Source :- SIRAJLIVE NEWS
മഞ്ചേരി | ബേങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ വേങ്ങൂരിലെ വീട് ജപ്തി ചെയ്യാനെത്തിയ അഭിഭാഷക കമ്മീഷന്‍ അംഗങ്ങളെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ നജീബ് കാന്തപുരം എം എല്‍ എക്കെതിരെ അന്വേഷണം നടത്താന്‍ മഞ്ചേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മേലാറ്റൂര്‍ പോലീസിന് നിര്‍ദേശം നല്‍കി. കോടതി ഉത്തരവ് പ്രകാരം അഡ്വ. കെ പി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലെത്തിയ അഭിഭാഷക കമ്മീഷനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
സംഘത്തിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ള അംഗങ്ങളെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് കോടതി ഉത്തരവ് നടപ്പാക്കാനാകാതെ ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. ഇതുസംബന്ധിച്ച് മേലാറ്റൂര്‍ പോലീസിനും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സരിത രവീന്ദ്രന്‍ മേലാറ്റൂര്‍ എസ് എച്ച് ഒക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപോര്‍ട്ട് പരിഗണിച്ച കോടതി ഇരുഭാഗങ്ങളുടെയും വാദം കേട്ടശേഷമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. അതേസമയം നജീബ് കാന്തപുരം എം എല്‍ എ കോടതി മുമ്പാകെ സമര്‍പ്പിച്ച മാപ്പപേക്ഷയില്‍ വാദംകേട്ട കോടതി ഹരജിയില്‍ വിധി പറയാനായി ഈ മാസം 16ലേക്ക് മാറ്റി.
അര്‍ബന്‍ സഹകരണ ബേങ്കില്‍നിന്ന് കുടുംബനാഥന്റെ ചികിത്സാവശ്യത്തിനായി 2022ലാണ് വേങ്ങൂര്‍ സ്വദേശികള്‍ വീടും സ്ഥലവും ഈടുവെച്ച് അഞ്ച് ലക്ഷം രൂപ വായ്പയെടുത്തത്. ഇതില്‍ ഒരു ലക്ഷത്തോളം രൂപ തിരിച്ചടച്ചിരുന്നു. എന്നാല്‍, തുടര്‍ന്ന് കുടുംബനാഥന്‍ മരണപ്പെട്ടതോടെയാണ് വായ്പാ തിരിച്ചടവ് മുടങ്ങിയത്. 2026 സെപ്തംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം. സ്ത്രീകള്‍ മാത്രമുള്ള വീട്ടിലെത്തി ജപ്തി നടപടികള്‍ സ്വീകരിച്ചപ്പോള്‍ കുടുംബം ആവശ്യപ്പെട്ടതനുസരിച്ച് ജനപ്രതിനിധിയെന്ന നിലയില്‍ സ്ഥലത്തെത്തുകയും ജപ്തി നടന്നാല്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് കുടുംബം വേവലാതിപ്പെട്ടപ്പോഴുണ്ടായ വൈകാരികപ്രകടനം മാത്രമാണ് തന്നില്‍ നിന്നുണ്ടായതെന്നുമാണ് എം എല്‍ എ മാപ്പപേക്ഷയില്‍ പറയുന്നത്.
Content Highlights:
A court has ordered an investigation against MLA Najeeb Kanthapuram for allegedly threatening officials during a property attachment procedure. The controversy has sparked significant political discussions across Kerala. Legal proceedings regarding the incident are currently underway.




