Home rss national malayalam പുതിയ വാർത്ത ബാരിക്കേഡുകൾ തകർക്കരുത്, അക്രമം പാടില്ല; ജന്തർ മന്ദർ പ്രതിഷേധക്കാർക്ക് നിർദേശങ്ങളുമായി സി ജെ പി

ബാരിക്കേഡുകൾ തകർക്കരുത്, അക്രമം പാടില്ല; ജന്തർ മന്ദർ പ്രതിഷേധക്കാർക്ക് നിർദേശങ്ങളുമായി സി ജെ പി

3
0

Source :- SIRAJLIVE NEWS

ന്യൂഡൽഹി | ജന്ദർ മന്ദറിൽ നടക്കാനിരിക്കുന്ന ആന്റി സി ഇ സി പ്രതിഷേധവുമായി ബന്ധപ്പെട്ട് സി ജെ പി (CJP) പ്രവർത്തകർക്കും പ്രതിഷേധക്കാർക്കുമായി 12 ഇന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പ്രതിഷേധം തികച്ചും സമാധാനപരവും നിയമവിധേയവുമാണെന്ന് ഉറപ്പുവരുത്തുകയാണ് ഈ മാർഗനിർദേശങ്ങളുടെ ലക്ഷ്യം.

സമരത്തിലുടനീളം സമാധാനം പാലിക്കണമെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു. ഏതൊരു പ്രകോപനമുണ്ടായാലും അക്രമം, കായികമായ ഏറ്റുമുട്ടലുകൾ, ഭീഷണിപ്പെടുത്തൽ, ഭയപ്പെടുത്തൽ എന്നിവയിൽ ഏർപ്പെടരുത്. പൊതു-സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്ടമുണ്ടാക്കരുത്. കല്ലേറ്, തീവെപ്പ്, ബാരിക്കേഡുകൾ തകർക്കൽ, വാൻഡലിസം എന്നിവ ജീവന് ഭീഷണിയാകുമെന്നും സമരത്തിന്റെ ലക്ഷ്യത്തെത്തന്നെ തകരാറിലാക്കുമെന്നും ഓർമിപ്പിക്കുന്നു.

ആംബുലൻസ്, ഫയർ എഞ്ചിൻ തുടങ്ങിയ അടിയന്തര സേവനങ്ങൾക്ക് തടസ്സം സൃഷ്ടിക്കരുത്. ആശുപത്രി പ്രവേശന കവാടങ്ങളും എമർജൻസി റൂട്ടുകളും എപ്പോഴും തുറന്നുവെക്കണം. വടികൾ, കല്ലുകൾ, എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ അല്ലെങ്കിൽ മറ്റുള്ളവരെ പരിക്കേൽപ്പിക്കാൻ സാധ്യതയുള്ള ഒരു വസ്തുക്കളും കൈയിൽ കരുതരുത്. ഉദ്യോഗസ്ഥർ, പോലീസ്, മാധ്യമപ്രവർത്തകർ, മറ്റ് പൊതുജനങ്ങൾ എന്നിവർക്കെതിരെ വർഗീയ പരാമർശങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, ഭീഷണികൾ, വ്യക്തിപരമായ അധിക്ഷേപങ്ങൾ എന്നിവ നടത്തുന്നതും കർശനമായി വിലക്കിയിട്ടുണ്ട്.

പോലീസ് ഏർപ്പെടുത്തിയ ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ ശ്രമിക്കരുത്. നിയമപരമായ നിർദേശങ്ങൾ പാലിക്കുകയും നിയന്ത്രിത മേഖലകളിൽ പ്രവേശിക്കാതിരിക്കുകയും വേണം. പ്രകോപനങ്ങൾക്കും നുഴഞ്ഞുകയറ്റക്കാർക്കുമെതിരെ ജാഗ്രത പുലർത്തണം. രാഷ്ട്രീയ ബന്ധമോ ബാഹ്യരൂപമോ നോക്കി ആളുകളെ വിലയിരുത്തരുത്. ആരെങ്കിലും അക്രമത്തിനോ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കോ പ്രേരിപ്പിച്ചാൽ അതിൽ പങ്കാളികളാകരുത്. ഈ വിവരങ്ങൾ സി ജെ പി കോർഡിനേറ്ററെയോ സുരക്ഷിതമാണെങ്കിൽ പോലീസിനെയോ അറിയിക്കണം.

സ്ഥിരീകരിക്കാത്ത വിവരങ്ങളും വിഡിയോകളും വ്യാജവാർത്തകളും ഭീതി പരത്തുന്ന സന്ദേശങ്ങളും പ്രചരിപ്പിക്കരുതെന്നും നിർദേശത്തിൽ പറയുന്നു. സംഭവങ്ങൾ ഉത്തരവാദിത്തത്തോടെ റെക്കോർഡ് ചെയ്യാം; എന്നാൽ അത് പോലീസ് ഡ്യൂട്ടി തടസ്സപ്പെടുത്തുന്നതോ മറ്റുള്ളവരെ അപകടത്തിലാക്കുന്നതോ ആകരുത്. സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ വ്യക്തികൾക്കെതിരെ പ്രസിദ്ധീകരിക്കരുത്. പ്രകോപനമുണ്ടായാൽ സംഘർഷാവസ്ഥയിൽ നിന്ന് മാറിനിൽക്കുകയും സഹപ്രവർത്തകരായ പ്രതിഷേധക്കാരെയും ദുർബലരായ ആളുകളെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ സഹായിക്കുകയും വേണം.

അടിയന്തര ഫോൺ നമ്പറുകൾ കൈയിൽ കരുതണം. ഗ്രൂപ്പായി നിൽക്കുകയും കണ്ടുമുട്ടേണ്ട സ്ഥലം മുൻകൂട്ടി തീരുമാനിക്കുകയും വേണം. തിരിച്ചറിയൽ രേഖകൾ, അവശ്യ മരുന്നുകൾ, ചാർജ് ചെയ്ത ഫോൺ എന്നിവ നിർബന്ധമായും കരുതണം. പോലീസുമായുള്ള ആശയവിനിമയങ്ങളിൽ ശാന്തത പാലിക്കണം. കായികമായി എതിർക്കരുത്. കസ്റ്റഡിയിലെടുത്താൽ അതിനുള്ള കാരണം ചോദിച്ചറിയുകയും നിയമസഹായം തേടുകയും വേണം.

Content Highlights

CJP has issued a 12-point guideline for the anti-CEC protest at Jantar Mantar to ensure safety and lawfulness. Protesters are advised to maintain peace, avoid vandalism, clear emergency routes, refuse violence, verify shared news, and follow police instructions.