന്തമാക്കി. കാഴ്ചാപരിമിതിയുള്ള ഷിഫ്‌നയുടെ നിശ്ചയദാര്‍ഢ്യമാണ് കവിതാലാപനം, കഥ പറച്ചില്‍, പ്രസംഗം, ഗാനാലാപനം തുടങ്ങിയ വിവിധ മത്സരങ്ങളിലും സഹപാഠികള്‍ക്കൊപ്പം പങ്കെടുക്കാന്‍ അവളെ പ്രാപ്തയാക്കിയതെന്ന് അധ്യാപിക അഖില സന്തോഷ് പറഞ്ഞു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് പഠനം തടസ്സപ്പെടുന്നതുവരെ ഇന്ത്യയിലെ ഒരു സ്‌പെഷ്യല്‍ സ്‌കൂളില്‍ നാലാം ക്ലാസ് വരെയാണ് ഷിഫ്‌ന പഠിച്ചത്. 5, 6, 7 ക്ലാസുകള്‍ പൂര്‍ത്തിയാക്കാതെ പിന്നീട് യു എ ഇയിലെത്തി എട്ടാം ക്ലാസില്‍ ചേരുമ്പോള്‍ നീണ്ട ഇടവേളക്ക് ശേഷമുള്ള പഠനത്തിലേക്കുള്ള തിരിച്ചുവരവിനോട് പൊരുത്തപ്പെടാന്‍ അവള്‍ പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ തുടക്കത്തില്‍ ബുദ്ധിമുട്ടിയെങ്കിലും കഠിനാധ്വാനത്തിലൂടെ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുകയായിരുന്നുവെന്ന് അഖില പറഞ്ഞു.

റാസല്‍ഖൈമയിലെ അധ്യാപികയായ ഹനാ സഈദ് ഹസന്‍ അഹമ്മദ് അല്‍ മഖ്ദാഹിക്ക് 2020ല്‍ മികച്ച അധ്യാപികക്കുള്ള (ഡിസ്റ്റിംഗ്വിഷ്ഡ് ടീച്ചര്‍) അവാര്‍ഡ് ലഭിച്ചിരുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2026ലെ പുരസ്‌കാര വേദിയില്‍ ആദരിക്കപ്പെട്ട വിദ്യാര്‍ഥികളുടെ നിരയില്‍ അവരുടെ മകന്‍ അഹമ്മദുമുണ്ടായിരുന്നു. മകന്റെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനുമായി വര്‍ഷങ്ങളോളമായി നല്‍കിയ പ്രോത്സാഹനത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന്, ഈ വര്‍ഷം അല്‍ ഖറാനിലെ സായിദ് എജ്യുക്കേഷണല്‍ കോംപ്ലക്‌സില്‍ അക്കാദമിക് അഫയേഴ്‌സ് മേധാവിയായി സ്ഥാനക്കയറ്റം ലഭിച്ച അല്‍ മഖ്ദാഹി പറഞ്ഞു.

Content Highlights:
A total of 68 winners, including a resilient Malayali student who overcame severe challenges, were honored at the RAK Educational Excellence Award in Ras Al Khaimah. The prestigious event celebrated outstanding academic talent and determination across various educational institutions in the emirate.