Home rss national malayalam പുതിയ വാർത്ത കൂറുമാറ്റത്തില്‍ വേണം സ്വതന്ത്ര ട്രൈബ്യൂണല്‍

കൂറുമാറ്റത്തില്‍ വേണം സ്വതന്ത്ര ട്രൈബ്യൂണല്‍

3
0

Source :- SIRAJLIVE NEWS

ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ആന്തരികമായ വെല്ലുവിളിയാണ് ജനപ്രതിനിധികളുടെ കൂറുമാറ്റം. ജനവിധിയെ സാമ്പത്തിക- അധികാര മോഹങ്ങള്‍ക്ക് പണയംവെക്കുന്ന പ്രവണത ഇന്ന് പതിവുസംഭവമായി മാറിയിരിക്കുന്നു. അസ്സോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍) അടുത്ത ദിവസം പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 111 ജനപ്രതിനിധികളാണ് (33 എം പിമാരും 78 എം എല്‍ എമാരും) പാര്‍ട്ടി വിട്ട് എതിര്‍ചേരിയിലേക്ക് കൂറുമാറിയത്. ഇതുവഴി ജനങ്ങള്‍ രേഖപ്പെടുത്തുന്ന വോട്ടിന്റെ അര്‍ഥവും ലക്ഷ്യവും അതിലൂടെ രൂപപ്പെടുന്ന ഭരണസംവിധാനത്തിന്റെ വിശ്വാസ്യതയും ഇല്ലാതാകുകയാണ്. ഒരു വ്യക്തി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സ്വന്തം വ്യക്തിത്വം മാത്രം മുന്നില്‍ വെച്ചല്ല. രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധിയായും പാര്‍ട്ടി ചിഹ്നം ഉപയോഗിച്ചുമാണ്. താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി മുന്നോട്ടുവെക്കുന്ന ആശയങ്ങളുടെയും രാഷ്ട്രീയനിലപാടുകളുടെയും പ്രകടനപത്രികയുടെയും പ്രതീകമാണ് ഓരോ സ്ഥാനാര്‍ഥിയും. വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത് ഒരു വ്യക്തിക്കല്ല, അയാള്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്കും അതിന്റെ നയനിലപാടുകള്‍ക്കുമാണ്. തിരഞ്ഞെടുപ്പിനു ശേഷം വ്യക്തിപരമായ ലാഭങ്ങള്‍ക്കോ അധികാരലബ്ധിക്കോ വേണ്ടി പാര്‍ട്ടിവിട്ടു എതിര്‍ചേരിയിലേക്ക് കൂറുമാറുന്നത് ജനപ്രതിനിധിയുടെ വ്യക്തിപരമായ സ്വാതന്ത്ര്യമായി അവകാശപ്പെടാനാകില്ല. തന്നെ വിജയിപ്പിച്ച വോട്ടര്‍മാരോട് കാണിക്കുന്ന വഞ്ചനയും ജനാധിപത്യത്തോടുള്ള അവഹേളനവുമാണത്.

ജനപ്രതിനിധികളുടെ കൂറുമാറ്റങ്ങള്‍ തടയുന്നതിനാണ് 1985ല്‍ 85ാം ഭേദഗതിയിലൂടെ ഭരണഘടനയില്‍ പത്താം ഷെഡ്യൂള്‍ ഉള്‍പ്പെടുത്തിയത്. പാര്‍ട്ടി അംഗത്വം സ്വയം ഉപേക്ഷിക്കുകയോ, സഭയില്‍ പാര്‍ട്ടി നിര്‍ദേശത്തിനു വിരുദ്ധമായി വോട്ട് രേഖപ്പെടുത്തുകയോ, വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്താല്‍ അംഗത്തെ അയോഗ്യനാക്കാന്‍ വ്യവസ്ഥചെയ്യുന്നതാണ് ഈ ഭേദഗതി. എന്നാല്‍ ഒരു പാര്‍ട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ മൂന്നില്‍ രണ്ട് പേര്‍ ഒന്നിച്ചു കൂറുമാറിയാല്‍ അത് ലയനമായി കണക്കാക്കുകയും അയോഗ്യതയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുമെന്ന വ്യവസ്ഥ ഈ ഭേദഗതി നിയമത്തെ നിഷ്ഫലമാക്കി. ഈ പഴുത് ഉപയോഗിച്ചാണ് ഇപ്പോള്‍ നിരന്തരം കൂറുമാറ്റം നടന്നുവരുന്നത്. ‘ഓപറേഷന്‍ താമര’കള്‍ക്ക് അവസരം നല്‍കുന്നത് ഈ വ്യവസ്ഥയാണ്.

ഈ സാഹചര്യത്തില്‍ ജനപ്രതിനിധികളുടെ കൂറുമാറ്റം തടയുന്നതിനു എ ഡി ആര്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നു. അയോഗ്യത സംബന്ധിച്ച അന്തിമതീരുമാനത്തിനുള്ള അധികാരം സ്പീക്കറില്‍ നിന്നു മാറ്റി രാഷ്ട്രപതിക്കോ, ഗവര്‍ണര്‍ക്കോ നല്‍കുക, രാഷ്ട്രീയപാര്‍ട്ടികളെ പബ്ലിക് അതോറിറ്റികളായി പ്രഖ്യാപിച്ച് വിവരാവകാശ നിയമത്തിനു കീഴില്‍ കൊണ്ടുവരിക, പാര്‍ട്ടികളുടെ ആഭ്യന്തര ജനാധിപത്യവും സാമ്പത്തിക സുതാര്യവും ഉറപ്പ് വരുത്താന്‍ നിയമനിര്‍മാണം നടത്തുക, സ്ഥാനാര്‍ഥികളുടെ സ്വത്തുവിവരവും പാര്‍ട്ടിമാറ്റത്തിനു ശേഷം ആസ്തി കൂടിയിട്ടുണ്ടോ എന്നും കൃത്യമായി പരിശോധിക്കുക, കൂറുമാറി വോട്ടുചെയ്യുന്ന അംഗങ്ങളുടെ വോട്ട് അസാധുവായി കണക്കാക്കുകയും അവര്‍ക്ക് സഭയുടെ കാലാവധി കഴിയുന്നതു വരെ വീണ്ടും മത്സരിക്കുന്നതിനു വിലേക്കര്‍പ്പെടുത്തുകയും ചെയ്യുക, ഒരു സ്ഥാനാര്‍ഥി ഒന്നിലധികം മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് വിലക്കുന്ന നിയമം കൊണ്ടുവരിക, ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്നവരെ വിജയിയായി പ്രഖ്യാപിക്കുന്ന രീതി മാറ്റി ജയിക്കാന്‍ രേഖപ്പെടുത്തിയ വോട്ടിന്റെ പകുതിയില്‍ അധികം ലഭിക്കണമെന്ന വ്യവസ്ഥ തുടങ്ങിയവയാണ് എ ഡി ആറിന്റെ നിര്‍ദേശങ്ങള്‍.

എന്നാല്‍ ഇതില്‍, അന്തിമതീരുമാനം സ്പീക്കറില്‍ നിന്നു രാഷ്ട്രപതിയിലേക്കോ ഗവര്‍ണറിലേക്കോ മാറ്റുകയെന്ന ഒന്നാം നിര്‍ദേശം, രാഷ്ട്രപതിയും ഗവര്‍ണര്‍മാരും കേന്ദ്രത്തിന്റെ ചട്ടുകമായി മാറിക്കഴിഞ്ഞ നിലവിലെ സാഹചര്യത്തില്‍ എത്രത്തോളം ഫലപ്രദമാകും? രാഷ്ട്രപതി- ഗവര്‍ണര്‍ പദവികള്‍ ഭരണഘടനാപരമായി നിഷ്പക്ഷ പദവികളാണെങ്കിലും പ്രായോഗിക രാഷ്ട്രീയത്തില്‍ അവരുടെ നിയമനവും കേന്ദ്രഭരണകൂടത്തോടുള്ള വിധേയത്വവും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വിധേയമായതാണ്. പ്രത്യേകിച്ചു പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുടെ പക്ഷപാത ഇടപെടലുകളുടെ സാഹചര്യത്തില്‍, കൂറുമാറ്റ ഹരജിയില്‍ ഗവര്‍ണര്‍ തീരുമാനമെടുത്താലും അത് നിഷ്പക്ഷമായിരിക്കാന്‍ സാധ്യത അപൂര്‍വം. കൂറുമാറ്റ പ്രശ്നത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് സ്പീക്കര്‍ക്ക് പകരം ഭരണഘടനാപരവും നിഷ്പക്ഷവുമായ ഒരു സമിതി രൂപവത്കരിക്കുകയായിരിക്കും പ്രായോഗികം. വിരമിച്ച സുപ്രീം കോടതി ജഡ്ജിമാരോ ഹൈക്കോടതി ജഡ്ജിമാരോ അടങ്ങുന്ന ഒരു സ്വതന്ത്ര ട്രൈബ്യൂണലാകും കരണീയം. 2020ലെ കീഷാം മേഘചന്ദ്ര സിംഗ്/ മണിപ്പൂര്‍ സര്‍ക്കാര്‍ കേസില്‍ ഇത്തരമൊരു ട്രൈബ്യൂണല്‍ രൂപവത്കരിക്കുന്നതനെക്കുറിച്ച് പാര്‍ലിമെന്റ് ഗൗരവമായി ആലോചിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചതുമാണ്. ഇതോടൊപ്പം ഒരു പാര്‍ട്ടിയിലെ മൂന്നില്‍ രണ്ട് ഭാഗം കൂറുമാറിയാല്‍, അതിനു ലയനമെന്ന പേര് നല്‍കി നിയമവിധേയത്വം നല്‍കുന്ന പത്താം ഷെഡ്യൂളിലെ ആനുകൂല്യം എടുത്തുകളയുകയും വേണം. ഒറ്റക്കു പാര്‍ട്ടി മാറിയാലും കൂട്ടമായി മാറിയാലും അത് ജനാധിപത്യവിരുദ്ധമായ കൂറുമാറ്റം തന്നെയാണ്.

കേവലം തിരഞ്ഞെടുപ്പോ, സഭയില്‍ ഭൂരിപക്ഷം തെളിയിക്കലോ അല്ല ജനാധിപത്യം; ജനവിശ്വാസത്തിലും ഭരണഘടനാപരമായ ധാര്‍മികതയിലും അധിഷ്ഠിതമായ ഒരു ഭരണസംവിധാനമാണ്. ജനപ്രതിനിധികളെ പണച്ചാക്കുകള്‍ നല്‍കിയോ പദവികള്‍ വെച്ചുനീട്ടിയോ വിലക്ക് വാങ്ങാന്‍ സാധിക്കുന്ന സ്ഥിതിവിശേഷം തുടരാന്‍ അനുവദിച്ചാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനവിശ്വാസം പൂര്‍ണമായി നഷ്ടപ്പെടും. അഞ്ച് വര്‍ഷക്കാലം ജനവിധിയെ സംരക്ഷിക്കുന്ന ഒരു നിയമനിര്‍മാണമാണ് രാജ്യത്തിനും ജനാധിപത്യത്തിനും വേണ്ടത്. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ഇത്തരമൊരു നിയമനിര്‍മാണം പ്രതീക്ഷിക്കാവതല്ല. പരമോന്നത നീതിപീഠത്തില്‍ മാത്രമാണ് പ്രതീക്ഷ. കീഷാം മേഘചന്ദ്ര സിംഗ് കേസിലെ ഉത്തരവ് നടപ്പാക്കാന്‍ സുപ്രീം കോടതി മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.